ജൂവല്‍റികള്‍ പൂട്ടിക്കിടക്കുമ്പോള്‍ സ്വര്‍ണവിലയില്‍ എന്തുസംഭവിക്കുന്നു?

Update:2020-03-26 12:27 IST

ആഗോള വിപണികളിലെ ചാഞ്ചാട്ടം വീണ്ടും സ്വര്‍ണത്തെ മികച്ച നേട്ടം നല്‍കുന്ന
നിക്ഷേപമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യയില്‍ പത്തുഗ്രാം സ്വര്‍ണത്തിന്റെ വില (999 ശുദ്ധതയുള്ളത്) 45,000 രൂപയിലെത്തുമെത്തിയേക്കും. ഗോള്‍ഡ് ഇടിഎഫുകളിലും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലും നിക്ഷേപിച്ചവര്‍ക്ക് ഇത് നേട്ടമാണ്. കോറോണ ബാധയെ തുടര്‍ന്ന് ആഗോള വിപണികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്ന ഈ കാലത്ത് നിക്ഷേപത്തിന് അനുസൃതമായി ഇപ്പോള്‍ നേട്ടം നല്‍കുന്നത് സ്വര്‍ണമാണ്.
ലോകമെമ്പാടുമുള്ള സ്‌പോട്ട് ഗോള്‍ഡ് മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ സൂചിത വിലയായുള്ള ഇന്ത്യന്‍ ബുള്യന്‍ ജൂവല്ലേഴ്‌സ് അസോസിയേഷന്റെ വില ഇന്നലെയും മൂന്നുശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ വില വര്‍ധന പ്രകടമാണ്.

ആഗോള വിപണികളില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, കോവിഡ് 19നെ തുടര്‍ന്ന് ആഗോളതലത്തിലെ സ്വര്‍ണഖനികളും ശുദ്ധീകരണ ശാലകളും അടഞ്ഞുകിടക്കുകയുമാണ്. ഇത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് (13.1 ഗ്രാം) വില 1620 ഡോളറായെങ്കിലും
ഇന്ത്യയില്‍ അത്രമാത്രം വില വര്‍ധന ഇപ്പോള്‍ പ്രകടമായിട്ടില്ല. എംസിഎക്‌സ് ഫ്യൂച്ചേഴ്‌സില്‍ വില്‍പ്പന സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് ഇന്ത്യന്‍ സ്വര്‍ണ വിലയില്‍ 10 ഗ്രാമിന് ഏകദേശം 2000 രൂപയോളം ഡിസ്‌കൗണ്ട് വരുന്നത്. അതിനിടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയും നിലച്ചിരിക്കുകയാണ്. പെറു, ചില എന്നിവിടങ്ങളിലെ സ്വര്‍ണഖനികള്‍ ഉള്‍പ്പടെയുള്ള ഒരു ഖനികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ റിഫൈനറികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിട്ടില്ലെങ്കിലും അസംസ്‌കൃത സ്വര്‍ണത്തിന്റെ വരവ് ഭാഗികമായി നിലച്ചിട്ടുണ്ട്.

സ്വര്‍ണത്തില്‍ എങ്ങനെ, എത്ര നിക്ഷേപമാകാം?

ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ സ്വര്‍ണത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നവരാണ്. മലയാളികള്‍ കൂടുതലായും ആഭരണങ്ങളായാണ് നിക്ഷേപം നടത്തുക. മക്കളുടെ വിവാഹം, പണയം വെച്ച് പണമാക്കാനുള്ള എളുപ്പം എന്നിവയെല്ലാം പരിഗണിച്ചാണിത്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 10 -12 ശതമാനം സ്വര്‍ണത്തിലേക്ക് മാറ്റിവെച്ചാല്‍ നന്നായിരിക്കുമെന്നാണ് നിക്ഷേപരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതാണ് മികച്ച രീതിയെന്നും ഇവര്‍
ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News