ജിഡിപി വളർച്ചയിലെ ഇടിവ് നിഴൽ വീഴ്ത്തും; വാഹന വിൽപനയും താഴോട്ട്; ബ്രിക്സിനു ട്രംപിൻ്റെ ഭീഷണി; ഡോളർ സൂചിക കുതിക്കുന്നു

സ്വര്‍ണം മുന്നോട്ട്; ക്രിപ്‌റ്റോ ചാഞ്ചാടുന്നു; ഡോളര്‍ കൂടുതല്‍ ശക്തമാകുമെന്ന് സൂചന

Update:2024-12-02 07:57 IST

പ്രതീക്ഷയിലും വളരെ കുറവായ രണ്ടാം പാദ ജിഡിപി വളർച്ച ഇന്നത്തെ വ്യാപാരത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നു. ജിഎസ്ടി പിരിവും ഉദ്ദേശിച്ചത്ര വർധിച്ചില്ല. നവംബറിലെ റീട്ടെയിൽ വാഹന വിൽപന 15 ശതമാനം കുറവാണ് എന്നും റിപ്പോർട്ടുണ്ട്. ഇത്തരം ഘടകങ്ങൾ വിപണിയെ വലിയ ഇടിവിലേക്കു നയിക്കും എന്ന ആശങ്ക ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വലിയ ചാഞ്ചാട്ടത്തിൻ്റെ പ്രവണത വിപണിയിൽ തുടരുകയാണ്.

ആഗോള സൂചനകൾ പോസിറ്റീവാണ്. എന്നാൽ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലായി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,395 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,350 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യുഎസ് വിപണി വെള്ളിയാഴ്ച ഉയർന്ന് അവസാനിച്ചു. ഡൗ ജോൺസ് സൂചിക 188.59 പോയിൻ്റ് (0.42%) കയറി 44,910.65 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 33.64 പോയിൻ്റ് (0.56%) ഉയർന്ന് 6032.38 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 157.69 പോയിൻ്റ് (0.83%) നേട്ടത്തിൽ 19,218.17 ൽ ക്ലോസ് ചെയ്തു.

ഡൗവും എസ് ആൻഡ് പിയും ഇൻട്രാ ഡേയിലും ക്ലോസിംഗിലും റെക്കോർഡ്

തിരുത്തി. നവംബറിൽ ഡൗ 7.5 ഉം എസ് ആൻഡ് പി അഞ്ചും നാസ്ഡാക് ആറും ശതമാനം കയറി. ചെറുകിട കമ്പനികളുടെ സൂചിക റസൽ 2000 നു 10.8 ശതമാനം ഉയർച്ച ഉണ്ട്.

എൻവിഡിയ അടക്കം ചിപ്പ് കമ്പനികൾ നേട്ടം ഉണ്ടാക്കി

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.09 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.178 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും കയറി. സാവധാനമേ പലിശ കുറയ്ക്കൂ എന്ന സൂചനയാണു കാരണം. ഡിസംബറിൽ ഫെഡ് പലിശ 0.25 ശതമാനം കുറയ്ക്കാൻ 66 ശതമാനം സാധ്യതയാണു വിപണി കാണുന്നത്.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഉയർന്നു ക്ലോസ് ചെയ്തു. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നു ഫ്രഞ്ച് കടപ്പത്രങ്ങളുടെ റിസ്ക് പ്രീമിയം ഗ്രീസിൻ്റെ നിലയിലേക്കു കയറി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം ഇടിഞ്ഞു. കൊറിയൻ സൂചിക അര ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക അര ശതമാനം ഉയർന്നു. ചൈന ഉയർന്നു വ്യാപാരം ആരംഭിച്ചു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി വെള്ളിയാഴ്ച മികച്ച ആശ്വാസറാലി നടത്തി. മുഖ്യസൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു. വിദേശ നിക്ഷേപകർ വലിയ വിൽപനക്കാരായിട്ടും വിപണി ഉയർന്നു. വിദേശികൾ വെള്ളിയാഴ്ച 4383.55 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 5723.34 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2317 ഓഹരികൾ ഉയർന്നപ്പോൾ 1642 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1758 എണ്ണം ഉയർന്നു, താഴ്ന്നത് 1047 എണ്ണം.

നിഫ്റ്റി 216.95 പോയിൻ്റ് (0.91%) ഉയർന്ന് 24,131.10 ൽ അവസാനിച്ചു. സെൻസെക്സ് 759.05 പോയിൻ്റ് (0.96%) നേട്ടത്തോടെ 79,802.79 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.29 ശതമാനം (148.75 പോയിൻ്റ്) ഉയർന്ന് 52,055.60 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.18 ശതമാനം കൂടി 56,392.65 ലും സ്മോൾ ക്യാപ് സൂചിക 0.75 ശതമാനം ഉയർന്ന് 18,650.95 ലും ക്ലോസ് ചെയ്തു.

ഫാർമ മേഖലയാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ ഉയർന്നത്. ഹെൽത്ത് കെയർ, ഓട്ടോ, ഓയിൽ - ഗ്യാസ്, മീഡിയ എന്നിവയും നല്ല നേട്ടം ഉണ്ടാക്കി.

വിപണി വലിയ ചാഞ്ചാട്ടം തുടരും എന്നാണു നിരീക്ഷകർ കരുതുന്നത്. നിഫ്റ്റി 24,350 മറികടന്നാൽ മാത്രമേ മുന്നേറ്റം എന്നു പറയാനാകൂ. അതിനപ്പുറം 24,550-24,700 തടസമാകും. ഇപ്പോഴത്തെ സമാഹരണ മേഖലയിൽ നിന്ന് താഴോട്ടു നീങ്ങുന്ന പക്ഷം 24,000 - 23,900 പിന്തുണ നൽകും. നിഫ്റ്റിക്ക് ഇന്ന് 23,980 ലും 24,920 ലും പിന്തുണ കിട്ടാം. 24,190 ഉം 24,255 ഉം തടസങ്ങൾ ആകാം.

ജിഡിപി വളർച്ച നിരാശാജനകം

വെളളിയാഴ്ച പുറത്തുവന്ന രണ്ടാം പാദ ജിഡിപി കണക്കുകൾ എല്ലാ നിരീക്ഷകരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായി. 6.5 ശതമാനം വളർച്ച എല്ലാവരും കണക്കാക്കി. ഒന്നാം പാദത്തിൽ 6.7 ശതമാനം വളർന്നതാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ)പുറത്തുവിട്ട 5.4 ശതമാനം വളർച്ചക്കണക്ക് ഈ ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ താഴ്ത്താൻ ഏജൻസികളെയും നിരീക്ഷകരെയും പ്രേരിപ്പിച്ചു. 2024-25 ലെ വളർച്ച 6.5 ശതമാനം ആയി കുറയും എന്നാണ് ബാങ്കുകളും റേറ്റിംഗ് ഏജൻസികളും ഇപ്പോൾ കണക്കാക്കുന്നത്. നേരത്തേ ഏഴുശതമാനത്തിനു മുകളിലാണ് എല്ലാവരും കണക്കാക്കിയിരുന്നത്.

ഗോൾഡ്മാൻ സാക്സ്, എംകേ ഗ്ലോബൽ തുടങ്ങിയവ നിഗമനം ആറു ശതമാനത്തിലേക്ക് താഴ്ത്തി. 2023-24 ൽ ഇന്ത്യ 8.2 ശതമാനം വളർന്നതാണ്.

ജിഡിപി വളർച്ച കുറയുമ്പോൾ കമ്പനികളുടെ വളർച്ചയും ലാഭവും കുറവാകും. അത് ഓഹരികൾക്കു കുറഞ്ഞ പിഇ അനുപാതം മാത്രം കിട്ടാൻ ഇടയാക്കും. ഓഹരിവിലകൾ ഇടിയാം.

ജിഡിപി വളർച്ച കുറയുമ്പോൾ സർക്കാർ ബജറ്റിൽ പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കില്ല. അതു മൂലധനച്ചെലവ് കുറയ്ക്കാൻ നിർബന്ധിതമാക്കും. ഈ വർഷം കേന്ദ്രം ലക്ഷ്യമിട്ട 11.11 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവിൽ ഒരു ലക്ഷം കോടി രൂപ എങ്കിലും കുറയ്ക്കേണ്ടി വരും.

ജിഡിപി പ്രതീക്ഷിച്ചതിലും കുറയുമ്പോൾ അതിൻ്റെ അനുപാതം എന്ന നിലയിൽ കമ്മി കൂടും. ഇക്കൊല്ലം ജിഡിപിയുടെ 4.9 ശതമാനത്തിലേക്കു കമ്മി കുറയ്ക്കാനാണു ലക്ഷ്യമിട്ടത്. അതു സാധിക്കണമെങ്കിൽ ചെലവ് ഗണ്യമായി കുറയ്ക്കണം. അതു വീണ്ടും വളർച്ചയ്ക്കു തടസമാകും.

നവംബറിലെ ജിഎസ്ടി പിരിവിലെ വളർച്ചയും തൃപ്തികരമല്ല. 8.5 ശതമാനമാണു വളർച്ച. ബജറ്റ് ലക്ഷ്യമിട്ടത് 11.5 ശതമാനമായിരുന്നു. ഉത്സവകാലമായ ഒക്ടോബറിലെ വിൽപനയുടേതാണ് നവംബറിലെ പിരിവ്.

ഉത്സവസീസൺ തുടർന്ന നവംബറിലും കാര്യങ്ങൾ പന്തിയല്ലെന്നു വാഹന വിൽപനയുടെ പ്രാരംഭകണക്കുകൾ കാണിക്കുന്നു. നവംബറിലെ വാഹന വിൽപന (ഹോൾ സെയിൽ) ആറു ശതമാനത്തിൽ താഴെയേ വളർന്നിട്ടുള്ളു എന്നാണു ആൂചന മാരുതി അഞ്ചും ടാറ്റാ രണ്ടും മഹീന്ദ്ര ഒന്നും ശതമാനം മാത്രം വളർച്ച കാണുന്നു എന്നാണു പ്രാരംഭ റിപ്പോർട്ട്. ഹ്യുണ്ടായി വിൽപനയിൽ 2.4 ശതമാനം കുറവ് പ്രതീക്ഷിക്കുന്നു. യാത്രാവാഹനങ്ങളുടെ റീട്ടെയിൽ വിൽപന 15 ശതമാനം കുറവാകും എന്നാണു മാധ്യമ റിപ്പോർട്ടുകൾ.

കമ്പനികൾ, വാർത്തകൾ

കൊച്ചിൻ ഷിപ്പ് യാർഡിന് പ്രതിരോധ മന്ത്രാലയം 1000-ൽ പരം കോടി രൂപയുടെ പുതിയ കരാർ നൽകിയത് ഇന്നു വിപണിയിൽ ചലനം ഉണ്ടാക്കും. നാവികസേനയുടെ ഒരു വലിയ കപ്പലിൻ്റെ അറ്റകുറ്റപ്പണിയും ഡ്രൈ ഡോക്കിംഗും നടത്താനുള്ളതാണ് കരാർ. അഞ്ചുമാസമാണു കാലാവധി. വെള്ളിയാഴ്ച നാമമാത്ര താഴ്ചയിൽ അവസാനിച്ചതാണ് ഓഹരി.

വെെദ്യുത ലൈനുകൾ നിർമിക്കുന്ന കെഇസി ഇൻ്റർനാഷണലിനു വിദേശത്തുനിന്ന് ആയിരം കോടി രൂപയുടെ ഒരു കരാർ ലഭിച്ചതായി കമ്പനി അറിയിച്ചു. ഇതോടെ 2024 ൽ ലഭിച്ച കരാറുകളുടെ തുക 17,300 കോടി രൂപയായി.

ബയോകോണിൻ്റെ ബയോസിമിലർ ഔഷധമായ ഉസ്ടെകിനുമാബിന് യുഎസ് എഫ്ഡിഎ യുടെ അംഗീകാരം ലഭിച്ചതായി കമ്പനി ഇന്നലെ അറിയിച്ചു.

റെയിൽ വികാസ് നിഗം ലിമിറ്റഡിന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ്റെ 643 കോടി രൂപയുടെ ഒരു കരാർ ലഭിക്കും എന്ന് ഉറപ്പായി.

ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോണുകളുടെ നിർമാണത്തിനു കരാർ ആയതായി ഡിക്സൺ ടെക്നോളജീസ് അറിയിച്ചു. കമ്പനിയുടെ വരുമാനം ഗണ്യമായി വർധിപ്പിക്കുന്നതാണു കരാർ.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ക്വാളിറ്റി കെയറും ഒന്നിക്കുന്നതു രാജ്യത്തു ചികിത്സാരംഗത്തു മൂന്നാമത്തെ വലിയ ഹോസ്പിറ്റൽ ശൃംഖലയ്ക്കു രൂപം നൽകും.43,000 കോടി രൂപയുടെ ഇടപാട് വഴി 10,000ലേറെ ബെഡുകൾ ഉള്ള ശൃംഖലയാണു രൂപം കൊള്ളുക. വിദേശ നിക്ഷേപസ്ഥാപനങ്ങളായ ബ്ലായ്ക്ക് സ്റ്റോണും ടിപിജിയും കൂടി ഉടമസ്ഥത വഹിച്ചിരുന്നതാണ് ഹൈദരാബാദ് ആസ്ഥാനമായ ക്വാളിറ്റി കെയർ. സംയുക്ത കമ്പനിയിൽ ആസ്റ്റർ 57.3 ശതമാനവും ക്വാളിറ്റി കെയർ 42.7 ശതമാനവും ഓഹരി വഹിക്കും.

അദാനി ഗ്രൂപ്പ് കുതിച്ചു കയറി

അദാനി ഗ്രൂപ്പിലെ വിവാദ കമ്പനികൾ വെള്ളിയാഴ്ച വലിയ കുതിപ്പ് നടത്തി.

അദാനി ഗ്രീൻ എനർജി ഓഹരി 20.96ശതമാനം കുതിച്ചു. അദാനി എനർജി സൊലൂഷൻസ് 13.44 ശതമാനം കയറി. മറ്റു കമ്പനികൾ ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളൂ.

അദാനി ഗ്രൂപ്പിൻ്റെ രക്ഷകരായ ജിക്യുജി പാർട്നേഴ്സ് ഓഹരി വെള്ളിയാഴ്ച 2.17 ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. നവംബർ 20 ലെ വിലയിൽ നിന്ന് ഇപ്പോഴും 10 ശതമാനത്തിലധികം താഴ്ചയിലാണ് ജിക്യുജി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇതിൻ്റെ വ്യാപാരം

സ്വർണം ഉയരുന്നു

സ്വർണവില വെള്ളിയാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. ഔൺസിന് 12.20 ഡോളർ കയറിയ സ്വർണം ക്ലോസ് ചെയ്തത് 2650.10 ഡോളറിൽ. ഇന്നു രാവിലെ 0.70 ശതമാനം ഇടിഞ്ഞ് 2632 ഡോളറിൽ എത്തി. പിന്നീട് 2638 ലേക്കു കയറി. ഈയാഴ്ച യുഎസ് തൊഴിൽ വർധനയുടെ കണക്ക് പുറത്തു വരുന്നതാണു സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന കാര്യം. ട്രംപിൻ്റെ വിജയത്തിനു ശേഷം ദിശാബോധം കിട്ടാതെയാണു സ്വർണം നീങ്ങുന്നത്.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില പവന് 560 രൂപ കൂടി 57,280 രൂപയായി. ശനിയാഴ്ച 80 രൂപ കുറഞ്ഞ് 57,200 രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 30.59 ഡോളറിലേക്ക് ഉയർന്നാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഇന്ന് 30.35 ലേക്കു താഴ്ന്നു.

ഡോളറിനു വേണ്ടി ബ്രിക്സിനു ട്രംപിൻ്റെ ഭീഷണി

കറൻസി വിപണിയിൽ ഡോളർ വീണ്ടും താഴ്ന്നു. ഡോളർ സൂചിക 105.74 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.16 ലേക്കു കയറി.

ഡോളറിനെതിരേ നീങ്ങിയാൽ 100 ശതമാനം ചുങ്കം ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച ബ്രിക്സ് രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകി. ഇതു ഡോളർ സൂചിക ഇന്നു കയറാൻ കാരണമായി.

ഇന്ത്യ ഉൾപ്പെട്ടതാണു ബ്രിക്സ് കൂട്ടായ്മ. ഡോളറിൻ്റെ അധീശത്വം അവസാനിപ്പിക്കാനും ഡോളറിനു പകരം തങ്ങളുടെ കറൻസികൾ വ്യാപാരത്തിൽ ഉപയോഗിക്കാനും പാശ്ചാത്യ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് നെറ്റ് വർക്ക് സ്വിഫ്റ്റിനു പകരം പേമെൻ്റ് സംവിധാനം ഉണ്ടാക്കാനും ഒക്ടോബറിൽ ബ്രിക്സ് ഉച്ചകോടി തീരുമാനിച്ചിരുന്നു. ഈ നീക്കത്തിൽ നിന്നു മാറുമെന്ന് ബ്രിക്സ് രാജ്യങ്ങൾ വാക്കു നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ, റഷ്യ, ചൈന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവയാണ് ബ്രിക്സിലുള്ളത്. തുർക്കി, അസർബെെജാൻ, മലേഷ്യ എന്നിവ അതിൽ ചേരാൻ അപേക്ഷിച്ചിട്ടുണ്ട്. ട്രംപ് ഭീഷണി നടപ്പാക്കിയാൽ വലിയ വ്യാപാരയുദ്ധമാകും ഫലം. അല്ലെങ്കിൽ ഡോളറിനെ ഒഴിവാക്കിയുള്ള വ്യാപാരത്തിൽ നിന്ന് ബ്രിക്സ് പിന്മാറണം. ഏതായാലും ബ്രിക്സ് കൂട്ടായ്മയ്ക്കു ട്രംപ് ഭീഷണിയാണ്.

ട്രംപ് ഭരണത്തിൽ കയറിയാൽ ഡോളർ കൂടുതൽ ശക്തമാകും എന്നു വിപണി കരുതുന്നുണ്ട്. യൂറോ ഡോളറിനു താഴെയാകും എന്നാണു പൊതു വിലയിരുത്തൽ.

ഡോളർ വെള്ളിയാഴ്ച രൂപയെ വീണ്ടും സമ്മർദത്തിലാക്കി. വ്യാപാരത്തിനിടെ 84.56 രൂപ എന്ന റെക്കോർഡ് വരെ കയറിയ ഡോളർ ഒടുവിൽ തലേന്നത്തെ നിരക്കായ 84.49 രൂപയിൽ തന്നെ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് ഈ ആഴ്ചകളിൽ വിപണിയിൽ ശക്തമായി ഇടപെട്ടു. എങ്കിലും ഡോളർ അടുത്ത വർഷം 90 രൂപയിൽ എത്തുമെന്നാണു പലരും കരുതുന്നത്.

ക്രൂഡ് ഓയിൽ വില താഴ്ന്നാണു കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിച്ചത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 1.44 ഡോളർ കുറഞ്ഞ് 71.84 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 72.07 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 68.26 ഉം യുഎഇയുടെ മർബൻ ക്രൂഡ് 71.35 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. വെള്ളിയാഴ്ച 98,400 നടുത്ത് എത്തിയ ബിറ്റ് കോയിൻ പിന്നീട് 97,000 നു താഴെയായി. ഇന്നു രാവിലെ 97,400 ൽ എത്തി. കഴിഞ്ഞ ദിവസം 3727ഡോളർ വരെ എത്തിയ ഈഥർ ഇന്ന് 3700 നു തൊട്ടു താഴെയാണ്.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ചയും ഭിന്നദിശകളിലായി. ചെമ്പ് 0.47 ശതമാനം കയറി ടണ്ണിന് 8891.85 ഡോളറിൽ എത്തി. അലൂമിനിയം 0.20 ശതമാനം താഴ്ന്ന് ടണ്ണിന് 2594.00 ഡോളർ ആയി. സിങ്ക് 1.51 ഉം ടിൻ 3.62 ഉം ലെഡ് 0.47 ഉം ശതമാനം ഉയർന്നു. നിക്കൽ 0.61 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 നവംബർ 29, വെള്ളി)

സെൻസെക്സ് 30 79,802.79 +0.96%

നിഫ്റ്റി50 2 4,131.10 +0.91%

ബാങ്ക് നിഫ്റ്റി 52,055.60 +0.29%

മിഡ് ക്യാപ് 100 56,392.65 +0.18%

സ്മോൾ ക്യാപ് 100 18,650.95 +0.75%

ഡൗ ജോൺസ് 44,910.65 +0.42%

എസ് ആൻഡ് പി 6032.38 +0.56%

നാസ്ഡാക് 19,218.17 +0.83%

ഡോളർ($) ₹84.49 +₹0.00

ഡോളർ സൂചിക 105.74 -0.31

സ്വർണം (ഔൺസ്) $2650.10 +$12.20

സ്വർണം(പവൻ) ₹57,200 +₹480

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.84 -$01.44

Tags:    

Similar News