പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ഏകദിന നേട്ടത്തോടെ സെന്‍സെക്‌സ്

Update: 2020-04-07 11:42 GMT

ആഗോള വിപണികളിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും ഇന്ന് മുന്നേറിയപ്പോള്‍ സെന്‍സെക്‌സ് ഉയര്‍ന്നത് 2,476 പോയ്ന്റ്. ശതമാന കണക്കെടുത്താല്‍ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ഏകദിന നേട്ടമാണിത്.

ഇന്നത്തെ വിപണിയുടെ പ്രകടനം മൂലം നിക്ഷേപകര്‍ക്ക് എട്ട് ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായിട്ടുണ്ട്. സെന്‍സെക്‌സ് 30,067 പോയ്ന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി ഒന്‍പതുശതമാനം വര്‍ധനയോടെ 8,792ലെത്തി.

കോവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ച അമേരിക്കയിലും യൂറോപ്പിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലേക്ക് വരുന്നുവെന്ന സൂചനയാണ് ആഗോള വിപണികളില്‍ ആത്മവിശ്വാസം പകര്‍ന്നത്.

യുഎസ് മാര്‍ക്കറ്റ് ഡൗ ഫ്യൂച്ചേഴ്‌സ് ഇന്ന് മൂന്നുശതമാനം ഉയര്‍ന്നു.

ഇന്ത്യന്‍ രൂപയുടെ മൂല്യം അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 75.63 രൂപയിലെത്തി. 50 പൈസയുടെ നേട്ടമാണ് ഇന്നുണ്ടായത്.

ഫിനാന്‍സ്, ഫാര്‍മ സെക്ടറുകളാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലെ റാലിയെ നയിച്ചത്. കയറ്റുമതി രംഗത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതാണ് ഫാര്‍മ കമ്പനികളുടെ മുന്നേറ്റത്തിന് കാരണമായത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരി വില ഇന്ന് 14 ശതമാനം വര്‍ധന രേഖപ്പെടുത്തി.

നിഫ്റ്റി ബാങ്ക്് സൂചികയും ഇന്ന് 10 ശതമാനത്തിലേറെ ഉയര്‍ന്നു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍ക്കോ, എം&എം, ഗ്രാസിം എന്നിവരും ഇന്ന് നേട്ടമുണ്ടാക്കിയവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധ എന്ന് നിയന്ത്രണ വിധേയമാക്കാനാകുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഓഹരി വിപണിയിലെ ഇന്നത്തെ പ്രകടനം വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാനിടയില്ല.

മാത്രമല്ല, കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ രാജ്യം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് ഇതിനകം തന്നെ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു തീരുമാനം കൈകൊണ്ടാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും ആഘാതമാകും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഓഹരി വിപണിയുടെ ഇന്നത്തെ ഉണര്‍വ് സ്ഥിരതയുള്ളതായി പരിഗണിക്കാനാവില്ല.  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News