സ്വർണത്തിന് അമേരിക്കൻ ഷോക്ക്; കേരളത്തിൽ വീണ്ടും വില ഇടിഞ്ഞു

രാജ്യാന്തരവിലയിലും വന്‍ ചാഞ്ചാട്ടം

Update:2024-05-03 10:13 IST

Image : Canva

രാജ്യാന്തര വിപണിയിലെ കനത്ത ചാഞ്ചാട്ടം അലയടിച്ചതിനെ തുടര്‍ന്ന് കേരളത്തിലും ഇന്ന് സ്വര്‍ണവില മലക്കംമറിഞ്ഞു. ഗ്രാമിന് 50 രൂപ താഴ്ന്ന് വില 6,575 രൂപയായി. 400 രൂപ കുറഞ്ഞ് 52,600 രൂപയാണ് പവന്‍വില.
ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കൂടിയിരുന്നു. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിറുത്തുകയും ആഗോള സമ്പദ്‌രംഗത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തതോടെയാണ് ഇന്നലെ വില കൂടിയത്.
എന്നാല്‍, അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് ഉടന്‍ പുറത്തുവരാനിരിക്കേയാണ് ഇപ്പോള്‍ സ്വര്‍ണവില താഴ്ന്നത്. തൊഴിലവസരങ്ങള്‍ കൂടിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് ഫെഡറല്‍ റിസര്‍വിന്റെ പലിശ അവലോകനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
സമ്പദ്സ്ഥിതി മെച്ചപ്പെടുന്നുവെന്ന് കണ്ടാല്‍ പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് മടിക്കും. ഇത് സ്വര്‍ണവിലയെ കൂടുതല്‍ താഴേക്ക് വീഴ്ത്തും. ഇന്നലെ ഔൺസിന് 2,320 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 2,303 ഡോളറിലാണ്.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ താഴ്ന്ന് 5,485 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല; ഗ്രാമിന് 87 രൂപ.
അക്ഷയ തൃതീയ ഇക്കുറി മേയ് 10നാണ്. അക്ഷയ തൃതീയയ്ക്ക് മുമ്പായി സ്വര്‍ണവില കുറയുന്നത് ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസമാകും.
22 കാരറ്റ് സ്വര്‍ണവില ഉയര്‍ന്നതലത്തില്‍ തുടരുന്നുവെന്നിരിക്കേ, താരതമ്യേന മികച്ച വിലക്കുറവുള്ള 18 കാരറ്റില്‍ തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമേറുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. കൗമാരക്കാരും യുവാക്കളും 18 കാരറ്റില്‍ നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡിമാന്‍ഡ് കൂടുകയാണെന്നും ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
Tags:    

Similar News