അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ സാമ്പത്തിക ആസൂത്രകരെയും വിദഗ്ധരെയും ബിസിനസ് സമൂഹത്തെയും ആശങ്കയിലാഴ്ത്തുന്നു, സമ്പദ്‌വ്യവസ്ഥ ഉണരുമോ?
കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരും
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ എല്ലാം അത്ര നല്ല നിലയിലല്ല. ദേശീയ-ആഗോള തലത്തിലെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ ഏതാനും വര്‍ങ്ങളായി സമ്പദ്വ്യവസ്ഥ ശ്രദ്ധേയമായ വളര്‍ച്ച നേടിയെങ്കിലും നിലവില്‍ മാന്ദ്യം നേരിടുകയാണ്. അസ്വസ്ഥതയുളവാക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ സാമ്പത്തിക ആസൂത്രകരെയും വിദഗ്ധരെയും രാഷ്ട്രീയക്കാരെയും ബിസിനസ് സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വലിയ ഇടിവ്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ പ്രതീക്ഷിത ജിഡിപി വളര്‍ച്ച ഏകദേശം ഏഴ് ശതമാനമായിരുന്നെങ്കില്‍ 5.4 ശതമാനം മാത്രമാണ് നേടാനായത്. ആര്‍ബിഐ നേരത്തേ പ്രവചിച്ചിരുന്നതും ഏഴ് ശതമാനം വളര്‍ച്ചയാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് പാദങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രണ്ടാം ത്രൈമാസത്തില്‍ ഉണ്ടായത്. ആദ്യ പാദത്തിലെ 6.7 ശതമാനവുമായി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ എട്ട് ശതമാനം താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ ഇടിവാണ്.
ഈ കാലയളവിലെ വ്യാവസായിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 14.3 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി കുറഞ്ഞു. എന്നാല്‍ കാര്‍ഷിക മേഖല മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇപ്പോള്‍ നേരിടുന്ന മാന്ദ്യത്തിന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉയര്‍ന്ന പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങള്‍ ഒഴികെയുള്ളവയ്ക്കായി ആളുകള്‍ ചെലവഴിക്കുന്നത് കുറഞ്ഞു.
2. ഉയര്‍ന്ന പലിശ നിരക്കുകള്‍.
3. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന നിക്ഷേപം ചുരുക്കിയത്.
4. നഗര ഉപഭോഗത്തില്‍ വന്ന ഇടിവ്.
5. പ്രതികൂല കാലാവസ്ഥ.
6. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ.
7. കയറ്റുമതിയിലെ ഇടിവ്.
നിരവധി കമ്പനികളുടെ വില്‍പ്പനയും ലാഭവും ഇതിനകം തന്നെ മന്ദഗതിയിലായിട്ടുണ്ട്. കൃഷിയും വ്യാപാരവും ഒഴികെയുള്ള മിക്ക മേഖലകളുടെയും വളര്‍ച്ച മന്ദഗതിയിലാണ്. ആദ്യ ഏഴ് മാസങ്ങളില്‍ മൂലധന ചെലവ് ബജറ്റ് വിഹിതത്തിന്റെ 42 ശതമാനമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 54 ശതമാനമായിരുന്നു. വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചു വരുന്നതും വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.
6.5 ശതമാനമായി കുറയും
സമ്പൂര്‍ണ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നേരത്തെ കണക്കാക്കിയിരുന്ന ഏഴ് ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വര്‍ധിച്ചു വരുന്ന ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍, നിരക്ക് യുദ്ധങ്ങള്‍, ട്രംപിന്റെ അപ്രവചനീയമായ നയങ്ങള്‍, പല വ്യവസായങ്ങളിലും ഉണ്ടായ വന്‍തോതിലുള്ള നിഷ്‌ക്രിയ ശേഷി മറികടക്കാന്‍ ചൈന സാധനങ്ങള്‍ വിപണികളില്‍ കുന്നുകൂട്ടുന്നത് (സ്റ്റീല്‍ തന്നെയാണ് ഒരു ഉദാഹരണം) തുടങ്ങിയ കാരണങ്ങളാല്‍ അതുതന്നെ നേടാന്‍ ബുദ്ധിമുട്ടാകും.
ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിനായി ചെലവിടല്‍ നടത്തുക, അടിസ്ഥാന സൗകര്യ വികസനത്തിനായി പണം ചെലവിടുക, തൊഴിലാളികളുടെ നൈപുണ്യവും ഉല്‍പ്പാദന ക്ഷമതയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള വലിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക തുടങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ച എന്നതു തന്നെ വലിയ വെല്ലുവിളിയാകും.
(ധനം മാഗസീന്‍ 2024 ഡിസംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)