തീര്‍ത്ഥാടന-വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

രണ്ട് വര്‍ഷം കൊണ്ട് 29 കോടി രൂപയുടെ വരുമാനം നേടികൊടുക്കാന്‍ ബജറ്റ് ടൂറിസം വിഭാഗത്തിന് സാധിച്ചു

Update:2024-05-27 15:07 IST

Image made by Canva 

ഹിറ്റായി മാറിയ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കടുത്ത വേനലില്‍ ഏപ്രിലില്‍ യാത്രക്കാര്‍ കുറവായിരുന്നെങ്കിലും മഴ എത്തിയതോടെ വീണ്ടും തിരക്കേറിയിട്ടുണ്ട്. മണ്‍സൂണ്‍ ടൂറിസത്തിനും കെ.എസ്.ആര്‍.ടി.സി പദ്ധതിയിടുന്നുണ്ട്. ഇതിനൊപ്പം അയല്‍സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ട്രിപ്പുകളും പരിഗണനയിലാണ്.

കൊല്ലം ഡിപ്പോയിലെ യാത്രകള്‍

കൊല്ലം ഡിപ്പോയില്‍ നിന്നുള്ള വിനോദ-തീര്‍ഥാടന-കപ്പല്‍ യാത്ര 29ന് ആരംഭിക്കും. രാവിലെ അഞ്ചിന് ഇലവീഴാപുഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍കൊള്ളുന്ന ഏകദിന വിനോദ യാത്ര. നിരക്ക്-820 രൂപ. 30ന് പുലര്‍ച്ചെ അഞ്ചിന് കൊട്ടിയൂര്‍ വൈശാഖ ഉത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍, തിരുനെല്ലി, കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ ഒന്നിന് രാവിലെ മടങ്ങിയെത്താം. ഈ യാത്രയുടെ നിരക്ക് 2,820 രൂപയാണ്.

ഈ മാസം 30ന് രാവിലെ അഞ്ചിന് വാഗമണിലെ ടൂറിസം കേന്ദ്രങ്ങളായ അഡ്വഞ്ചര്‍ പാര്‍ക്ക്, കണ്ണാടിപ്പാലം, പൈന്‍വാലി, മൊട്ടക്കുന്ന്, പരുന്തുംപാറ ട്രിപ്പിന് യാത്ര ചാര്‍ജും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 1,020 രൂപ.

മെയ് 31ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കുമുള്ള യാത്രയ്ക്ക് യാത്രക്കൂലിയും ഫോറസ്റ്റ് എന്‍ട്രി ഫീസും ബോട്ടിങ്ങും ഉച്ചഭക്ഷണവും ട്രെക്കിംഗും ഉള്‍പ്പെടെ 2,150 രൂപ. പേപ്പാറ, കല്ലാര്‍, പൊന്മുടി അപ്പര്‍ സാനിറ്റോറിയം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 2ന് രാവിലെ 6.30നുള്ള യാത്രയ്ക്ക് എന്‍ട്രി ഫീസും യാത്രാ നിരക്കും ഉള്‍പ്പെടെ 770 രൂപയാകും. ഫോണ്‍- 9747969768, 8921950903.

കൈനീട്ടി സ്വീകരിച്ച് യാത്രക്കാര്‍

കെ.എസ്.ആര്‍.ടി.സി 2021 നവംബറില്‍ ആരംഭിച്ചതാണ് ബജറ്റ് ടൂറിസം സെല്‍. രണ്ട് വര്‍ഷം കൊണ്ട് 29 കോടി രൂപയുടെ വരുമാനം നേടികൊടുക്കാന്‍ ബജറ്റ് ടൂറിസം വിഭാഗത്തിന് സാധിച്ചു. 2023 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. ഓര്‍ഡിനറി, ഫാസ്റ്റ്, ഡീലക്സ് എന്നിങ്ങനെ ബജറ്റിനനുസരിച്ച് ടൂര്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കാമെന്നതാണ് ഗുണം. 450 രൂപ മുതലുള്ള പാക്കേജുകളുണ്ട്. ഭക്ഷണം, താമസം എന്നിവയുള്‍പ്പെടെയുള്ള പാക്കേജുകളും നല്‍കുന്നുണ്ട്. മൂന്നാറിലും ബസില്‍ തന്നെ സ്റ്റേ ചെയ്യാനുള്ള സൗകര്യങ്ങളും കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നുണ്ട്.

അയല്‍സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിനോദയാത്ര പദ്ധതി ശൈശവദശയിലാണ്. ഇതുസംബന്ധിച്ച പ്രാരംഭറിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. താല്‍ക്കാലിക പെര്‍മിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന സാധ്യതയാണ് പരിഗണിക്കുന്നത്. കൊടൈക്കനാല്‍, ഊട്ടി, രാമേശ്വരം, വേളാങ്കണ്ണി, കന്യാകുമാരി എന്നീ കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Tags:    

Similar News