എന്തു വീഴ്ചയാണ് ഇഷ്ടാ! തലകുത്തി വീണ് സ്വര്‍ണം; ജുവലറികളില്‍ കച്ചവടം തകൃതി

നവംബറില്‍ ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. ഇനിയും കുറയാന്‍ സാധ്യത നിലനില്‍ക്കുന്നു

Update:2024-11-14 10:06 IST

Image: Canva

സ്വര്‍ണവിലയിലെ വന്‍ വീഴ്ച തുടരുന്നു. ഒക്‌ടോബറില്‍ കത്തിക്കയറിയ സ്വര്‍ണം അതുപോലെ തന്നെ താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ഇപ്പോഴത്തെ വിലക്കുറവ് കുടുംബങ്ങളില്‍ വലിയ ആശ്വാസമാണ്. ഇന്നലത്തെ വിലയില്‍ നിന്ന് സ്വര്‍ണം ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പവന്‍ വില, 55,480 രൂപ. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 6,935 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97ല്‍ എത്തി.

എന്താണ് കാരണം?

സ്വര്‍ണവില കുറയുന്നത് കേരളത്തില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ല. ആഗോള വിലയ്ക്ക് അനുസരിച്ചാണ് ഇന്ത്യയിലും വില താഴുന്നത്. യു.എസ് തിരഞ്ഞെടുപ്പ് മുതല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം വരെ സ്വര്‍ണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി വരുന്നതോടെ വിവിധ മേഖലകളിലെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു.
പശ്ചിമേഷ്യന്‍, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ ഇടപെടല്‍ വിപണിക്കു കൂടുതല്‍ കരുത്താകും. സംഘര്‍ഷ സമയങ്ങളില്‍ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ പലരും സ്വര്‍ണത്തിലേക്കാണ് ആദ്യം കണ്ണെറിയുക. എന്നാല്‍ സ്ഥിതി മാറിയതോടെ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ ആകര്‍ഷകമായ മറ്റു മേഖലകളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞിട്ടുണ്ട്. യു.എസ് ട്രഷറി നിക്ഷേപങ്ങള്‍ കൂടുതല്‍ ആദായകരമായി മാറുന്നതും സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നു.

നവംബറിന്റെ ലാഭം

ഈ മാസം ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. വാങ്ങലുകാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമാണ് ഈ കുറവ്. നവംബര്‍ ഒന്നിന് പവന് 59,080 രൂപയായിരുന്നു. ഇത് പടിപടിയായിട്ടാണ് താഴേക്ക് വന്നത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന നവംബര്‍ അഞ്ചുമുതല്‍ വീഴ്ചയ്ക്ക് വേഗം കൂടിയെന്ന് മാത്രം. ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും അടക്കം 60,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. പണിക്കൂലി ജുവലറികളില്‍ വ്യത്യസ്തമായതിനാല്‍ ഈ നിരക്ക് കൂടിയും കുറഞ്ഞും ആയിരിക്കും.
Tags:    

Similar News