സാമ്പത്തിക വളർച്ചയില്‍ കേരളം രാജ്യത്ത് പിറകില്‍, അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വളര്‍ച്ച 3.16 ശതമാനം

മിസോറം, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍

Update:2024-12-23 11:41 IST

Image Courtesy: Canva

വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.
ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് 2023-24 എന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുളളത്. കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച 33 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. പട്ടികയില്‍ കേരളം 30ാം സ്ഥാനത്താണ് ഉളളത്.
2018-19 നും 2022-23 നും ഇടയിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.എസ്‌.ഡി.പി) കേരളത്തിൻ്റെ ശരാശരി വാർഷിക വളർച്ചാ നിരക്ക് (എ.എ.ജി.ആർ) 3.16 ശതമാനമാണ്. ഡൽഹി (3.13%), ഉത്തരാഖണ്ഡ് (2.16%), ഗോവ (0.70%) എന്നിവയാണ് പട്ടികയില്‍ കേരളത്തിന് പിറകിലുളളത്. 6.75 ശതമാനം വളർച്ചയുമായി മിസോറം ഒന്നാം സ്ഥാനത്തും ഛത്തീസ്ഗഢ് (6.64%), ഗുജറാത്ത് (6.26%) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി.
പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ കാലയളവിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. കർണാടകയുടെ സമ്പദ്‌വ്യവസ്ഥ 5.62 ശതമാനം വളർച്ച നേടി. തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ യഥാക്രമം 5.61 ശതമാനം, 5.27 ശതമാനം, 5.19 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
മാതൃമരണ നിരക്ക് (എം.എം.ആർ), ആയുർദൈർഘ്യം തുടങ്ങിയ സുപ്രധാന സാമൂഹിക സൂചകങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചതായി ആര്‍.ബി.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിലത്തകർച്ചയും മനുഷ്യ-വന്യജീവി സംഘർഷങ്ങളും കാരണം സംസ്ഥാനത്തെ കാർഷിക മേഖല പ്രതിസന്ധി നേരിടുകയാണ്. പകർച്ചവ്യാധിയെത്തുടർന്ന് എൻ.ആർ.ഐ പണമയക്കുന്നതിൽ ഇടിവുണ്ടായതും പ്രകൃതിക്ഷോഭങ്ങളിലെ തുടർന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സർക്കാരിന്റെ ചെലവ് ക്രമാതീതമായി വർധിച്ചതും കേരളം പിന്നോട്ടു പോകാനുളള കാരണങ്ങളാണ്.
ഇന്ത്യയില്‍ ഏറ്റവും ഉയർന്ന പെൻഷൻ ചെലവില്‍ 2023-24 ൽ അഞ്ചാം സ്ഥാനത്താണ് കേരളം. പെൻഷൻ ബാധ്യത 2022-23 ൽ 26,689 കോടി രൂപയായിരുന്നത് 23-24 ല്‍ 28,240 കോടി രൂപയായാണ് ഉയർന്നത്.
Tags:    

Similar News