പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഉടന്‍; കേരളത്തില്‍ യോഗ്യര്‍ 23.41 ലക്ഷം പേര്‍

യോഗ്യത പരിശോധിക്കാനുള്ള വഴികള്‍ നോക്കാം

Update:2024-02-26 11:46 IST

Image : Canva

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയിലെ (പി.എം. കിസാന്‍) 16-ാം ഗഡുവിന്റെ വിതരണം ഈ മാസം 28ന് (ഫെബ്രുവരി 28) നടക്കും. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍.
കേരളത്തില്‍ 23.41 ലക്ഷം പേരുണ്ടെന്നാണ് കണക്ക്. 15-ാം ഗഡുവരെയുള്ള കണക്കുപരിശോധിച്ചാല്‍ കേരളത്തിലെ 100 ശതമാനം പേര്‍ക്കും തുക കിട്ടിയെന്നാണ് പി.എം കിസാന്‍ പോര്‍ട്ടല്‍ വ്യക്തമാക്കുന്നത്. 1.86 കോടിപ്പേരുമായി ഉത്തര്‍പ്രദേശാണ് ഏറ്റവുമധികം യോഗ്യരുള്ള സംസ്ഥാനങ്ങളില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്ന് 85 ലക്ഷം കര്‍ഷകരും മദ്ധ്യപ്രദേശില്‍ നിന്ന് 76 ലക്ഷം പേരുമുണ്ട്.
പി.എം കിസാന്‍ സമ്മാന്‍ നിധി
പ്രതിവര്‍ഷം 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കര്‍ഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം നല്‍കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 8,000 മുതല്‍ 10,000 രൂപവരെയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സ്ത്രീകര്‍ഷകര്‍ക്കുള്ള ആനുകൂല്യമെങ്കിലും കൂട്ടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതും ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ പരിഗണിച്ചില്ല.
ആരാണ് യോഗ്യര്‍?
രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിപ്രകാരം ആനുകൂല്യം നല്‍കുന്നത്. ആദായ നികുതിദായകര്‍ അര്‍ഹരല്ല.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് https://pmkisan.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇ-കെ.വൈ.സി (eKYC) നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ പോര്‍ട്ടല്‍ വഴി ഒ.ടി.പി അധിഷ്ഠിതമായി ഇ-കെ.വൈ.സി നല്‍കാം. അല്ലെങ്കില്‍ തൊട്ടടുത്തെ ജനസേവന കേന്ദ്രം (CSC centre) സന്ദര്‍ശിച്ചും ഇ-കെ.വൈ.സി നല്‍കാം.
അനര്‍ഹര്‍ക്ക് 'പണി' കിട്ടും!
അതേസമയം, അനര്‍ഹരെ കണ്ടെത്തി നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും ബാങ്കുകളോടും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അദായ നികുതി അടയ്ക്കുന്നവരടക്കം പി.എം കിസാന്‍ ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. കര്‍ഷകരെ വഞ്ചിച്ച് നിരവധി ഇടനിലക്കാര്‍ പണം തട്ടുന്നതും കണ്ടെത്തിയിരുന്നു.
കേരളത്തില്‍ 30,416 അനര്‍ഹരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്ന് ആനുകൂല്യങ്ങളെല്ലാം തിരിച്ചുപിടിക്കും. ഇതിനകം 2,190 പേര്‍ മാത്രമേ പണം തിരിച്ചടച്ചിട്ടുള്ളൂ.
Tags:    

Similar News