ഷാരുഖ് ഖാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

എളിമയും സ്വയം ആര്‍ജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സി.ഇ.ഒ ഷാജി വര്‍ഗീസ്

Update:2024-05-30 09:29 IST
മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് ഗുണംചെയ്യുന്നതാണ് പുതിയ സഹകരണം. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്.സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.
കമ്പനിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഈ സഹകരണത്തിലൂടെ കൂടുതല്‍ ശക്തമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്തിയിലുപരി എളിമയും സ്വയം ആര്‍ജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മാധ്യമങ്ങളിലൂടെയുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കാമ്പെയിനുകളില്‍ ഷാരൂഖാന്‍ പ്രത്യക്ഷപ്പെടുകയും ഗ്രൂപ്പിന്റെ സേവനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. വിവിധ ഉത്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുവെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News

വിട, എം.ടി ...