ചിക്കന്‍ വില കൂടിയതിന് കാരണം ഇടനിലക്കാരല്ല; ഹോട്ടലുകള്‍ പ്രതിസന്ധിയില്‍
തമിഴ്‌നാട്ടിലും വില ഏകദേശം കേരളത്തിലേതിനു സമാനമാണ്
ചിക്കന്‍ വില കുത്തനെ ഉയര്‍ന്നതോടെ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍. ചിക്കന്‍ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെയാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. കോഴിയിറച്ചി കിലോയ്ക്ക് 265 രൂപ വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു കിലോ കോഴിക്ക് 190 രൂപ വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്.
ചെറിയ പെരുന്നാളും വിഷുവും അടുത്തു വരുന്നതിനാല്‍ കോഴിയിറച്ചിയുടെ ഡിമാന്‍ഡ് കൂടും. അതുകൊണ്ട് തന്നെ വില കുറയാനുള്ള സാധ്യത കുറവാണ്. വില റോക്കറ്റ് കണക്കേ ഉയര്‍ന്നതോടെ ഹോട്ടല്‍ ഭക്ഷണത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. രാത്രികളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ചിക്കന് പകരം കാടക്കോഴിയിലേക്ക് മെനു മാറ്റിയിട്ടുണ്ട്.
ഫാമുകളില്‍ ക്ഷാമം, തമിഴ്‌നാട്ടിലും ഇടിവ്
സംസ്ഥാനത്ത് കോഴി ഫാമുകളില്‍ കടുത്ത ചൂടുമൂലം കോഴികള്‍ ചത്തൊടുങ്ങുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിലേക്ക് പ്രധാനമായും കോഴിയെത്തുന്ന തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പല ഫാമുകളും കടുത്ത ചൂടിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സാധാരണയായി കേരളത്തില്‍ വില കൂടുന്ന സമയത്ത് തമിഴ്‌നാട്ടില്‍ കുറഞ്ഞു നില്‍ക്കുന്നതാണ് പതിവ്.
ഇത്തവണ പക്ഷേ തമിഴ്‌നാട്ടിലും വില ഏകദേശം കേരളത്തിലേതിനു സമാനമാണ്. അവിടെയും കടുത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനം കുറവാണ്. തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ് കോഴി കൃഷിയുടെ കേന്ദ്രം. കേരളത്തില്‍ കോഴി ഫാമുകളുടെ എണ്ണം കൂടിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള വരവിനെ പൂര്‍ണമായി ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥയിലെ വ്യതിയാനം മൂലം ഉല്‍പാദനം കുറഞ്ഞതിനാല്‍ മെയ് ആദ്യം വരെ വില ഇടിയാനുള്ള സാധ്യത കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കോഴിവില കൂടിയതോടെ കച്ചവടവും കുറഞ്ഞിട്ടുണ്ട്. കല്യാണങ്ങളിലും മറ്റും ചടങ്ങുകളിലും കോഴിയിറച്ചി വിഭവങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട് കേറ്ററിംഗ് നടത്തിപ്പുകാര്‍.
വില കൂടുമ്പോള്‍ ഒന്നുകില്‍ കോഴിയിറച്ചി വിഭവങ്ങള്‍ കുറയ്ക്കുകയോ അളവില്‍ വ്യത്യാസം വരുത്തുകയോ ആണ് പലപ്പോഴും ഹോട്ടലുകാര്‍ ചെയ്യുന്നത്. ഇപ്പോഴത്തെ പിടിവിട്ട വിലമൂലം താല്‍ക്കാലികമായി കോഴിയിറച്ചിയെ ഒഴിവാക്കാന്‍ പല ഹോട്ടലുകാരും തീരുമാനിച്ചിട്ടുണ്ട്.
കോഴിയിറച്ചിക്കൊപ്പം ബീഫ് വിലയും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. 300 മുതല്‍ 380 രൂപ വരെയാണ് പലയിടത്തും ബീഫ് വില. മലബാര്‍ ഭാഗത്ത് വില താരതമ്യേന കുറവാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി മധ്യകേരളത്തില്‍ പലയിടത്തും തോന്നിയ വിലയ്ക്കാണ് ബീഫ് വില്‍പന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കര്‍ശന പരിശോധനയുള്ള സ്ഥലങ്ങളില്‍ വിലയില്‍ കുറവ് പ്രകടമാണ്.