വിദേശ പണമൊഴുക്കില്‍ ഇന്ത്യ ലോകത്ത് നമ്പര്‍ വണ്‍; ഈ വര്‍ഷം എത്തിയത് 11 ലക്ഷം കോടി രൂപ
മെക്‌സിക്കോ, ചൈന, ഫിലിപ്പീൻസ്, പാകിസ്ഥാൻ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍
ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2024 ൽ 129 ബില്യൺ ഡോളറാണ് (ഏകദേശം 10,96,500 കോടി രൂപ) ഇന്ത്യയിലേക്ക് വന്നത്. മെക്‌സിക്കോ, ചൈന, ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുളളത്. വികസിത രാജ്യങ്ങളിലെ തൊഴിൽ വിപണി സജീവമായതാണ് ഇന്ത്യക്ക് നേട്ടമായത്.
2023 ലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ പണമയക്കലിൻ്റെ വളർച്ചാ നിരക്ക് 5.8 ശതമാനമാണ്. കോവിഡ് മഹാമാരിക്ക് ശേഷം വികസിത രാജ്യങ്ങളിലെ തൊഴില്‍ വിപണി ഊര്‍ജം വീണ്ടെടുത്തത് ഗുണമായി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുളള പണമയയ്ക്കൽ 2024 ൽ 685 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.
എഫ്.ഡി.ഐ യുമായുളള അന്തരം വര്‍ധിക്കും
വര്‍ധിച്ച ജനസംഖ്യ, വരുമാന വിടവ്, കാലാവസ്ഥാ വ്യതിയാനം മൂലമുളള കൃഷിനാശം തുടങ്ങിയ കാരണങ്ങളാല്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ വലിയ തോതില്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായും ലോകബാങ്ക് സാമ്പത്തിക വിദഗ്ധരുടെ ഒരു ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധരായ ദിലീപ് റാത്ത, സോണിയ പ്ലാസ്യൂങ്, ജു കിം എന്നിവര്‍ ചേര്‍ന്നാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയക്കലും നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ്.ഡി.ഐ) തമ്മിലുള്ള അന്തരം 2024 ൽ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയയ്ക്കൽ 57 ശതമാനം വർധിച്ചപ്പോൾ എഫ്.ഡി.ഐ യില്‍ 41 ശതമാനം കുറവുണ്ടായതാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.
തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് കൂടും
ദാരിദ്ര്യനിർമാർജനം, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ധനസഹായം നൽകൽ, കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്തുക, സംസ്ഥാന, സംസ്ഥാനേതര സംരംഭങ്ങൾക്ക് മൂലധന വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ ഈ പണമൊഴുക്ക് പ്രയോജനപ്പെടുത്തണമെന്നും ബ്ലോഗ് നിര്‍ദേശിക്കുന്നു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്ക് ശക്തമായ പണമൊഴുക്കാണ് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. നിലവിലെ പ്രവണതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 11.8 ശതമാനത്തിലെത്തും. തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് 2024 ൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുമെന്നാണ് കരുതുന്നത്.