ടിക് ടോക് അടക്കമുള്ള ആപ്പുകളെ നിരോധിച്ച് കൊണ്ടുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്ക് എന്തുകൊണ്ട്? ആര്‍ക്കാണ് നേട്ടം?

Update: 2020-06-30 08:27 GMT

ചൈനീസ് ഭരണകൂടം ഉപഭോക്തൃ, എന്റര്‍പ്രൈസ് ടെക്‌നോളജി കമ്പനികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുവെന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യം എന്ന നിലയിലുള്ള സൗഹൃദം മുന്‍നിര്‍ത്തി ചൈനയ്ക്കും അവരുടെ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും സംശയത്തിന്റെ നിഴല്‍ വീണിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ചൈന പരസ്യമായി പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ ദിവസങ്ങളായി ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. കൂടാതെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചൈനീസ് കമ്പനിയുമായി നടത്തിയ കരാറുകള്‍ക്ക് കടലാസിന്റെ പോലും വിലയില്ല. ചൈനയുടെ നടപടിയില്‍ ഇന്ത്യ പ്രകോപിതരാണ്. ഈ സാഹചര്യത്തില്‍ ചൈനീസ്-ടെക്-മുക്ത്-ഭാരത് എന്ന ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന് സര്‍ക്കാരിന് തോന്നി. ഇന്ത്യയുടെ ഡിജിറ്റല്‍ സുരക്ഷ കാത്തുസൂക്ഷിക്കുകയും ചൈനയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം 2009 ലെ വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയെ ലാഭകരമായ വിപണിയായാണ് കണക്കാക്കുന്നത്. പക്ഷേ, ഇനി അങ്ങനെയല്ല. അതേസമയം മറ്റു രാജ്യങ്ങളിലെ വന്‍ ഉപഭോക്തൃ നിരിയില്‍ സ്വാധീനം ചെലുത്തുന്നതിലൂടെ പണസമ്പാദനം മാത്രമാണ് ചൈനീസ് കമ്പനികളുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഇന്ത്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനം ടിക് ടോക്കില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. മൊത്തം 59 ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നു. പട്ടികയില്‍ മറ്റ് ജനപ്രിയ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുന്നു: ഷെയറിറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, കാംസ്‌കാനര്‍ എന്നിവ അവയില്‍ ചിലത് മാത്രം.

എങ്ങനെയാണ് നിരോധനം നടപ്പാക്കുന്നത് ?

സര്‍ക്കാരിന്റെ ഉത്തരവ് ജൂണ്‍ 29 നാണ് പുറത്തു വന്നത്. 29 വൈകുന്നേരം മുതല്‍ ഗൂഗിളും ആപ്പിളും അവരുടെ ഇന്ത്യ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഈ അപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട സെര്‍വറുകളിലേക്കും പുറത്തേക്കും ഇന്റര്‍നെറ്റ് ട്രാഫിക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എല്ലാ ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും (ISP) ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപ്ലിക്കേഷനുകള്‍ക്ക് അവയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമുള്ളതിനാല്‍, അവ ഉപയോഗശൂന്യമാകും.

ടിക് ടോക്കിന് ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, കൂടാതെ ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ചൈനയിൽ, ഡ്യുയോയിൻ എന്ന മറ്റൊരു പേരിലാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. നിരോധിച്ച ആപ്ലിക്കേഷനുകള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്, ഇന്ത്യക്കാരുടെ ഡാറ്റാ സുരക്ഷ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. അത്തരമൊരു സാഹചര്യത്തില്‍, ഉടനടി ഈ വിലക്ക് നീക്കാനിടയില്ല. ആപ്ലിക്കേഷനുകളുടെ ഉപയോഗം മാത്രമല്ല. അവ വെബ് ബ്രൗസറിലൂടെ ഉപയോഗിക്കുന്നതിനും നിയന്ത്രണം വീഴും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 'മൊബൈല്‍, മൊബൈല്‍ ഇതര ഇന്റര്‍നെറ്റ് പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങള്‍ക്ക്' നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ കൂടുതലായും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിനിയുമുണ്ട്. ഗെയ്മിംഗ് ആപ്ലിക്കേഷനായ PUBG, വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സൂം തുടങ്ങിയ ആപ്പുകള്‍ക്ക് കത്തി വീണിട്ടില്ല. PUBG യുടെ ഉത്ഭവം ദക്ഷിണ കൊറിയയില്‍ ഉള്ളതുകൊണ്ടും സൂമിന്റെ ഉത്ഭവവം അമേരിക്കയിലായതുകൊണ്ടുമാകാം ഇവയ്ക്ക് നിയന്ത്രണം വീഴാത്തത്. സൂമിന്റെ സ്ഥാപകനും സിഇഒയുമായ എറിക് യുവാന്‍ ചൈനയിലാണ് ജനിച്ചെങ്കിലും ഇപ്പോള്‍ യുഎസ് പൗരനാണ്. എന്നാല്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ (സിഇആര്‍ടി-ഇന്‍) സ്‌കാനറിന് കീഴിലുള്ള 59 ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്.

ആര്‍ക്കാണ് ഈ നിരോധനത്തിലൂടെ നേട്ടം?

ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് ചില അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ആപ്പ് നിരോധിച്ചതു വഴി ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്ബനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കും. നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മുന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ. മുമ്പ് ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായി.

ഷെയര്‍ ചാറ്റ് പോലെ ഇന്ത്യന്‍ നിര്‍മിത ആപ്പുകള്‍ ഇതിനോടകം തന്നെ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്. എംഐ വിഡിയോ കോളിംഗ് ആന്‍ഡ് കമ്മ്യൂണിറ്റി ഉള്‍പ്പെടെ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ വിശ്വസനീയമായ ബദല്‍ ആപ്ലിക്കേഷനുകള്‍ പലതുണ്ട്. പലതും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ആഗോള കമ്പനികളില്‍ നിന്നുള്ളവരാണ്, കൂടാതെ നിരവധി ഇന്ത്യന്‍ ആപ്ലിക്കേഷനുകളും ഉണ്ട്. ഇന്ത്യന്‍ നിര്‍മിത ആപ്ലിക്കേഷനുകള്‍ക്ക് വന്‍ അവസരങ്ങളാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News