പെട്രോള്‍, ഡീസല്‍ കച്ചവടം വന്‍ ലാഭത്തില്‍; എണ്ണക്കമ്പനി ഓഹരികള്‍ റെക്കോഡില്‍
12.50 രൂപ നഷ്ടത്തില്‍ വിറ്റിരുന്ന ഡീസലില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്നത് എട്ട് രൂപ ലാഭം; മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ഓഹരികള്‍ 52 ആഴ്ചത്തെ ഉയരത്തിലെത്തി
പെട്രോളിന് പുറമേ ഡീസല്‍ വില്‍പനയും മികച്ച ലാഭത്തിലായതോടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി./IOCL), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (BPCL/ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL/എച്ച്.പി.സി.എല്‍) എന്നിവയുടെ ലാഭം നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 22,800 കോടി രൂപയായി ഉയര്‍ന്നുവെന്ന അനുമാനവുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്.
2022-23 ഏപ്രില്‍-ജൂണില്‍ ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് കത്തിക്കയറുകയും അനുപാതികമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടാനാവാതെ വരികയും ചെയ്തതോടെ മൂന്ന് കമ്പനികളും സംയുക്തമായ 18,500 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. പിന്നീട്, ക്രൂഡോയില്‍ കുത്തനെ കുറയുകയും റഷ്യയില്‍ നിന്ന് മികച്ച ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ ലഭിക്കുകയും ചെയ്തിട്ടും പെട്രോള്‍, ഡീസല്‍ വില ഈ കമ്പനികള്‍ കുറയ്ക്കാതിരുന്നത് ഈ നഷ്ടം നികത്താന്‍ വേണ്ടിയായിരുന്നു.
ലാഭത്തില്‍ വില്‍പന
2022-23 ഏപ്രില്‍ ജൂണില്‍ പെട്രോള്‍ വില്‍പന ലിറ്ററിന് 8.6 രൂപ നഷ്ടത്തിലായിരുന്നു. അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ പെട്രോള്‍ വില്‍പന ലിറ്ററിന് 6.8 രൂപ ലാഭത്തിലായി. നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ വില്‍പന 9 രൂപ ലാഭത്തിലാണ്.
2022 ജൂണ്‍പാദത്തില്‍ ഡീസല്‍ വില്‍പന 12.50 രൂപ നഷ്ടത്തിലായിരുന്നു. ജനുവരി-മാര്‍ച്ചിലാണ് ഡീസല്‍ വില്‍പന ലാഭത്തിലായത്. ലിറ്ററിന് 50 പൈസയായിരുന്നു ആ പാദത്തില്‍ ലാഭം. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ലാഭം 8.6 രൂപയായി ഉയര്‍ന്നു.
ഇതോടെ, കഴിഞ്ഞവര്‍ഷം ഏപ്രില്‍-ജൂണിലെ 18,500 കോടി രൂപയുടെ നഷ്ടം ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 20,800 കോടി രൂപയുടെ ലാഭത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞപാദത്തില്‍ ലാഭം 22,800 കോടി രൂപയായും വര്‍ദ്ധിച്ചുവെന്നാണ് വിലയിരുത്തല്‍. ശരാശരി 70-75 ഡോളറാണ് ഇപ്പോള്‍ രാജ്യാന്തര ക്രൂഡ് വില.
കുതിച്ചുകയറി ഓഹരി വില
മൂന്ന് പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെയും ഓഹരി വില ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തി. ഇന്ത്യന്‍ ഓയിലിന്റെ ഓഹരികള്‍ ഇന്നൊരുവേള 101.25 വരെ ഉയര്‍ന്നിട്ട് 99.20 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വില വര്‍ദ്ധിച്ചത് 27.73 ശതമാനമാണ്.
ബി.പി.സി.എല്‍ ഓഹരി ഇന്ന് ഒരുവേള 397.90 വരെയെത്തിയ ശേഷം 391.80ല്‍ വ്യാപാരം ചെയ്യുന്നു. മൂന്നുമാസത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയ ആദായം (റിട്ടേണ്‍) 17.97 ശതമാനമാണ്. എച്ച്.പി.സില്‍ ഓഹരികള്‍ ഇന്ന് 308 രൂപവരെയെത്തി. ഇപ്പോള്‍ ഓഹരി വിലയുള്ളത് 305.15 രൂപയില്‍. മൂന്നുമാസത്തെ നേട്ടം 34.05 ശതമാനമാണ്.