ഇന്ത്യയില്‍ വിമാനയാത്രയ്ക്ക് പ്രിയംകൂടി; ആഭ്യന്തര യാത്രക്കാര്‍ കൂടിയിട്ടും വ്യോമയാന മേഖലയ്ക്ക് നഷ്ടം!!

ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പ് 2020ല്‍ ഉണ്ടായിരുന്ന 142 കോടിയെന്ന റെക്കോഡ് മറികടന്നു

Update: 2024-04-13 04:57 GMT

Image : fly91.in

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം വലിയ കുതിച്ചുചാട്ടം. 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആകെ യാത്രക്കാരുടെ എണ്ണം 15.4 കോടിയായിട്ടാണ് വര്‍ധിച്ചത്. കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ വന്നതും കൊവിഡ് മഹാമാരിക്കു ശേഷം ആളുകള്‍ കൂടുതലായി യാത്രയ്ക്കായി സമയം മാറ്റിവയ്ക്കുന്നതും വ്യോമയാന മേഖലയ്ക്ക് കരുത്തായി.
ഈ രംഗത്തെ നഷ്ടത്തിലും കുറവു വന്നിട്ടുണ്ട്. വരുമാനം കൂടിയതോടെ 4,000 കോടിയില്‍ നിന്ന് 3,000 കോടി രൂപയിലേക്ക് നഷ്ടകണക്ക് കുറയ്ക്കാനായിട്ടുണ്ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ (Icra) റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പ് 2020ല്‍ ഉണ്ടായിരുന്ന 14.2 കോടിയെന്ന റെക്കോഡ് മറികടന്നു.
നേട്ടമായി പുതിയ എയര്‍പോര്‍ട്ടുകള്‍
മാര്‍ച്ചില്‍ വിമാനമാര്‍ഗം ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്തവരുടെ എണ്ണം 135.2 ലക്ഷം ആണ്. വ്യോമയാന മേഖലയില്‍ ഓരോ വര്‍ഷവും 4.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിനൊപ്പം പുതിയ എയര്‍പോര്‍ട്ടുകളും വരുന്നത് മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 270.1 ലക്ഷം ആണ്. 25 ശതമാനത്തിന്റെ വര്‍ധനയാണ് തൊട്ടുമുമ്പുള്ള ഇതേ കാലയളവിനേക്കാള്‍ നേടാനായത്. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ വ്യോമയാന രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനാകും വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനു പോകുന്നവരുടെ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചതും മേഖലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
Tags:    

Similar News