വിദേശ സൂചനകൾ പോസിറ്റീവ്; വ്യവസായ ഉൽപാദന പിഎംഐ കുറഞ്ഞു; രൂപ ഇടിവിൽ; സ്വർണം ചാഞ്ചാടുന്നു

റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി യോഗം നാളെ തുടങ്ങും; റീപോ നിരക്ക് കുറക്കില്ലെന്ന് സൂചന

Update:2024-12-03 07:27 IST

ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടു ദിവസം നല്ല നേട്ടം കൈവരിച്ചു. എങ്കിലും വിപണി മുന്നേറ്റ പാതയിലാണെന്ന് ഉറപ്പിക്കാറായിട്ടില്ല. പോസിറ്റീവായ വിദേശ സൂചനകളും ഏഷ്യൻ വിപണികളിലെ കയറ്റവും വിപണിക്കു കയറ്റത്തിനു പ്രേരണ നൽകുന്നതാണ്.

നവംബറിലെ വ്യവസായ ഉൽപാദനം സംബന്ധിച്ച പിഎംഐ സൂചിക തലേ മാസത്തെ 57.5 ൽ നിന്ന് 56.5 ലേക്കു താഴ്ന്നു. രണ്ടാം പാദ ജിഡിപി വളർച്ച ഏഴു പാദങ്ങളിലെ ഏറ്റവും താണ നിലയിൽ ആയതിനു പിന്നാലെ വന്ന പിഎംഐ 11 മാസത്തെ ഏറ്റവും താണ നിലയിലാണ്. സാമ്പത്തിക വളർച്ച സംബന്ധിച്ച് ഒട്ടും ശുഭാപ്തിവിശ്വാസം പകരുന്നതല്ല ഈ കണക്ക്.

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി നാളെ ത്രിദിനയോഗം തുടങ്ങും. തീരുമാനം വെള്ളി രാവിലെ പ്രഖ്യാപിക്കും. റീപോ നിരക്ക് കുറയ്ക്കില്ല എന്നാണു നിരീക്ഷകർ കരുതുന്നത്. ചില്ലറവിലക്കയറ്റം 6.2 ശതമാനമായി ഉയർന്നു നിൽക്കുന്നതാണു കാരണം. കരുതൽ പണ അനുപാതം (സിആർആർ) കുറച്ചോ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് വർധിപ്പിച്ചോ ബാങ്കുകളിൽ വായ്പാലഭ്യത കൂട്ടാൻ നടപടി ഉണ്ടായേക്കാം.

ഈ മാസം 21 നു ചേരുന്ന ജിഎസ്ടി കൗൺസിൽ 150 ലേറെ ഇനങ്ങളുടെ നിരക്ക് പരിഷ്കരിക്കും എന്നാണു റിപ്പോർട്ട്. പുകയില ഉൽപന്നങ്ങൾക്കും കോളകൾക്കും 28 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്കു നികുതി കൂട്ടും എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1500 രൂപയിൽ താഴെയുള്ള തുണിത്തരങ്ങൾക്ക് അഞ്ചു ശതമാനം എന്ന കുറഞ്ഞ നിരക്ക് ചുമത്താൻ ശിപാർശയുണ്ട്. 10,000 രൂപ വരെ ഉള്ളതിന് 18 ശതമാനമാകും. അതിനു മുകളിൽ 28 ശതമാനം എന്ന പുതിയ നിരക്കും ശിപാർശയിൽ ഉണ്ട്. നോട്ട് ബുക്കുകളുടെ നിരക്ക് 12 ൽ നിന്ന് അഞ്ചു ശതമാനം ആയേക്കും. കുടി വെള്ളം 20 ലിറ്റർ ജാറിനു 18-ൽ നിന്ന് അഞ്ചു ശതമാനം ആയേക്കും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,419 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,430 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നാമമാത്ര നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി തിങ്കളാഴ്ച സമ്മിശ്രമായി അവസാനിച്ചു. ഡൗ സൂചിക 45,000 കടന്ന ശേഷം അൽപം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡുകൾ തിരുത്തി ഉയർന്നു ക്ലോസ് ചെയ്തു. ചിലർ റേറ്റിംഗ് കൂട്ടിയതിനെ തുടർന്ന് ഇലോൺ മസ്കിൻ്റെ ടെസ്‌ല 3.5 ശതമാനം ഉയർന്നു. 5600 കോടി ഡോളറിന്റെ ശമ്പളം പുന:സ്ഥാപിക്കാനുള്ള മസ്കിൻ്റെ ശ്രമം പരാജയപ്പെട്ടു. സൂപ്പർ മൈക്രോ കംപ്യൂട്ടറിൻ്റെ കണക്കുകളിൽ കുഴപ്പമില്ലെന്ന റിപ്പോർട്ട് ഓഹരിയെ 29 ശതമാനം കയറ്റി. നിർമിതബുദ്ധി സെർവറുകൾ നിർമിക്കുന്ന കമ്പനിയാണിത്. സിഇഒ പാറ്റ് ഗെൽസിംഗറെ പുറത്താക്കിയ ഇൻ്റൽ കോർപറേഷൻ്റെ ഓഹരി ആദ്യം ഉയർന്നിട്ടു പിന്നീടു താണു. ഇൻ്റൽ ഓഹരി ഇക്കൊല്ലം 54 ശതമാനം തുടിഞ്ഞിട്ടുണ്ട്.

ഡൗ ജോൺസ് സൂചിക 128.65 പോയിൻ്റ് (0.29%) താഴ്ന്ന് 44,782.00 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 14.77 പോയിൻ്റ് (0.24%) ഉയർന്ന് 6047.15 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 185.78 പോയിൻ്റ് (0.97%) നേട്ടത്തിൽ 19,403.95 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്രമായി താഴ്ന്നു. ഡൗ 0.07 ഉം എസ് ആൻഡ് പി 0.03 ഉം നാസ്ഡാക് 0.05 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.196 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. ഡിസംബറിൽ ഫെഡ് പലിശ 0.25 ശതമാനം കുറയ്ക്കാൻ 66 ശതമാനം സാധ്യതയാണു വിപണി കാണുന്നത്. വെള്ളിയാഴ്ച നവംബറിലെ തൊഴിൽ വർധനയുടെ കണക്ക് പ്രതീക്ഷ പോലെ വന്നാൽ കടപ്പത്ര വില വീണ്ടും കൂടും. നിക്ഷേപനേട്ടം വർഷിക്കും. 2.41 ലക്ഷം പുതിയ തൊഴിലും 4.2 ശതമാനം തൊഴിലില്ലായ്മയും ആണു പ്രതീക്ഷ.

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ചയും ഉയർന്നു ക്ലോസ് ചെയ്തു. ഫ്രാൻസിലെ ബജറ്റ് - രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഫ്രഞ്ച് കടപ്പത്രങ്ങളുടെ റിസ്ക് പ്രീമിയം ഗ്രീസിൻ്റെ നിലയിലേക്കു കയറി. ഫ്രഞ്ച് സൂചിക നാമമാത്രമായി കയറി. വിൽപന കുറയുന്ന ജീപ്പിൻ്റെ നിർമാതാവ് സ്റ്റെല്ലാൻ്റിസിൻ്റെ സിഇഒ രാജിവച്ചതിനെ തുടർന്ന് ഓഹരി 6.3 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 1.1 ശതമാനം കുതിച്ചു. കൊറിയൻ സൂചിക 1.2 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.70 ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി തിങ്കളാഴ്ചയും മികച്ച ആശ്വാസറാലി നടത്തി. മുഖ്യസൂചികകൾ അര ശതമാനത്തിലധികം ഉയർന്നു. രാവിലെ താഴ്ന്നു തുടങ്ങിയ ശേഷം കൂടുതൽ താഴ്ന്നിട്ടാണു തിരിച്ചു കയറിയത്. ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്നു സെൻസെക്സ് ആയിരം പോയിൻ്റ് ഉയർന്നു. ജിഡിപി തളർച്ചയും വാഹന വിൽപനയിലെ ഇടിവും കഴിഞ്ഞു പോയ കാര്യങ്ങളാണെന്നും ഇനി കയറ്റമാകും എന്നുമുള്ള മട്ടിലായിരുന്നു ധനകാര്യ സ്ഥാപനങ്ങളുടെയും ഫണ്ടുകളുടെയും വാങ്ങൽ.

വിദേശ നിക്ഷേപകർ ഇന്നലെ വലിയ വിൽപനക്കാരായിരുന്നില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ചു നാമമാത്ര അറ്റവിൽപനയേ അവർ നടത്തിയുള്ളൂ. വിദേശികൾ തിങ്കളാഴ്ച 238.28 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3588.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2467 ഓഹരികൾ ഉയർന്നപ്പോൾ 1600 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1811 എണ്ണം ഉയർന്നു, താഴ്ന്നത് 1047 എണ്ണം.

നിഫ്റ്റി 144.95 പോയിൻ്റ് (0.60%) ഉയർന്ന് 24,276.05 ൽ അവസാനിച്ചു. സെൻസെക്സ് 445.29 പോയിൻ്റ് (0.56%) നേട്ടത്തോടെ 80,248.08 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.10 ശതമാനം (53.40 പോയിൻ്റ്) ഉയർന്ന് 52,109.00 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.08 ശതമാനം കയറി 57,000.85 ലും സ്മോൾ ക്യാപ് സൂചിക 1.04 ശതമാനം ഉയർന്ന് 18,845.05 ലും ക്ലോസ് ചെയ്തു.

റിയൽറ്റി മേഖലയാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഉയർന്നത്. കൺസ്യൂമർ ഡ്യൂറബിൾസ്, ഹെൽത്ത് കെയർ, ഓട്ടോ, ഐടി, മെറ്റൽ, മീഡിയ, ഫാർമ എന്നിവയും നല്ല നേട്ടം ഉണ്ടാക്കി.

വിപണി ചാഞ്ചാട്ടം തുടരും എന്നാണു നിരീക്ഷകർ കരുതുന്നത്. നിഫ്റ്റി 24,350 മറികടന്നാൽ മാത്രമേ ബുള്ളിഷ് മുന്നേറ്റം എന്നു പറയാനാകൂ. അതു കടന്നാൽ 24,550-24,800 ലക്ഷ്യമിടാം. ഇപ്പോഴത്തെ സമാഹരണ മേഖലയിൽ നിന്ന് താഴോട്ടു നീങ്ങുന്ന പക്ഷം 24,000 - 23,900 പിന്തുണ നൽകും. നിഫ്റ്റിക്ക് ഇന്ന് 24,085 ലും 24,015 ലും പിന്തുണ കിട്ടാം. 24,305 ഉം 24,375 ഉം തടസങ്ങൾ ആകാം.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ എന്നിവയിൽ ഷോർട്ട് പൊസിഷനുകൾ വർധിച്ച സാഹചര്യത്തിൽ ഷോർട്ട് കവറിംഗ് പ്രതീക്ഷിക്കാം എന്നു പല സാങ്കേതിക അവലോകനക്കാരും ശിപാർശ ചെയ്യുന്നു.

കമ്പനികൾ, വാർത്തകൾ

നാവികസേനയുടെ വിക്രമാദിത്യ എന്നകപ്പലിൻ്റെ അറ്റകുറ്റപ്പണിയും ഡ്രൈ ഡോക്കിംഗും നടത്താനുള്ള കരാർ ലഭിച്ച കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി അഞ്ചു ശതമാനം കയറി.

സോളർ ഇൻഡസ്ട്രീസിനു 2039 കോടി രൂപയുടെ വിദേശ ഓർഡറുകൾ ലഭിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിക്കുള്ള ഈ ഓർഡർ നാലുവർഷം കൊണ്ടു പൂർത്തിയാക്കേണ്ടതാണ്.

യുകെയിൽ തങ്ങളുടെ ഇരുപതിലേറെ ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് ഇൻഡോകോ റെമഡീസ് ക്ലാരിറ്റി ഫാർമ എന്ന യുകെ കമ്പനിയുമായി കരാർ ഉണ്ടാക്കി.

സുന്ദരം ഓട്ടോ കംപോണൻ്റ്സിൻ്റെ ഇൻജെക്ഷൻ മോൾഡഡ് പ്ലാസ്റ്റിക് കംപോണൻ്റ് ഡിവിഷൻ 215.3 കോടി രൂപയ്ക്കു വാങ്ങാൻ പ്രൈകോൾ കരാർ ഉണ്ടാക്കി.

ലിസ്റ്റിംഗിനു ശേഷമുള്ള ആദ്യത്തെ റിസൽട്ട് സ്വിഗ്ഗി ഇന്നു പ്രസദ്ധീകരിക്കും.

കോൾ ഇന്ത്യയിൽ നിന്ന് 300 മെഗാവാട്ട് സോളർ പ്ലാൻ്റിനുള്ള 1311 കോടി രൂപയുടെ കരാർ കെപിഐ ഗ്രീൻ എനർജി കമ്പനി നേടി.

അദാനി ഗ്രൂപ്പ് കയറിയിറങ്ങി

അദാനി ഗ്രൂപ്പിലെ കമ്പനികൾ തിങ്കളാഴ്ച വലിയ ചാഞ്ചാട്ടം നടത്തി. രാവിലെ നല്ല നേട്ടത്തിൽ ആരംഭിച്ച കമ്പനികൾ വൈകുന്നേരം നഷ്ടത്തിലോ നാമമാത്ര നേട്ടത്തിലോ ആയിരുന്നു. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിൻ്റെ രക്ഷകരായ ജിക്യുജി പാർട്നേഴ്സ് ഓഹരി ഇന്നലെ 14 ശതമാനം ഇടിഞ്ഞതാണ് കാരണം. സ്വിസ് ബാങ്കായ യുബിഎസ്, ജിക്യുജിയുടെ റേറ്റിംഗ് താഴ്ത്തിയതാണ് ഇടിവിനു പിന്നിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇതിൻ്റെ വ്യാപാരം. ഇന്നു ജിക്യുജി രണ്ടു ശതമാനം ഉയർന്നിട്ടുണ്ട്.

സ്വർണം ചാഞ്ചാടുന്നു

സ്വർണവില തിങ്കളാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. ഔൺസിന് 11.10 ഡോളർ കുറഞ്ഞു സ്വർണം ക്ലോസ് ചെയ്തത് 2639.00 ഡോളറിൽ. ഇന്നു രാവിലെ സ്വർണം 2643 ഡോളറിലേക്കു കയറി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി.

വെള്ളിവില ഔൺസിന് 30.52 ഡോളറിലേക്ക് ഉയർന്നു.

കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറി. ഡോളർ സൂചിക ഇന്നലെ 0.71 ശതമാനം ഉയർന്ന് 106.45 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.48 ലേക്കു കയറി.

തിങ്കളാഴ്ച രൂപയ്ക്കു വലിയ ഇടിവ് നേരിട്ടു. ഡോളർ 21 പൈസ കയറി 84.70 രൂപയിൽ ക്ലോസ് ചെയ്തു. ഈ ആഴ്ചകളിൽ വിപണിയിൽ ശക്തമായി ഇടപെട്ടു പോന്ന റിസർവ് ബാങ്കിനു പരിമിതികൾ ഉണ്ടെന്ന് ഇന്നലത്തെ വ്യാപാരം കാണിച്ചു. നോൺ ഡെലിവറേബിൾ ഫോർവേഡ് വിപണിയിൽ 7000 കോടി ഡോളർ ഷോർട്ട് പൊസിഷനിലാണ് ഇന്ത്യ. രൂപ കുറച്ചു കൂടി ദുർബലമാകും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാൽ വ്യാപാരാധിഷ്ഠിത റിയൽ ഇഫക്ടീവ് എക്സ്ചേഞ്ച് പ്രകാരം ഇന്ത്യൻ രൂപ ഇപ്പോഴും ആറു ശതമാനം നേട്ടത്തിലാണു നിൽക്കുന്നത്. ഇന്ത്യയുടെ വ്യാപാര പങ്കാളികളായ 40 കറൻസികളുമായുള്ള താരതമ്യത്തിലാണിത്.

ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 71.91 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 71.83 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 68.15 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.44 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴ്ന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ തിങ്കളാഴ്ച 96,000 നു താഴെയായി. ഇന്നു രാവിലെ 95,800 ൽ എത്തി. ഈഥർ ഇന്ന് 3640 നു തൊട്ടു താഴെയാണ്.

അലൂമിനിയം ഒഴികെ വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച താഴ്ന്നു. ചെമ്പ് 0.20 ശതമാനം കുറഞ്ഞു ടണ്ണിന് 8874.13 ഡോളറിൽ എത്തി. അലൂമിനിയം 0.36 ശതമാനം ഉയർന്ന് ടണ്ണിന് 2603.25 ഡോളർ ആയി. സിങ്ക് 0.18 ഉം ലെഡ് 0.12 ഉം നിക്കൽ 1.26 ഉം ശതമാനം താഴ്ന്നു. ടിൻ മാറ്റമില്ലാതെ തുടർന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 02, തിങ്കൾ)

സെൻസെക്സ് 30 80,248.08 +0.56%

നിഫ്റ്റി50 24,276.05 +0.60%

ബാങ്ക് നിഫ്റ്റി 52,109.00 +0.10%

മിഡ് ക്യാപ് 100 57,000.85 +1.08%

സ്മോൾ ക്യാപ് 100 18,845.05 +1.04%

ഡൗ ജോൺസ് 44,782.00 -0.29%

എസ് ആൻഡ് പി 6047.15 +0.24%

നാസ്ഡാക് 19,403.95 +0.97%

ഡോളർ($) ₹84.70 +₹0.21

ഡോളർ സൂചിക 106.45 +0.71

സ്വർണം (ഔൺസ്) $2639.00 -$11.10

സ്വർണം(പവൻ) ₹56,720 -₹480

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.91 -$00.07

Tags:    

Similar News