രൂപ പുതിയ താഴ്ചയിലേക്ക്, 73 കടന്നു; ആർബിഐ പലിശ നിരക്ക് ഉയർത്തിയേക്കും

Update: 2018-10-03 05:34 GMT

ഉയരുന്ന ഇന്ധനവില വർധനയ്ക്കിടെ, രൂപയുടെ മൂല്യം ബുധനാഴ്ച വീണ്ടും ഇടിഞ്ഞ് ഡോളറിന‌് 73.25 എന്ന നിലയിലെത്തി. രൂപയുടെ ഇതേവരെ കണ്ടതിൽ വെച്ചേറ്റവും താഴ്ന്ന നിലയാണിത്.

രൂപ പുതിയ റെക്കോർഡ് താഴച്ചയിലെത്തിയതോടെ, എല്ലാ കണ്ണുകളും ആർബിഐയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ഒക്ടോബർ ആദ്യവാരം നടക്കുന്ന നയാവലോകന യോഗത്തിൽ ആർബിഐ പലിശ നിരക്ക് ഉയർത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇത് കറൻസിയെ പിന്താങ്ങുമെങ്കിലും കേവലം ഒന്നോ രണ്ടോ തവണ നിരക്കുയർത്തിയത് കൊണ്ടുമാത്രം രൂപ രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നാണ് വിപണി നിരീക്ഷകരുടെ പൊതുവെയുള്ള അഭിപ്രായം.

രൂപയുടെ വീഴ്ച നിങ്ങളെ എങ്ങനെ ബാധിക്കും

രൂപയുടെ വിനിമയ മൂല്യം പുതിയ താഴ്ചകള്‍ തേടുമ്പോള്‍ ബിസിനസുകളെയും പൊതുസമൂഹത്തെയും എങ്ങനെ അത് ബാധിക്കും? നമുക്ക് പരിശോധിക്കാം.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില ഉയരുന്നതും അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ആഗോള നിക്ഷേപകര്‍ അവിടേക്ക് മാറ്റുന്നതുമാണ് രൂപ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്ക് തിരിച്ചടിയാകുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിയുമ്പോള്‍ അതിന്റെ പ്രതിഫലനം സമസ്ത മേഖലകളിലുമുണ്ടാകും.

  • ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളായ ഐ.റ്റി, ഫാര്‍മ, ടെക്‌സ്റ്റൈല്‍ രംഗങ്ങള്‍ക്ക് രൂപയുടെ വീഴ്ച നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തൊട്ടാകെ വിലക്കയറ്റത്തിനും ബാങ്ക് പലിശയിലെ വര്‍ധനയ്ക്കും ഇടയാക്കുന്നതിനാല്‍ സാധാരണക്കാരെ പോലും ഇത് അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും.
  • ഇറക്കുമതി ചെലവ് കൂടുതലും കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറവുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതി ചെലവ് കുത്തനെ ഉയരും. ഇത് കറന്റ് എക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. എണ്ണ വില വര്‍ധിക്കുമ്പോള്‍ കമ്മി വീണ്ടും ഉയരും.
  • എണ്ണ, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, സ്വര്‍ണം എന്നിവയുടെ ഇറക്കുമതി കുറച്ചാല്‍ മാത്രമേ കമ്മി കുറയ്ക്കാനാകു. നിലവില്‍ ജിഡിപിയുടെ 2.5 ശതമാനമാണ് കറന്റ് എക്കൗണ്ട് കമ്മി. ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എണ്ണ വില ബാരലിന് 90 ഡോളര്‍ എത്തിയാല്‍ കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 3.6 ശതമാനമെത്തുമെന്നാണ് വിലയിരുത്തല്‍.
  • എണ്ണ വില വര്‍ധിക്കുമ്പോള്‍ ചരക്ക് കടത്ത് കൂലി കുത്തനെ ഉയരും. ഇത് സകല സാധനത്തിന്റെയും വില വര്‍ധനയ്ക്ക് കാരണമാകും. നാണ്യപ്പെരുപ്പം വര്‍ധിക്കും.
  • വിലക്കയറ്റം വര്‍ധിക്കുന്നതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പാ ചെലവ് ഉയരുന്നത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ വ്യാവസായികോല്‍പ്പാദനം കുറയാന്‍ ഇത് ഇടയാക്കും. ഇത് സാമ്പത്തിക വളര്‍ച്ചയില്‍ തന്നെ ഇടിവുണ്ടാക്കും.
  • വിദേശത്ത് വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രൂപയുടെ മൂല്യതകര്‍ച്ച ഏറെ പ്രതികൂലമായി ബാധിക്കും. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഏറെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പോകുന്നത്. ഒരു ലക്ഷം ഡോളര്‍ ഫീസുള്ള കോഴ്‌സിന് ഓഗസ്റ്റ് ആദ്യവാരം ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി 63 ലക്ഷം രൂപ നല്‍കേണ്ടിയിരുന്നുവെങ്കില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ അത് 71 ലക്ഷമായാണ് വര്‍ധിച്ചത്!
  • നിലവിലുള്ള, സെമസ്റ്റര്‍ ആരംഭത്തില്‍ ഫീസ് നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഇത് പ്രശ്‌നമാകില്ലെങ്കിലും അവരുടെ ജീവിതചെലവ് കുത്തനെ ഉയരും. സ്‌കോളര്‍ഷിപ്പ് നേടിയെടുത്തുകൊണ്ടോ പാര്‍ടൈം ജോലികള്‍ ചെയ്‌തോ പഠന ചെലവിലെ ഭാരം കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഈ സാഹചര്യത്തില്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെലവ് ഉയരുന്നതോടെ വിദ്യാഭ്യാസ വായ്പാ തുകയും പലരും വര്‍ധിപ്പിക്കേണ്ടി വരും.
  • നിലവില്‍ വിദേശയാത്രയ്ക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് പണമടച്ചവര്‍ക്ക് യാത്രാക്കൂലി കൂടില്ലെങ്കിലും വിദേശത്തെ താമസം, ഭക്ഷണം, അവിടെ എത്തിയ ശേഷമുള്ള യാത്രകള്‍ എന്നിവയുടെ ചെലവ് ഉയരും. ഏപ്രില്‍ - ജൂണ്‍ മാസങ്ങളില്‍ പൊതുവേ യൂറോപ്യന്‍ വിനോദയാത്രയ്ക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ പോകാറുണ്ട്. ഇത്തരം യാത്രികരില്‍ ഭൂരിഭാഗവും ഒക്‌റ്റോബറിലാണ് ബുക്കിംഗ് നടത്തുക. രൂപയുടെ ഇടിവ് തുടര്‍ന്നാല്‍ ഇത്തരം ബുക്കിംഗ് കുത്തനെ കുറയും.
  • ആശുപത്രി ചെലവിന്റെ 30-40 ശതമാനത്തോളം മെഡിക്കല്‍ എക്വിപ്‌മെന്റിന്റേതാണ്. മെഡിക്കല്‍ ഉപകരണങ്ങളില്‍ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നവയാണ്. കാര്‍ഡിയോളജി, കാന്‍സര്‍ കെയര്‍, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ്‌സ്, ലബോറട്ടറികള്‍ എന്നിവയില്‍ വിദേശ ഉപകരണങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ ചെലവ് ഉയരുമ്പോള്‍ അത് ചികിത്സ തേടുന്നവരുടെ ബില്‍ തുക സ്വാഭാവികമായും ഉയരും. ഇതോടൊപ്പം വിദേശ ചികിത്സ തേടുന്നവരുടെ ചെലവും വര്‍ധിക്കും.

നേട്ടങ്ങളുണ്ട്

രൂപയുടെ മൂല്യമിടിയുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് വിദേശരാജ്യത്ത് ലഭിക്കുന്ന വേതനം കുത്തനെ ഉയരും. അതുകൊണ്ട് കൂടുതല്‍ പണം നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ളാദവേളയാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 64 കടന്നതു മുതല്‍ റെമിറ്റന്‍സില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. മുന്‍കാലങ്ങളില്‍ രൂപയുടെ മൂല്യം ഇത്തരത്തില്‍ ഇടിയുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയെടുത്ത് നാട്ടിലേക്ക് അയക്കുന്ന വര്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ സുരക്ഷിതത്വം കുറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പ്രവണത കുറവാണ്.

മുന്‍കാലങ്ങളില്‍ രൂപയുടെ മൂല്യതകര്‍ച്ച സംഭവിക്കുമ്പോള്‍ വിദേശത്തു നിന്നുള്ള പണം വരവില്‍ പത്തു ശതമാനത്തോളം വര്‍ധന വരെ ഉണ്ടായിട്ടുണ്ട്.

പൊതുവേ രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകാറുണ്ട്. എന്നാല്‍ രാജ്യത്തു നിന്നുള്ള എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് ജൂലൈയില്‍ 9.4 ശതമാനമാണെന്ന് എന്‍ജിനീയറിംഗ് എക്‌സ്പോര്‍ട്ട് പ്രെമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഇപിസി) പറയുന്നു. ജൂണില്‍ രൂപയുടെ മൂല്യം 5.19 ശതമാനമാണ് ഇടിഞ്ഞത്. ജൂലൈയില്‍ 6.56 ശതമാനവും.

ജൂണില്‍ എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് 14.17 ശതമാനമായിരുന്നപ്പോള്‍ ജൂലൈയില്‍ ഇത് 9.37 ശതമാനത്തിലേക്ക് വീണു. അപ്പോള്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് എങ്ങനെ മെച്ചം കിട്ടുമെന്നാണ് ഇഇപിസി അധികൃതര്‍ ചോദിക്കുന്നത്. കറന്‍സി മൂല്യത്തിലെ ചാഞ്ചാട്ടങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ ഇപ്പോള്‍ പറയുന്നത്.

ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുകയും ഉല്‍പ്പാദന ചെലവ് കുറയുകയും ചെയ്യാതെ കയറ്റുമതിരംഗത്തിന് നേട്ടമുണ്ടാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar News