വികസനരംഗത്തെ ശക്തമായ മുന്നേറ്റത്തിന് വേണ്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) സര്‍ക്കാര്‍ രൂപീകരിച്ച അന്നു മുതല്‍ ഇക്കഴിഞ്ഞ മസാല ബോണ്ട് ഇഷ്യൂ വരെ കിഫ്ബിയെ നിരന്തരം വിവാദങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്... രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്ക് അപ്പുറം സാമൂഹിക, സാമ്പത്തിക, അക്കാദമിക് തലങ്ങളിലെ വിദഗ്ധരും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപമാണ് കിഫ്ബിയുടെ ലക്ഷ്യം. ഇത്രയും തുക സമാഹരിക്കാനാകുമോ, പദ്ധതികളില്‍ നിന്നും വരുമാനം ആര്‍ജ്ജിച്ച്് വായ്പ തിരിച്ചടക്കാനാകുമോ, അല്ലെങ്കില്‍ കേരളം ഭീമമായ കടക്കെണിയില്‍ അകപ്പെടില്ലേ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി തികച്ചും മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കിഫ്ബിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവും കൈവന്നിരിക്കുകയാണ്.
എന്തുകൊണ്ട് കിഫ്ബി അനിവാര്യം?
സംസ്ഥാനത്തിന്റെ റെവന്യൂ വരുമാനം ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അസാധ്യമായിരിക്കുകയാണ്. കൂടാതെ കേന്ദ്ര ധന ഉത്തരവാദിത്ത നിയമം (എഫ്.ആര്‍.ബി.എം ആക്ട്്) കാരണം സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനത്തിലധികം വായ്പ എടുക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല.
അതിനെ മറികടക്കുന്നതിനും ബജറ്റിന് പുറത്ത് വായ്പയെടുത്ത് വികസനം സാധ്യമാക്കുന്നതിനുമാണ് ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) എന്ന സംവിധാനത്തിലേക്ക് ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിയെ പരിവര്‍ത്തനം ചെയ്തത്. വന്‍കിട പദ്ധതികള്‍ക്കായി ഫണ്ട് സമാഹരിക്കുകയും അതിനെ ആസൂത്രിതമായി വിനിയോഗിച്ചുകൊണ്ട് അതിവേഗത്തില്‍ കേരളത്തിലെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നതിനുമാണ് കിഫ്ബി ലക്ഷ്യമിടുന്നത്.
ജനസംഖ്യാ വര്‍ധനവിന് അനുസരണമായി അടിസ്ഥാന സൗകര്യങ്ങളുടെ ശേഷിയും കാര്യക്ഷമതയും വര്‍ധിച്ചേ മതിയാകൂ. അടിസ്ഥാന സൗകര്യവികസനമെന്നത് സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായതിനാല്‍ അതൊരിക്കലും ഒഴിവാക്കാനുമാകില്ല.
അതിനാലാണ് കിഫ്ബി നടപ്പാക്കുന്ന നൂതനമായ വികസന മാതൃക സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാകുന്നത്. കാരണം വികസന രംഗത്തെ കേരളത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെങ്കില്‍ നവീനമായ ഇത്തരം ആശയങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. അടിസ്ഥാന സൗകര്യവികസനത്തിനായി രാജ്യാന്തര തലത്തില്‍ ഡെറ്റ് കാപ്പിറ്റല്‍ മാര്‍ക്കറ്റിനെ ആശ്രയിക്കുന്നതിനാല്‍ കിഫ്്ബിയും
അത്തരമൊരു മാതൃക പിന്തുടരുന്നുവെന്നതാണ് ഒരു പ്രധാന സവിശേഷത.
വിദേശ രാജ്യങ്ങളില്‍ കിഫ്ബി പോലുള്ള നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ് കമ്പനികളുണ്ട്.
വന്‍തോതില്‍ കടമെടുക്കുന്നത് വലിയൊരു റിസ്‌ക്കാണെങ്കിലും ബജറ്റിലൂടെ ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെ കിഫ്ബിയെ രൂപപ്പെടുത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്ക് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ കിഫ്ബിക്ക് വിജയം കൈവരിക്കാനായില്ലെങ്കില്‍ അത് സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്ന ആഘാതം അതീവ ഗുരുതരമായിരിക്കും.
കാരണം കിഫ്ബി ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ള വികസന പ്രക്രിയയില്‍ അനേകം പാളിച്ചകള്‍ ഉണ്ടെന്ന് മാത്രമല്ല അത് ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.
ഫണ്ട് സമാഹരണം വ്യത്യസ്ത വഴികളിലൂടെ
രാജ്യത്തെയും വിദേശത്തെയും ബോണ്ട് മാര്‍ക്കറ്റുകള്‍, നബാര്‍ഡ്, ബാങ്കുകള്‍ തുടങ്ങിയ വ്യത്യസ്ത സ്രോതസുകളില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കാനാണ് കിഫ്ബി ഉദ്ദേശിക്കുന്നത്. മസാല ബോണ്ട് ഇഷ്യൂവിലൂടെ മാത്രം 5000 കോടിയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2600 കോടിയുടെ ആദ്യഘട്ട ഇഷ്യൂ നടത്തിയെങ്കിലും 9.72 ശതമാനം പലിശക്ക് 2150 കോടി രൂപ മാത്രമാണ് സമാഹരിച്ചത്.
ഇതുവഴി മസാല ബോണ്ട് വിപണിയില്‍ നിന്നും പണം സമാഹരിച്ച ആദ്യ സംസ്ഥാനമായിരിക്കുകയാണ് കേരളം. ഇന്ത്യയുടെ ആആആ നെക്കാള്‍ കുറഞ്ഞ റേറ്റിംഗായ ആആ യാണ് മസാല ബോണ്ട് ഇഷ്യൂവിന് ലഭിച്ചത്. ആഗോള ബോണ്ട് വിപണിയിലെ നിരക്കിനെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് മസാല ബോണ്ടുകള്‍ക്ക് ഉള്ളതിനാലാണ് അവയ്ക്ക് നിക്ഷേപം ലഭിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
എന്നാല്‍ മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്ന വാദത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അപ്പാടെ തള്ളിക്കളയുന്നു. സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് എസ്.എല്‍.ആര്‍ ബോണ്ട് മുഖേന വായ്പ എടുക്കുന്നത് 8.3 ശതമാനത്തിനാണെന്നും, 35000 ഹെക്ടര്‍ ലാന്‍ഡ് അസറ്റുള്ള ആന്ധ്രാപ്രദേശ് കാപ്പിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് അഥോറിറ്റി ആഭ്യന്തര വിപണിയില്‍ നിന്ന് 10.32 ശതമാനത്തിനാണ് വായ്പ എടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മസാല ബോണ്ടില്‍ കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യു നിക്ഷേപം നടത്തിയതിന് എതിരെയായിരുന്നു മറ്റൊരു വിമര്‍ശനം.
സി.ഡി.പി.ക്യുവെന്നത് ഒരു പെന്‍ഷന്‍ ഫണ്ടായതിനാല്‍ ഏറ്റവും കൂടുതല്‍ ഉറപ്പായ വരുമാനം ലഭിക്കുന്ന പദ്ധതി ആയതിനാലാണ് അവര്‍ മസാല ബോണ്ടില്‍ നിക്ഷേപം നടത്തിയതെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പ്രവാസി ചിട്ടിയിലൂടെ ലഭിക്കുന്ന തുകയും കിഫ്ബിയുടെ ബോണ്ടിലാണ് കെ.എസ്.എഫ്.ഇ നിക്ഷേപിക്കുന്നത്. കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഫണ്ട് ഇതായിരിക്കുമെന്നാണ് നിഗമനം.
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ആരംഭിച്ച പ്രവാസി ചിട്ടിയിലൂടെ 10,000 കോടി രൂപ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതേവരെ ലഭിച്ചത് വെറും 17 കോടി മാത്രമാണ്. വിദേശ മലയാളികള്‍ക്ക് പോലും കിഫ്ബി ബോണ്ടുകളിലുള്ള വിശ്വാസക്കുറവിന് ഇത് ഉദാഹരണമാണെന്ന് വിലയിരുത്തപ്പെടുന്നു. നബാര്‍ഡിന്റെ നിഡ സ്‌കീം മുഖേനയുള്ള 4000 കോടി രൂപയുടെ ദീര്‍ഘകാല വായ്്പയില്‍ 565 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന 2500 കോടി രൂപയുടെ വായ്പ എടുക്കാനും കിഫ്ബി ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോഴുള്ള ഒരു രൂപ സെസ്സും കൂടാതെ മോട്ടോര്‍ വാഹന നികുതിയുടെ പകുതിയുമാണ് സര്‍ക്കാരില്‍ നിന്നും കിഫ്ബിക്ക് ലഭിക്കുന്ന സ്ഥിരവരുമാനം. ഇത് ട്രഷറിയില്‍ നിന്നും ഉടനടി കിഫ്ബിക്ക് ലഭിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു എസ്‌ക്രോ എക്കൗണ്ട് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്.
ഇതിലൂടെ ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് ബജറ്റുമായി ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടാക്കിയിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധയായ ഡോ.മേരി ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മോശമായ ധനസ്ഥിതി വിഭവസമാഹരണത്തില്‍ കിഫ്ബിക്ക് വലിയൊരു വെല്ലുവിളിയാകുമെന്നതിനാല്‍ അഞ്ച് വര്‍ഷം കൊണ്ട്് 50,000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കുകയെന്നത് തികച്ചും ദുഷ്‌ക്കരമായേക്കും. അതാകട്ടെ പദ്ധതികളുടെ നിര്‍വഹണത്തെ സാരമായി ബാധിക്കുകയും ചെയ്യും.
വഴിതെറ്റിയ നിക്ഷേപ പദ്ധതികള്‍
ഗതാഗതം, ഊര്‍ജ്ജം, കുടിവെള്ളം, ഐ.റ്റി തുടങ്ങിയ നിര്‍ണായ മേഖലകളിലെ അടിസ്ഥാന സൗകര്യവികസനമാണ് കിഫ്ബിയുടെ ലക്ഷ്യം. സംസ്ഥാനത്തെ 33000 സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഡിജിറ്റലായി കണക്ട് ചെയ്യുന്ന കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക്, കൊച്ചിയിലെ 600 ഏക്കറിലുള്ള പെട്രോകെമിക്കല്‍ പാര്‍ക്ക്, 1800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോസ്റ്റല്‍ ആന്‍ഡ് ഹില്‍ ഹൈവേ, ഉയര്‍ന്ന ശേഷിയുള്ള ട്രാന്‍സ്മിഷന്‍ ലൈനായ ട്രാന്‍സ്ഗ്രിഡ് 2.0, തലസ്ഥാനത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, 45000ത്തില്‍ അധികം സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഹൈടെക് സ്‌ക്കൂള്‍ പ്രോഗ്രാം തുടങ്ങിയവയാണ് കിഫ്ബിയുടെ സുപ്രധാന പദ്ധതികള്‍. സംസ്ഥാനത്തെ ഉല്‍പ്പാദന, കാര്‍ഷിക മേഖലകളെ പുഷ്ടിപ്പെടുത്തുന്നതിനായി വ്യത്യസ്ത മേഖലകളില്‍ പ്രത്യേക പാര്‍ക്കുകളും കിഫ്ബി വികസിപ്പിക്കുന്നുണ്ട്.
എങ്കിലും സമാഹരിക്കുന്ന പണം ഫലപ്രദമായി വിന്യസിക്കാനാകാത്ത സ്ഥിതിവിശേഷമുണ്ടെന്നതാണ് കിഫ്ബിയുടെ വലിയൊരു പോരായ്മ. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ മൊത്തം 42306 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. അതില്‍ 14275 കോടി രൂപയുടെ പദ്ധതികള്‍ വ്യവസായ മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി മാത്രമാണെന്നതും ഗുണകരമാണ്. എന്നാല്‍ അനാവശ്യമായ അനേകം പദ്ധതികള്‍ സര്‍ക്കാര്‍ കിഫ്ബിയുടെ തലയില്‍ കെട്ടിവച്ചിട്ടുണ്ട്.
സിനിമാ തിയേറ്ററുകള്‍ക്ക് പുറമേ രാഷ്ട്രീയ, സാംസ്‌ക്കാരിക നായകന്മാരുടെ പേരിലുള്ള സാംസ്‌ക്കാരിക നിലയങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്. വിശദാംശങ്ങള്‍ക്ക് ബോക്‌സ് ശ്രദ്ധിക്കുക. ഇക്കാരണത്താല്‍ നിര്‍ണ്ണായക പദ്ധതികളിലുള്ള കിഫ്ബിയുടെ ഫോക്കസ് മാറിപ്പേയേക്കും.
'കിഫ്ബി ഫണ്ടിന്റെ വ്യക്തമായ ദുരുപയോഗമാണിത്. സ്‌ക്കൂള്‍ ടോയ്‌ലറ്റും സാംസ്‌ക്കാരിക നിലയങ്ങളുമല്ല മറിച്ച് ഏറ്റവും മികച്ച ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്കാണ് കിഫ്ബി വന്‍തുകയുടെ നിക്ഷേപം നടത്തേണ്ടത്' ഡോ.മേരി ജോര്‍ജ് ചൂണ്ടിക്കാട്ടി.
മുന്‍ സംസ്ഥാന ബജറ്റുകളിലെ ചെറുതും വലുതുമായ ഒട്ടുമിക്ക പദ്ധതികളും കിഫ്ബി മുഖേനയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. എല്ലാത്തരം വികസത്തിനുമുള്ള ഒരു ഒറ്റമൂലി കിഫ്ബിയാണെന്ന മട്ടിലുള്ള ഇത്തരമൊരു നീക്കം അപക്വമാണെന്നാണ് വിലയിരുത്തല്‍. 'വന്‍കിട പദ്ധതികള്‍ക്ക് പണം മുടക്കി അതില്‍ നിന്നും വരുമാനം നേടി വായ്പ തിരിച്ചടക്കുന്നത് മെച്ചപ്പെട്ടൊരു സാമ്പത്തിക മാനേജ്‌മെന്റാണ്.
എന്നാല്‍ കിഫ്ബി വിഭാവനം ചെയ്തിരിക്കുന്നത് അതല്ലാത്തതിനാല്‍ തിരിച്ചടവിന് സര്‍ക്കാര്‍ തന്നെ പണം കണ്ടെത്തേണ്ടിവരും' അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ഡോ.ബി.എ.പ്രകാശ് അഭിപ്രായപ്പെട്ടു.
വരുമാനമില്ലാത്ത പദ്ധതികള്‍കെണിയാകും
കിഫ്ബി മുഖേനയുള്ള വികസനത്തിലെ ഏറ്റവും വലിയ അപകടം ഭാവിയിലെ വായ്പാ തിരിച്ചടവായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2016-17 മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം. ഇത്രയും തുക സമാഹരിക്കാനാകാതെ വന്നാല്‍ തുടങ്ങിവച്ച പദ്ധതികളെല്ലാം താളം തെറ്റും. അഥവാ പണം സമാഹരിച്ചാല്‍ തന്നെ 10 വര്‍ഷം കൊണ്ട് മുതലും പലിശയും ഉള്‍പ്പെടെ ഒരു ലക്ഷം കോടി രൂപയാണ് കിഫ്ബി തിരിച്ചടക്കേണ്ടത്.
മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് എന്നീ ഇനത്തില്‍ ഇപ്പോള്‍ കിഫ്ബിക്ക് പ്രതിവര്‍ഷം ഏകദേശം 1200 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്.
എന്നാല്‍ പ്രതിവര്‍ഷം 15 ശതമാനം വര്‍ധനയോടെ നികുതി വര്‍ധിക്കുന്നതിനാല്‍ 2030-31ല്‍ സര്‍ക്കാര്‍ കിഫ്ബിക്ക് 14000 കോടി നല്‍കുമെന്നാണ് കണക്ക്. അതിനപ്പുറത്തേക്ക് കിഫ്ബിക്ക് ഒരു പൈസയുടെയും ആവശ്യമില്ലെന്നാണ് ധനമന്ത്രിയുടെ വാദം.
അതേസമയം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിക്കുമ്പോള്‍ പെട്രോളിയം സെസില്‍ നിന്നും കിഫ്ബിക്ക് പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാനിടയില്ലെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ സീനിയര്‍ ഫാക്കല്‍റ്റി മെമ്പറായ ഡോ.ജോസ് സെബാസ്റ്റിയന്‍ പറയുന്നു.
പ്രവാസി ചിട്ടിയില്‍ നിന്നുള്ള 10,000 കോടി കോസ്റ്റല്‍ ആന്‍ഡ് ഹില്‍ ഹൈവേക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും നിക്ഷേപത്തിലെ ഭീമമായ കുറവ് കാരണം അതും പ്രായോഗികമല്ലാതായിരിക്കുകയാണ്. കിഫ്ബി ഇതുവരെ മൊത്തം 9928 കോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്‌തെങ്കിലും അവയില്‍ 7893 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ.
'2019 മാര്‍ച്ച് വരെ 42306 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും 7893 കോടിയുടെ പദ്ധതികളുടെ നിര്‍മാണം മാത്രമാണ് തുടങ്ങിയത്. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ആരംഭിച്ചത് 18.63 ശതമാനം മാത്രം' ഡോ.ബി.എ പ്രകാശ് ചൂണ്ടിക്കാട്ടി. പദ്ധതി മാനേജ്‌മെന്റ് രംഗത്ത് കിഫ്ബി തന്നെ വളരെയേറെ പിന്നോക്കം പോയിരിക്കുകയാണെന്ന് വ്യക്തം. കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഏതാനും ചില പദ്ധതികളും ഇഴഞ്ഞുനീങ്ങുകയാണ്. വിശദാംശങ്ങള്‍ക്ക് ഇതോടൊപ്പമുള്ള ബോക്‌സ് ശ്രദ്ധിക്കുക. ഇതെല്ലാം കിഫ്ബിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയാകെ തകിടം മറിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഫ്ബിയുടെ പക്കലുള്ള തുക ഏകദേശം 10,000 കോടി രൂപയാണ്. പെട്രോളിയം സെസ്, മോട്ടോര്‍ വെഹിക്കിള്‍ നികുതി, മസാല ബോണ്ട്, മറ്റ് വായ്പകള്‍ എന്നിവയെല്ലാംകൂടി ചേര്‍ന്ന തുകയാണിത്. എന്നാല്‍ മാര്‍ച്ച് വരെ 536 പദ്ധതികള്‍ക്കായി 42306 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിരിക്കുന്നത്.
ഫണ്ടിന്റെ ലഭ്യത കണക്കിലെടുക്കാതെ പദ്ധതികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കിഫ്ബി ചെയ്യുന്നത്. അംഗീകാരം നല്‍കിയ പദ്ധതികളില്‍ തന്നെ പവര്‍, ഐ.ടി, കള്‍ച്ചര്‍ എന്നിവയിലുള്ള 6568 കോടി രൂപയുടെ 26 പദ്ധതികള്‍ മാത്രമാണ് വരുമാനദായകമെന്ന്് കിഫ്ബി കണ്ടെത്തിയിട്ടുണ്ട്. അതായത് വരുമാനം നല്‍കാത്തവയാണ് കിഫ്ബിയുടെ ഭൂരിഭാഗം പദ്ധതികളുമെന്ന് ഇത് തെളിയിക്കുന്നു.
പദ്ധതി നിര്‍വഹണം കടുത്ത വെല്ലുവിളി
വരുമാനദായകമല്ലാത്ത പദ്ധതികള്‍ കാരണം കിഫ്ബിയുടെ വികസനതന്ത്രം പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുണ്ടായാല്‍ കേരളം കടക്കെണിയില്‍ മുങ്ങിത്താഴുമെന്നതില്‍ തര്‍ക്കമില്ല. മറിച്ച് ഏറ്റവും നിര്‍ണ്ണായക പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയിപ്പിക്കുകയാണെങ്കില്‍ അവ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചേക്കും. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാലതാമസം, അടിക്കടിയുള്ള ഹര്‍ത്താലുകള്‍, പദ്ധതി നിര്‍വഹണത്തിലുള്ള വകുപ്പുകളുടെ കെടുകാര്യസ്ഥത, വകുപ്പുകളുടെ ഏകോപനമില്ലായ്മ, അഴിമതി, ചുവപ്പുനാട എന്നിവയൊക്കെ കിഫ്ബി പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് തടസമാകും.
'2025 ആകുമ്പോഴേക്കും കേരളീയ ജനസംഖ്യയില്‍ 20 ശതമാനം വൃദ്ധരായിരിക്കും. ജോലി ചെയ്യാന്‍ കഴിവുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതിനാല്‍ സമ്പദ്
ഘടനയുടെ വളര്‍ച്ചയും താഴേക്കാകും. ഇവയൊക്കെ കിഫ്ബി വായ്പയുടെ തിരിച്ചടവിനെ പ്രതിസന്ധിയിലാക്കാനിടയുണ്ട്' ഡോ.ജോസ് സെബാസ്റ്റിയന്‍ പറഞ്ഞു.
2021ഓടെ കേരളം സമ്പൂര്‍ണ്ണ ധനകാര്യത്തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് 2016ലെ ധവളപത്രത്തിലെ കണ്ടെത്തല്‍. 2016നെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെയൊന്നും മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കിഫ്ബിയുടെ വായ്പകള്‍ എങ്ങനെ തിരിച്ചടക്കുമെന്നതാണ് പ്രധാന പ്രശ്‌നം. കിഫ്ബി മുഖേന സമസ്ത മേഖലകളിലെയും വികസനം ഒറ്റയടിക്ക് നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം പാളിപ്പോകുമെന്ന് തന്നെയാണ് പലരുടെയും വിലയിരുത്തല്‍. ഏതായാലും വരും മാസങ്ങളിലെ വിഭവ സമാഹരണം കിഫ്ബിക്ക് വളരെ നിര്‍ണായകമാവും.
പദ്ധതികളില്‍ രാഷ്ട്രീയം കലരുന്നുവേണ്ടാ?
അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം തന്നെ സാംസ്‌ക്കാരികരംഗം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കിഫ്ബി അനേകം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിഫ്ബി ഏതൊക്കെ പദ്ധതികള്‍ ഏറ്റെടുക്കണമെന്നത് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതിനാല്‍ ഇത്തരം പദ്ധതികളില്‍ രാഷ്ട്രീയ താല്‍പ്പര്യമോ അല്ലെങ്കില്‍ പ്രാദേശിക താല്‍പ്പര്യമോ കലര്‍ന്നിട്ടില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 700 കോടി രൂപ ചെലവില്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക നായകന്മാരുടെ പേരുകളില്‍ കെ.എസ്.എഫ്.ഡി.സി കള്‍ച്ചറല്‍ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുന്നതാണ് ഒരു പദ്ധതി. പാലക്കാട് വി.ടി.ഭട്ടതിരിപ്പാടിന്റെയും കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെയും തലസ്ഥാനത്ത് അയ്യന്‍കാളിയുടെയും ആലപ്പുഴയില്‍ പി.കൃഷ്ണപിള്ളയുടെയും പേരിലും മറ്റുള്ള സ്ഥലങ്ങളില്‍ അക്കാമ്മ ചെറിയാന്‍, ലളിതാംബിക അന്തര്‍ജ്ജനം, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ പേരുകളിലുമാണ് സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.
കൂടാതെ കോഴിക്കോട്, ഒറ്റപ്പാലം, കായംകുളം, പേരാമ്പ്ര, തലശ്ശേരി, പയ്യന്നൂര്‍, കൊല്ലം, നെയ്യാറ്റിന്‍കര, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഏകദേശം 100 കോടി വീതം ചെലവഴിച്ച് സിനിമാ തിയേറ്റര്‍ കോംപ്ലക്‌സുകളും നിര്‍മിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റുകളുടെ വരുമാനം വിലയിരുത്തിയിട്ടായിരിക്കാം ഇത്തരമൊരു നീക്കമെന്ന് പ്രതീക്ഷിക്കാം.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കിഫ്ബിയുടെ ഫണ്ടുമൊക്കെ കണക്കിലെടുക്കാതെയുള്ള ഇത്തരം ധൂര്‍ത്ത് ഒരിക്കലും ഗുണകരമാകാനിടയില്ല.
ആവേശം ഒരുഭാഗത്ത്, ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ മറുവശത്ത്
കിഫ്ബി മുഖേന സാമ്പത്തിക പരിമിതികളെ മറികടന്നുകൊണ്ട് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ അതിശക്തവും അതിവേഗത്തിലുമുള്ള മുന്നേറ്റം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കാലതാമസം ഉണ്ടാകാറുണ്ട്.
അതാകട്ടെ നിക്ഷേപം വിന്യസിപ്പിക്കുന്നത് വൈകിപ്പിക്കുകയും പദ്ധതികളുടെ ചെലവ് കുത്തനെ ഉയര്‍ത്തുകയും വരുമാനദായകമായ പദ്ധതികളില്‍ നിന്നും അത് ലഭിക്കാന്‍ കാലതാമസമുണ്ടാക്കുകയും ചെയ്യും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികളും ഇത്തരം ഊരാക്കുടുക്കുകളില്‍ നിന്നും മുക്തമല്ലെന്ന് സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കിഫ്ബി അനുമതി നല്‍കിയ രാമനാട്ടുകര വാട്ടര്‍ സപ്ലൈയുടെ നവീകരണത്തിന് 2017 നവംബറില്‍ കരാര്‍ നല്‍കിയിരുന്നു.
17 കോടി ചെലവുള്ള ഈ പദ്ധതിക്ക് 9 മാസമായിരുന്നു കംപ്ലീഷന്‍ കാലാവധി. എന്നാല്‍ സംസ്ഥാനത്തെ വെള്ളാനകളില്‍ പ്രമുഖമായ കേരള വാട്ടര്‍ അഥോറിറ്റിയുടെ കണക്ക് പ്രകാരം ഇപ്പോഴും ഈ പദ്ധതിയുടെ 65 ശതമാനം മാത്രമേ
പൂര്‍ത്തിയായിട്ടുള്ളൂ.
കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ തലസ്ഥാനത്തെ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നിവിടങ്ങളില്‍ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതികളും ഇഴയുകയാണ്. 2017 മെയ് മാസത്തില്‍ കിഫ്ബി ഇതിന് അനുമതി നല്‍കിയിരുന്നെങ്കിലും പദ്ധതി ഇതേവരെ മുന്നോട്ട് നീങ്ങിയിട്ടില്ല. വര്‍ക്ക് സൈറ്റ് ക്ലിയര്‍ ചെയ്ത് നല്‍കാത്തതിനാല്‍ നാടുകാണിയിലെ ഹോസ്റ്റല്‍ കെട്ടിടം, അക്കാദമിക് ബ്ലോക്ക് എന്നിവയുടെ കരാര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കരാറുകാരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആലപ്പുഴ കനാലിലെ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ആധുനികവല്‍ക്കരിക്കുന്നതിനുള്ള 38 കോടി രൂപയുടെ പദ്ധതിക്ക് 2017 സെപ്റ്റംബറില്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാതെ റീ-ടെന്‍ഡര്‍ മുഖേന 2019 ഫെബ്രുവരിയിലാണ് വര്‍ക്ക് അലോട്ട് ചെയ്തത്. കിഫ്ബിയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാരും വിസമ്മതിക്കുന്നതായി സൂചനയുണ്ട്. ഈയൊരു വേഗതയിലാണ് പദ്ധതികളുടെ നടത്തിപ്പ് എങ്കില്‍ സത്വര വികസനമെന്നത് വെറുമൊരു മരീചികമായി മാറുമെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ബാധ്യത ഭീമമായ തോതില്‍ കുതിച്ചുയരുകയും ചെയ്യും.