പരിരക്ഷ വേണ്ടേ?ഇൻഷുറൻസ് എടുക്കാൻ ഇന്ത്യക്കാർക്ക് മടി; ലോക ശരാശരി ഇതിനേക്കാൾ ഭേദം
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനം (Insurance Penetration) കുറഞ്ഞതായി റിപ്പോര്‍ട്ട്. 2022-23 വര്‍ഷത്തില്‍ 4 ശതമാനമുണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 3.7 ശതമാനമായി കുറഞ്ഞതായും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ)യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2047 ആകുമ്പോള്‍ എല്ലാവര്‍ക്കും പരിരക്ഷയെത്തിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമിക്കണമെന്നും ഐ.ആര്‍.ഡി.എ.ഐ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെന്നാണ് ഐ.ആര്‍.ഡി.എ.ഐയുടെ ലക്ഷ്യം.
ഒരു രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനത്തിന്റെ പ്രധാന സൂചകങ്ങളാണ് ഇന്‍ഷുറന്‍സ് പെനിട്രേഷനും ഇന്‍ഷുറന്‍സ് ഡെന്‍സിറ്റിയും. ജി.ഡി.പിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ശതമാനമാണ് പെനിട്രേഷന്‍ കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ പ്രീമിയവും ജനസംഖ്യയും തമ്മിലുള്ള അനുപാതത്തെയാണ് ഇന്‍ഷുറന്‍സ് ഡെന്‍സിറ്റി അല്ലെങ്കില്‍ പ്രതിശീര്‍ഷ പ്രീമിയം എന്ന് വിളിക്കുന്നത്. 2022-23 വര്‍ഷത്തിലും മുന്‍വര്‍ഷത്തെ 4.2 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ കുറഞ്ഞിരുന്നു. 2023-24 വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സുകള്‍ 2.8 ശതമാനമായി കുറഞ്ഞതാണ് പെനിട്രേഷന്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സമാന കാലയളവില്‍ നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കവറുകളുടെ വളര്‍ച്ച ഒരു ശതമാനമായി മാറ്റമില്ലാതെ തുടര്‍ന്നു.
എന്നാല്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് ഡെന്‍സിറ്റിയുടെ വളര്‍ച്ച മുകളിലോട്ടാണ്. 2022-23 കാലഘട്ടത്തില്‍ 92 ഡോളര്‍ (ഏകദേശം 7,835 രൂപ) ആയിരുന്ന പ്രതിശീര്‍ഷ പ്രീമിയം തൊട്ടടുത്ത വര്‍ഷം 95 ഡോളര്‍ (ഏകദേശം 8,090 രൂപ) ആയി വര്‍ധിച്ചു. ഇതേകാലയളവുകളില്‍ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സുകളുടെ പ്രീമിയം 22 ഡോളറും (ഏകദേശം 1,873 രൂപ) 25 ഡോളറുമായിരുന്നു (ഏകദേശം 2,130 രൂപ). എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 2016-17 കാലഘട്ടം മുതല്‍ 70 ഡോളറായി (ഏകദേശം 5,960 രൂപ) തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ വളരെ പിന്നില്‍
ഇന്‍ഷുറന്‍സ് വ്യാപനത്തില്‍ ഇന്ത്യ പിറകിലാണെങ്കിലും ഇന്‍ഷുറന്‍സ് പെനിട്രേഷനിലെ ആഗോള ശരാശരി 7 ശതമാനമാണെന്നും റിപ്പോര്‍ട്ട് തുടരുന്നു. ആഗോള ഇന്‍ഷുറന്‍സ് ഡെന്‍സിറ്റി 889 ഡോളറാണ് (ഏകദേശം 75,700 രൂപ). വികസിത രാജ്യങ്ങളായ യു എസ് , ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ സ്ഥലങ്ങളിലെ ഇന്‍ഷുറന്‍സ് പെനിട്രേഷന്‍ ശരാശരി പത്ത് ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.