അട്ടിമറിയുടെ അവസാനം? ഇനിമുതല്‍ ഇഷ്ടമുള്ള യന്ത്രങ്ങളും ജോലിക്കാരെയും സംരംഭകര്‍ക്ക് ഉപയോഗിക്കാം

Update:2020-10-01 13:08 IST

വ്യവസായ സ്ഥാപനങ്ങളില്‍ കയറ്റിറക്ക് സംബന്ധിച്ച് യൂണിയന്‍ പ്രവര്‍ത്തകരുടെ ഇടപെടലുകളും വാക്കു തര്‍ക്കങ്ങളും പതിവായത് സംരംഭകര്‍ക്ക് തലവേദനയായിരുന്നു. എന്നാല്‍ ആര്‍ക്കും ചരക്കുകള്‍ കയറ്റിറക്കാനും ഏത് യന്ത്രങ്ങളും ഇതിനായി ഉപയോഗപ്പെടുത്താനുമുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. അതായത് രജിസ്റ്റര്‍ ചെയ്ത ചുമട്ടു തൊഴിലാളികള്‍ക്ക് അതാത് പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കു സംബന്ധിച്ച കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാനാകില്ല എന്നതാണ് വാസ്തവം. ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി കേരളത്തിലെ ചുമട്ടു തൊഴിലാളി നിയമം തന്നെ ഭേദഗതി ചെയ്തിട്ടുണ്ട്.

കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിക്ഷേപ പ്രോത്സാഹന സൗകര്യമൊരുക്കല്‍ ഓര്‍ഡിനന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ വ്യവസായ സ്ഥാപനങ്ങളിലെ കയറ്റിറക്കിന് സംരംഭകര്‍ക്ക് എവിടെനിന്നുമുള്ള ജോലിക്കാരെ ഉപയോഗിക്കാമെന്നായിട്ടുണ്ട്. ഈ ആവശ്യത്തിനായി ഇഷ്ടമുള്ള യന്ത്രങ്ങളും എത്തിക്കാം, ഉപയോഗിക്കാം.

ഏഴ് നിയമങ്ങളാണ് ഇതടക്കം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിട്ടുള്ളത്. വിവിധ വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച് ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വീട്ടാവശ്യത്തിനുള്ള കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ ഉപയോഗിക്കാന്‍ നിയമം നിലനില്‍ക്കുന്നുണ്ട്. വ്യവസായ പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, വ്യവസായ പ്രദേശമായി  പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഇനി ഇഷ്ടമുള്ള തൊഴിലാളികളെ കൊണ്ട് ചരക്കിറക്കിക്കാം.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസി'ല്‍ ഇപ്പോള്‍ കേരളത്തിന് 20ാം റാങ്കാണ്. ഇത് മെച്ചപ്പെടുത്താനും കേരളം വ്യവസായ, നിക്ഷേപ സൗഹാര്‍ദ സംസ്ഥാനമാക്കാനുമുള്ള നടപടികള്‍ ഒക്‌റ്റോബര്‍ 31 ന് മുമ്പായി സ്വീകരിക്കാനുമാണ് കേന്ദ്ര അറിയിപ്പ്. ഈ സാഹചര്യത്തിലാണ് വ്യവസായങ്ങള്‍ക്ക് തലവേദനയായിരുന്ന പ്രശ്‌നത്തില്‍ സംസ്ഥാനം പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News