സംസ്ഥാന ബജറ്റ്: കേരളം പ്രതീക്ഷിക്കുന്നതെന്ത്?

Update:2019-01-30 13:42 IST

ധനമന്ത്രി തോമസ് തോമസ് ഐസക്കിന്റെ പത്താമത് ബജറ്റാണ് നാളെ കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്നത്. നവകേരള നിര്‍മ്മാണത്തിന് വളരെയേറെ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു ബജറ്റായിരിക്കുമത്.

ഒപ്പം വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ഛാത്തലത്തില്‍ അനേകം സാമൂഹ്യക്ഷേമ, ജനപ്രിയ പദ്ധതികളും പ്രഖ്യാപിച്ചേക്കാം. നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ വലിയൊരു തുക തന്നെ വകയിരുത്തിയേക്കുമെന്നാണ് സൂചന. ഇതിലേക്കായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ചില പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രളയം ആഘാതം ഏല്‍പ്പിച്ച സമസ്ത മേഖലകളെയും സമഗ്രമായി സ്പര്‍ശിച്ചുകൊണ്ടുള്ള പ്രത്യേക പാക്കേജുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

  • പൊതുതെരെഞ്ഞെടുപ്പ് കാരണം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചേക്കും
  • റവന്യൂ വരുമാനത്തിലെ കുറവ് കാരണം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചേക്കും
  • സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ എല്ലാംതന്നെ ചെറിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കും
  • ഒരു ശതമാനം പ്രളയസെസ് നടപ്പാക്കും. എന്നാലത് ജനപ്രിയമാക്കുന്നതിലേക്കായി ആഡംബര വസ്തുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും
  • പഴയ വാറ്റ് കുടിശിക പിരിച്ചെടുക്കാനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും
  • ആരോഗ്യ ഇന്‍ഷുറന്‍സ് പരിഷ്‌ക്കരിച്ചുകൊണ്ടുള്ള ഒരു ജനപ്രിയ പദ്ധതി പ്രഖ്യാപിച്ചേക്കും
  • കെട്ടിട നികുതി പിരിവ് കാര്യക്ഷമം അല്ലെന്ന കാഴ്ചപ്പാടുള്ളതിനാല്‍ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്നും അതേറ്റെടുത്ത് സംസ്ഥാനതലത്തില്‍ പിരിക്കാനുള്ള നടപടിയും ഉണ്ടാകാം.

"ഇന്നത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ ദീര്‍ഘകാല വായ്പ നല്‍കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാനിയുണ്ട്," ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി മെമ്പറായ ഡോ.ജോസ് സെബാസ്റ്റിയന്‍ അഭിപ്രായപ്പെട്ടു.

റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ഐ.ടി, സ്റ്റാര്‍ട്ട്പ് മേഖല എന്നിവക്ക് നല്ലൊരു പിന്തുണ ബജറ്റിലൂടെ പ്രതീക്ഷിക്കാം. വിനോദസഞ്ചാര മേഖയുടെ വിഹിതവും ഉയര്‍ത്തിയേക്കാനിടയുണ്ട്. അതേസമയം സംസ്ഥാനത്തെ ധനതകര്‍ച്ച ഒഴിവാക്കാനുള്ള നടപടികള്‍ ഉണ്ടാകുമോ എന്നതാണ് ബജറ്റ് ഉയര്‍ത്തുന്ന നിര്‍ണ്ണായമകമായ ചോദ്യം.

"2021ല്‍ നിത്യനിദാന ചെലവുകള്‍ക്ക് പോലും പണം ഇല്ലാതെ ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷനുകള്‍ എന്നിവ പോലും മുടങ്ങുമെന്ന ധവളപത്രത്തിലെ പ്രവചനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥക്ക് കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ 3 ബജറ്റിലൂടെയും സാധിച്ചിട്ടില്ല," സാമ്പത്തിക വിദഗ്ധനായ ഡോ.ബി.എ.പ്രകാശ് ചൂണ്ടിക്കാട്ടുന്നു.

റവന്യൂ വരുമാനത്തിലെ വര്‍ദ്ധന ഗണ്യമായി കുറയുന്നുവെന്നതാണ് ഒരു മുഖ്യ പ്രശ്‌നം. അതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം വിഭവസമാഹരണത്തിലും ബജറ്റ് ഊന്നല്‍ നല്‍കാനിടയുണ്ട്.

Similar News