സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിഎജി; ഓഡിറ്റുകള്‍ ശക്തിപ്പെടുത്തണം
സബ്സിഡികളുടെ വര്‍ധനവും, ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചതും മൂലം സംസ്ഥാനങ്ങളുടെ ധനസഥിതി മോശമായിരുന്നു.
സംസ്ഥാന ധനകാര്യത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് മെച്ചപ്പെടുത്താന്‍ രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മു അക്കൗണ്ടന്റ് ജനറല്‍മാരോട് (എജി) ആവശ്യപ്പെട്ടു. നികുതി വരുമാനം കുറയുന്നതും, സബ്സിഡികളുടെ വര്‍ധനവും, ചില സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിച്ചതും മൂലം സംസ്ഥാനങ്ങളുടെ ധനസഥിതി മോശമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് ശക്തിപ്പെടുത്തുന്നതിലും സാമൂഹികമായി പ്രസക്തമായ ഓഡിറ്റുകള്‍ തിരിച്ചറിയുന്നതിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെനന്നും സിഎജി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രാദേശിക സര്‍ക്കാരുകളെ പിന്തുണയ്ക്കുന്നതിനായി 15-ാം ധനകാര്യ കമ്മീഷന്‍ 4.36 ട്രില്യണ്‍ രൂപ അനുവദിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് ശക്തമാക്കാണമെന്നും മുര്‍മു പറഞ്ഞു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം ശ്രദ്ധാപൂര്‍വം വിലയിരുത്തേണ്ട ഒരു പ്രധാന വിഷയമാണ്. നികുതി വരുമാനം കുറയുന്നതും പഴയ പെന്‍ഷന്‍ പദ്ധതികള്‍ പുനരാരംഭിക്കുന്നതും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക അപകടസാധ്യതകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഫിനാന്‍സ് കമ്മീഷനും ശ്രദ്ധിച്ചിട്ടുണ്ടെന്നും മുര്‍മു പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ നല്‍കാറുണ്ട്. ഇത്തരം ഗ്രാന്റുകള്‍ ശരിയായി വിനിയോഗിക്കുകയും പരിപാടികളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മുര്‍മു പറഞ്ഞു. അതുകൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റുകള്‍, കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന നിര്‍ണ്ണായക ധനപരമായ നടപടികള്‍ എന്നിവ കൃത്യമായും നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സിഎജി പറഞ്ഞു.