പൊതുമാപ്പ് ഗുണമാകും; സെസ് വ്യാപാരമേഖയ്ക്ക് ദോഷം ചെയ്യും

Update:2019-01-31 15:41 IST

ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വ്യാപാരി സമൂഹത്തിന് ഏറ്റവും നേട്ടമുണ്ടാക്കുന്ന പ്രഖ്യാപനം നികുതി കുടിശ്ശിക ഉള്ളവര്‍ക്ക് പൊതുമാപ്പ് പദ്ധതിയാണ്.

വര്‍ഷങ്ങളായി വ്യാപാരികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നത്തിനുള്ള ഏറ്റവും പ്രായോഗികമായ പരിഹാരം കൂടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വ്യാപാരികളുടെയും നികുതി വിദഗ്ധരുടെയും ഇത് സംബന്ധിച്ച ആവശ്യങ്ങളും നിര്‍ദേശങ്ങളും സശ്രദ്ധം പരിഗണിച്ചു തന്നെയുള്ളതാണ് ഈ പ്രഖ്യാപനം.

നികുതി കുടിശ്ശിക ഉള്ളവര്‍ അടക്കുന്ന തുക പലിശയിലേക്ക് പോകാതെ മുതലിലേക്ക് തിരിച്ചടയ്ക്കപ്പെടുമെന്നതും ഏറെ ആശ്വാസകരമായ കാര്യമാണ്.

മാത്രമല്ല, തന്റേതല്ലാത്ത പിഴവുകൊണ്ട് വാറ്റില്‍ വന്‍ നികുതി ബാധ്യതയും പിഴ പലിശയും വരുകയും അതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന വലിയൊരു സമൂഹം ഇവിടെയുണ്ടായിരുന്നു. ഇത്തരം മിസ് മാച്ച് കെ വാറ്റ് കേസുകളിലും അനുഭാവപൂര്‍വ്വമായ സമീപനം ബജറ്റിലുണ്ടായിട്ടുണ്ട്.

2005 മുതലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാനാകും. കോമ്പൊണ്ടിംഗ് ടാക്‌സ് പരിധി ഒന്നരക്കോടി രൂപയായതും സര്‍വീസ് മേഖലയില്‍ കോമ്പൗണ്ടിംഗ് ടാക്‌സ് നിരക്ക് കുറച്ചതും കൂടുതല്‍ പേരെ നികുതി വിധേയമാക്കാന്‍ സഹായിക്കും. ഇത് നികുതി വരുമാന വര്‍ധനയ്ക്ക് സഹായിക്കും.

കോട്ടം

ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയ സെസ് ചുമത്തുന്നത് വ്യാപാരമേഖയ്ക്ക് കോട്ടമാകും. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ചുമത്തുന്നത്.

ജിഎസ്ടി കൗണ്‍സിലില്‍ നിന്ന് പിടിച്ചുവാങ്ങിയ ഇക്കാര്യം സംസ്ഥാനത്തെ വ്യാപാരമേഖയ്ക്ക് ക്ഷീണമാകാനാണിട. അതുപോലെ തന്നെ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതും പ്രതീക്ഷിച്ച മെച്ചമുണ്ടാക്കാന്‍ സാധ്യതയില്ല.

ജൂവല്‍റി മേഖലയില്‍ ബില്‍ എഴുതാതെയുള്ള കച്ചവടം ഇപ്പോള്‍ തന്നെ കൂടുതലാണ്. സെസ് കൂടി വരുന്നതോടെ കള്ളക്കച്ചവടം കൂടാനാണ് സാധ്യത.

Similar News