'പണം വിദേശത്തേക്കൊഴുകും': അതിസമ്പന്ന നികുതിയെ വിമര്‍ശിച്ച് ബിമല്‍ ജലാന്‍

Update:2019-07-30 12:35 IST

ഉന്നത വരുമാനക്കാരുടെ ആദായ നികുതി കേന്ദ്ര ബജറ്റിലൂടെ വന്‍ തോതില്‍ ഉയര്‍ത്തിയ നടപടി രാജ്യത്തുനിന്ന് ധനം പുറത്തേക്കൊഴുകാന്‍ കാരണമാകുമെന്ന മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍. നികുതി നിര്‍ദേശത്തില്‍ അമേരിക്കയെ മറികടന്നു നിര്‍മ്മല സീതാരാമനെന്ന് വ്യാപകമായി ഉയരുന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ബിമല്‍ ജലാന്റെ നിരീക്ഷണം.

'നാട്ടിലെ നികുതി നിരക്കുകള്‍ വളരെ ഉയരുന്ന സാഹചര്യത്തില്‍  പലിശനിരക്ക് കുറവുള്ളതും ആദായനികുതിയില്‍ നിന്ന് പരമാവധി ഒഴിവാകാവുന്നതുമായ മറ്റ് രാജ്യങ്ങള്‍ തേടുന്ന സ്വഭാവമാണ് ആളുകള്‍ക്കുള്ളത് '- റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എത്രത്തോളം സര്‍ക്കാരിന് കൈമാറണമെന്ന് തീരുമാനിക്കുന്നതു സംബന്ധിച്ച് ശിപാര്‍ശ ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള കേന്ദ്ര സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ജലാന്‍ പറഞ്ഞു.

പ്രതിവര്‍ഷം ഒരു കോടി രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍ നല്‍കേണ്ട നികുതി 42.7 ശതമാനമായി ഉയര്‍ത്തിയിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റിലൂടെ. ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും അതില്‍ ഉള്‍പ്പെടുന്നു. ജൂണില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ രൂപയിലേറെ വരുന്ന നിക്ഷേപത്തിനു മടി കാണിക്കാതിരുന്ന വിദേശികള്‍ ഈ മാസം ഇവിടത്തെ ഓഹരി പിപണിയില്‍ വന്‍തോതില്‍ വില്‍പ്പന നടത്തി 300 കോടിയിലധികം രൂപ കൊണ്ടുപോയതിന്റെ പ്രധാന കാരണമാണിതെന്ന് വിശകലന വിദഗ്ധരും വ്യാപാരികളും പറയുന്നു. ജൂലൈ ഒന്നിന് ശേഷം ബിഎസ്ഇ സൂചിക 4% ത്തിലേറെ താഴ്ന്നു.

സമ്പന്നരുടെ പണമിടപാടിനു നികുതി കൂട്ടിയതോടെ ഇന്ത്യ നികുതിയീടാക്കലില്‍ അമേരിക്കയുടെ മുന്നിലെത്തി. അക്കൗണ്ടില്‍നിന്ന് ഒരു വര്‍ഷം ഒരു കോടി രൂപയ്ക്കുമേല്‍ പിന്‍വലിച്ചാല്‍ 2% ടി.ഡി.എസ് ചുമത്തും. 2 കോടി മുതല്‍ 5 കോടി വരെ വരുമാനക്കാര്‍ക്ക് 3 ശതമാനവും 5 കോടിക്കു മുകളില്‍ 7 ശതമാനവുമാണു സര്‍ചാര്‍ജ്. കണക്കുപ്രകാരം പുതിയ നിരക്ക് 37 ശതമാനമാണെങ്കിലും ഫലത്തില്‍ 41.1 ശതമാനമാകും. ഇതോടൊപ്പം വിവിധ സെസുകളും ചേരുമ്പോള്‍ അടയ്‌ക്കേണ്ടി വരുന്ന നികുതി 42.7 ശതമാനം. 40 ശതമാനമാണ് അമേരിക്കയിലെ ഉയര്‍ന്ന നികുതിനിരക്ക്.

Similar News