കേരള പുനര്‍നിര്‍മാണം: കരാര്‍ കെ.പി.എം.ജിക്ക്

Update:2020-02-10 16:40 IST

രണ്ട് പ്രളയങ്ങളിലായി കനത്ത നാശം സംഭവിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്റ് ദൗത്യം കെപിഎംജിക്ക്. ഇതു സംബന്ധിച്ച് കേരള സര്‍ക്കാരും കെപിഎംജിയും തമ്മിലുളള കരാര്‍ ഈ ആഴ്ച ഒപ്പിടാന്‍ നടപടികളാരംഭിച്ചു.നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍ കെപിഎംജിയുടെ സൗജന്യ സേവനം കേരള സര്‍ക്കാരിന് ലഭിച്ചിരുന്നു.

ബഹുരാഷ്ട്ര കണ്‍സല്‍ട്ടിങ് കമ്പനിയായ കെപിഎംജിയെ തെരഞ്ഞെടുത്തത് ആഗോള ടെന്‍ഡര്‍ വഴിയാണ്. മൊത്തം 15 കമ്പനികള്‍ കണ്‍സല്‍ട്ടിങ് ടെന്‍ഡര്‍ നല്‍കിയിരുന്നതില്‍ നാല് കമ്പനികളാണ് അന്തിമ ഘട്ട മത്സരത്തിനുണ്ടായിരുന്നത്. 11 മേഖലകളിലായി നടക്കുന്ന പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ സേവനം അനിവാര്യമായി വന്ന സാഹചര്യത്തിലാണ് കണ്‍സല്‍ട്ടന്റിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കെപിഎംജി കണ്‍സള്‍ട്ടന്‍സിയെ നവകേരള പുനര്‍നിര്‍മ്മാണത്തിനു തിരഞ്ഞെടുക്കുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍ നേരത്തെ സി പി എം പോളിറ്റ് ബ്യൂറോയ്ക്കു കത്ത് നല്‍കിയിരുന്നു. ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിട്ട കമ്പനിയാണ് കെപിഎംജിയെന്ന ആരോപണം അദ്ദേഹം ഉയര്‍ത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News