വിപണി ചാഞ്ചാട്ടത്തില്‍, ഡോളര്‍ കുതിച്ചു; എയര്‍ലൈന്‍ ഓഹരികള്‍ക്ക് ഇടിവ്
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു തുടക്കത്തില്‍ ഉയര്‍ന്നിട്ടു പിന്നീടു നേട്ടം കുറച്ചു
വിപണി താഴ്ന്നു തുടങ്ങിയിട്ടു തിരിച്ചു കയറി നേട്ടത്തിലായി. പിന്നീടു ചാഞ്ചാട്ടം. വീണ്ടും കുത്തനേ ഇടിവ്. വീണ്ടും കയറ്റം. നിഫ്റ്റി 24,008 വരെ താണിട്ട് 24,154.65 വരെ കയറി. സെന്‍സെക്‌സ് 79,308നും 79,848 നുമിടയില്‍ ഇറങ്ങിക്കയറി. ബാങ്ക് നിഫ്റ്റി അര ശതമാനത്തിലധികം ഇടിഞ്ഞു. ആദ്യം താഴ്ന്ന മിഡ് ക്യാപ് സൂചിക പിന്നീടു കയറ്റത്തിലായി.
ബജാജ് ഫിനാന്‍സുമായി ചേര്‍ന്നു കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യാനുള്ള കരാര്‍ ആര്‍ബിഎല്‍ ബാങ്ക് റദ്ദാക്കി. ആര്‍ബിഎല്‍ ബാങ്ക് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ബജാജ് ഫിനാന്‍സ് ഒരു ശതമാനം താഴ്ചയിലായി.
വിമാന ഇന്ധന വില വര്‍ധിപ്പിച്ചത് ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും ഓഹരി വില താഴ്ത്തി. നാലു നഗരങ്ങളില്‍ നിന്നു ഹജ് സര്‍വീസ് നടത്താന്‍ അവകാശം ലഭിച്ചത് സ്‌പൈസ് ജെറ്റിനെ പിന്നീടു നേട്ടത്തിലാക്കി.
ഗൂഗിള്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം തുടങ്ങാന്‍ പോകുന്ന ഡിക്‌സണ്‍ ടെക്‌നോളജീസ് ഓഹരി എഴു ശതമാനം വരെ കയറി.
ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികള്‍ക്ക് 1200 കോടി രൂപയുടെ കരാര്‍ ലഭിച്ച കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരി അഞ്ചു ശതമാനം കുതിച്ച് 1656 രൂപയായി.
ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഒല ഇലക്ട്രിക്കിന്റെ പങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്ന് ഓഹരിവില ആറു ശതമാനം ഇടിഞ്ഞു.
ക്വാളിറ്റി കെയര്‍ ഹോസ്പിറ്റല്‍ ശൃംഖലയുമായി ലയിക്കാന്‍ തീരുമാനിച്ച ആസ്റ്റര്‍ ഡിഎം ഹോസ്പിറ്റല്‍സ് ഓഹരി മൂന്നു ശതമാനം കയറി.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു തുടക്കത്തില്‍ ഉയര്‍ന്നിട്ടു പിന്നീടു നേട്ടം കുറച്ചു. അദാനി എനര്‍ജിയും പവറും എന്റര്‍പ്രൈസസും നഷ്ടത്തിലായി. ഓസ്‌ട്രേലിയയില്‍ ജിക്യുജി പാര്‍ട്‌നേഴ്‌സിന്റെ ഓഹരി രാവിലെ 15 ശതമാനം വരെ ഇടിഞ്ഞു. ഇതോടെ അമേരിക്കയിലെ കേസ് വിവരം അറിഞ്ഞ ദിവസത്തെ ഇടിവിനൊപ്പമായി ഓഹരിവില. ജിക്യുജി പാര്‍ട്‌നേഴ്‌സിന്റെ 10 ശതമാനത്തോളം നിക്ഷേപം അദാനി ഗ്രൂപ്പ് കമ്പനികളിലാണ്. സ്വിസ് ബാങ്കായ യുബിഎസ് ജിക്യുജി ഓഹരിയെ ഡൗണ്‍ഗ്രേഡ് ചെയ്തതാണു വിലയിടിവിലേക്കു നയിച്ചത്.
രൂപ ഇന്നു കുത്തനേ ഇടിഞ്ഞു. ഡോളര്‍ രാവിലെ 11 പൈസ കൂടി 84.60 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.64 രൂപയായി. ഡോളര്‍ സൂചിക ഉയരുന്നതാണ് കാരണം. കഴിഞ്ഞ ദിവസം 105.74ല്‍ ക്ലോസ് ചെയ്ത സൂചിക ഇന്നു രാവിലെ 106.32 ആയി.
സ്വര്‍ണം ലോകവിപണിയില്‍ രാവിലെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 2625 ഡോളറില്‍ എത്തി. പിന്നീട് 2630 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ക്രൂഡ് ഓയില്‍ വില ചെറിയ കയറ്റത്തിലാണ്. ബ്രെന്റ് ഇനം 72.28 ഡോളറിലേക്കു കയറി.