സാമ്പത്തികമാന്ദ്യത്തിൽ ജർമ്മനി; മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയോ?​

പാർട്ട്-ടൈം ജോലികളെ ബാധിച്ചേക്കും; 5 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് വിലക്കുമായി ഓസ്‌ട്രേലിയയും

Update:2023-05-27 21:00 IST

Image : Canva

യൂറോപ്പിലെ ഒന്നാമത്തെയും ലോകത്തെ നാലാമത്തെയും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനി സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തിലേക്ക് വീണിരിക്കുന്നു. 2022 കലണ്ടര്‍ വര്‍ഷത്തെ അവസാനപാദമായ ഒക്ടോബര്‍-ഡിസംബറില്‍ നെഗറ്റീവ് 0.5 ശതമാനമായിരുന്നു ജര്‍മ്മനിയുടെ ജി.ഡി.പി വളര്‍ച്ച. 2023ലെ ആദ്യപാദമായ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 0.3 ശതമാനം. തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് ആകുമ്പോഴാണ് ഒരു രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് (Technical Recession) വീണുവെന്ന് പറയുക.

ജര്‍മ്മനിയിലെ കുടുംബങ്ങളുടെ ചെലവില്‍ (Household spending) പാദാടിസ്ഥാനത്തില്‍ 1.2 ശതമാനത്തിന്റെയും ഇടിവുണ്ട്. ഇറക്കുമതി കഴിഞ്ഞപാദത്തില്‍ 0.9 ശതമാനവും ഇടിഞ്ഞു. ഏഴ് ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. ജര്‍മ്മന്‍ സമ്പദ്‌വ്യവസ്ഥ കടുത്തമാന്ദ്യത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ ബാധിക്കുമോ?

യു.കെ., ഓസ്‌ട്രേലിയ, കാനഡ എന്നിവ കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന രാജ്യമാണ് ജര്‍മ്മനി. അതിന് ചില കാരണങ്ങളുണ്ട്. ഒന്ന്, ജര്‍മ്മനിയിലെ പബ്ലിക് യൂണിവേഴ്‌സിറ്റികളില്‍ (സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്നത്) വിദ്യാഭ്യാസം സൗജന്യമാണ്. രണ്ട്, ജര്‍മ്മനിയിലേക്കുള്ള വീസ നടപടികള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതവുമാണ്.

ട്യൂഷന്‍ ഫീസ് സൗജന്യമായതിനാല്‍ പാര്‍ട്ട്-ടൈം ജോലി വഴിയുള്ള വേതനം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് തന്നെ പ്രയോജനപ്പെടുത്താം. ബ്രിട്ടനിലും മറ്റും പാര്‍ട്ട്-ടൈം ജോലി ചെയ്യേണ്ടി വരുന്നത് പ്രധാനമായും ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ അടയ്ക്കാനാണ്. ജര്‍മ്മനിയില്‍ ഈ പ്രശ്‌നമില്ല.

ജര്‍മ്മനിയുടെ നിലവിലെ സാമ്പത്തികമാന്ദ്യം വിദ്യാഭ്യാസ മേഖലയെ ബാധിക്കാന്‍ സാദ്ധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ രംഗത്തുള്ളവര്‍. ഇപ്പോഴും യൂറോപ്യന്‍ അല്ലെങ്കില്‍ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ജര്‍മ്മനിയേക്കാള്‍ മികച്ച മറ്റൊരു ചോയ്‌സില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ സോണി പറയുന്നു. ഓരോ വര്‍ഷവും 2,000-2,500 വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ജര്‍മ്മനിയിലേക്ക് വിദ്യാഭ്യാസത്തിനായി പറക്കുന്നത്.

സാങ്കേതികമായാണ് ജര്‍മ്മനി മാന്ദ്യത്തിലേക്ക് വീണിട്ടുള്ളത്. ഇത് വിദ്യാഭ്യാസ മേഖലയെ ബാധിക്കാന്‍ സാദ്ധ്യത വിദൂരമാണെന്ന് മൂവ്‌മെന്റര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്റ്റെന്‍സന്‍ പറയുന്നു. പാര്‍ട്ട്-ടൈം ജോലിയെ മാന്ദ്യം നേരിയതോതില്‍ ബാധിച്ചേക്കാം. പക്ഷേ, ദീര്‍ഘകാലത്തില്‍ ഈ പ്രശ്‌നം നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താത്കാലികമായി ജോലി സാദ്ധ്യതകളെ ബാധിച്ചേക്കാമെങ്കിലും ദീര്‍ഘകാലത്തില്‍ ജര്‍മ്മനിയിലെ പ്രതിസന്ധി നീളില്ലെന്നാണ് കരുതുന്നതെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടര്‍ ഡെന്നിയും അഭിപ്രായപ്പെടുന്നു. ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി, എന്‍ജിനിയറിംഗ്, ഐ.ടി മേഖലകളിലേക്കാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ ജോലി തേടി ജര്‍മ്മനിയിലെത്തുന്നത്. ഐ.ടിയൊഴികെ ഈ മേഖലകളിലെല്ലാം ജര്‍മ്മനിയില്‍ ഇപ്പോഴും വലിയ സാദ്ധ്യതകളുണ്ട്. വീസ അപേക്ഷകളില്‍ അനുമതി നല്‍കുന്നത് കുറയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടാക്കാട്ടുകയാണ് ആനിക്‌സ് എഡ്യുക്കേഷന്‍ എം.ഡി അലെക്‌സ് തോമസ്. ഇതും താത്കാലികമായിരിക്കാമെന്ന് അദ്ദേഹവും പറയുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ജര്‍മ്മനി. 2022-23ല്‍ 1,020 കോടി ഡോളറിന്റെ (83,000 കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ ജര്‍മ്മനിയിലേക്ക് നടത്തിയത്. മെഷീനറികള്‍, ഇലക്ട്രോണിക്‌സ്, വാഹനഘടകങ്ങള്‍, പാദരക്ഷകള്‍, കെമിക്കലുകള്‍, സ്റ്റീല്‍, സിമന്റ്, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് ജര്‍മ്മനി കരകയറാന്‍ വൈകിയാല്‍ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് അത് തിരിച്ചടിയാകും.
നിയന്ത്രണവുമായി ഓസ്‌ട്രേലിയയും
ഓസ്‌ട്രേലിയയിലെ രണ്ട് പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി ഇന്‍ വിക്ടോറിയ, വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി എന്നിവ വിലക്കേര്‍പ്പെടുത്തിയത്. വീസ അപേക്ഷകളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാലിലൊന്ന് വീസാ അപേക്ഷകളും വ്യാജമാണെന്ന് ഈ സര്‍വകലാശാലകള്‍ പറയുന്നു.
Tags:    

Similar News