കേരളം തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം, വൈകി ബുദ്ധി വന്നാല്‍ നിക്ഷേപങ്ങള്‍ കൈവിട്ടുപോകും

Update:2020-05-11 17:54 IST

തൊഴില്‍ നിയമങ്ങളില്‍ കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കേരളം തയ്യാറാവുമോ? സംസ്ഥാനത്തെ ബിസിനസ് സമൂഹം ഉറ്റുനോക്കുന്നത് ഇതാണ്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയും ബിസിനസുകളും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പല സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍; ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഇക്കാര്യത്തില്‍ അസാധാരണമായ നീക്കങ്ങള്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ബിജെഡി ഭരിക്കുന്ന ഒഡിഷയും തൊഴില്‍ നിയമങ്ങളില്‍ ചെറിയതോതിലെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മിനിമം വേജസ് ആക്ട് അടക്കം എല്ലാം മരവിപ്പിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് തൊഴില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നു?

ലോക്ക്ഡൗണിനെ തുടര്‍ന്ന് വ്യവസായശാലകളെല്ലാം പൂട്ടിക്കിടന്നതോടെ അവയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. കോവിഡിന് മുമ്പ് തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കാതലായ പ്രശ്‌നങ്ങളുണ്ടായിരുന്നു. നോട്ട് പിന്‍വലിക്കലും ജിഎസ്ടി  നടപ്പാക്കലും രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം രാജ്യത്തെ സാധാരണക്കാരുടെ കൈയില്‍ പണമില്ലാതെ വന്നതോടെ ഡിമാന്റും കുത്തനെ കുറഞ്ഞു. ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ വേരാഴ്ത്തി നില്‍ക്കവേയാണ് കോവിഡ് വന്നത്.

പ്രവര്‍ത്തനം മൂലധനം പോലുമില്ലാതെ തട്ടിമുട്ടി മുന്നോട്ടുപോയിരുന്ന ഇന്ത്യന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലായി. ഈ ഘട്ടത്തില്‍ സംരംഭങ്ങള്‍ നിലനില്‍ക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ കൂടിയേ മതിയാകൂ എന്ന ഘട്ടത്തിലാണ് പല സംസ്ഥാന സര്‍ക്കാരുകളും തൊഴില്‍ നിയമത്തില്‍ അസാധാരണമായ പൊളിച്ചെഴുത്തിന് തയ്യാറായത്.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടോ?

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്ന അസാധാരണമായ മാറ്റം രാജ്യത്ത് സജീവമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴില്‍ നിയമം പരിഷ്‌കരിക്കേണ്ടതുണ്ടോ? ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിനെ എങ്ങനെ ബാധിക്കും? എന്നതൊക്കെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നു.

ഒരു തൊഴിലിടത്തിന്റെയോ ഒരു തൊഴിലുടമയുടേയോ സുരക്ഷിതത്വത്തിന്റെ കീഴില്‍ നില്‍ക്കാതെ സ്വന്തം കഴിവിന് മണിക്കൂര്‍ നിരക്കിന് വേതനമിട്ട് വൈദഗ്ധ്യമുള്ളവര്‍ പണമുണ്ടാക്കുന്ന സംവിധാനത്തിലേക്ക് ലോക സമ്പദ് വ്യവസ്ഥകള്‍ മാറുമ്പോള്‍ എട്ടുമണിക്കൂര്‍ ജോലി, മിനിമം കൂലി എന്നതെല്ലാം എത്രകാലം ഇന്ത്യക്ക് മുറുകെ പിടിക്കാനാകുമെന്നാണ് മറ്റൊരു ചോദ്യം.

മാനുഫാക്ചറിംഗ് രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് തന്നെ തൊഴില്‍ നിയമം വിഘാതം സൃഷ്ടിക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങളുടെ സങ്കീര്‍ണ സ്വഭാവവും പരസ്പര വിരുദ്ധമായ കാര്യങ്ങളുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ ഒരുപരിധിവരെ കര്‍ശനമായി പാലിക്കപ്പെടുമ്പോള്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇവയൊക്കെ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ നിയമങ്ങള്‍ കൊണ്ട് കാര്യമായ പരിരക്ഷ ലഭിക്കുന്നില്ല.

കേരളം എന്തുകൊണ്ട് മാറിചിന്തിക്കണം?

തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ചട്ടക്കൂടുകള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന സംസ്ഥാനമാണ് കേരളം. ഉയര്‍ന്ന സാക്ഷരത, ഉന്നത വിദ്യാഭ്യാസം നേടിയ യുവതലമുറ, ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ള ആഗോള നിലവാരമുള്ള തൊഴില്‍സേന, മാറി ചിന്തിക്കാന്‍ കെല്‍പ്പുള്ള സാമൂഹ്യബോധം എന്നിവയെല്ലാം കേരളത്തിന്റെ കരുത്താണ്.

കേരളത്തിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യം സംസ്ഥാനത്തെ സംരംഭക സമൂഹം ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കണം. പിരിച്ചുവിടല്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചപ്പോള്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് സംരംഭക സമൂഹം മുന്നോട്ടുവെയ്ക്കുന്നത്.

കേരളത്തിലെ സങ്കീര്‍ണമായ തൊഴില്‍ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തൊ ഴില്‍ നിയമങ്ങളിലെ മാറ്റം അനിവാര്യമാണുതാനും. കേരളം എന്തിന് മാറി ചിന്തിക്കണമെന്നതിന് കാരണങ്ങള്‍ പലതുണ്ട്.

1. കോവിഡ് കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങളില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്ന പ്രവാസി മലയാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇവിടെ തൊഴില്‍ ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയാണ്.

2. ഒരു ഭാഗത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങളും കായികമായി ക്ഷമത വേണ്ട തൊഴിലിടങ്ങളും ജീവനക്കാരെ ലഭിക്കാതെ വിഷമിക്കുമ്പോള്‍ മറുഭാഗത്ത് കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു

3. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകരെ പിടിച്ചുനിര്‍ത്താനും അസാധാരണ നീക്കങ്ങള്‍ നടത്തുമ്പോള്‍ കാലോചിതമല്ലാത്ത വ്യവസ്ഥകള്‍ കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ശോഭ കെടുത്തും.

കേരളത്തിന് എന്ത് ചെയ്യാന്‍ പറ്റും?

സമകാലിക ലോക സാഹചര്യങ്ങളും കേരളത്തിന്റെ സവിശേഷതകളും പരിഗണിച്ച് കേരള സര്‍ക്കാരിന് ഫ്യൂച്ചറിസ്റ്റികായ സമീപനം തൊഴില്‍ നയങ്ങളില്‍ സ്വീകരിക്കാന്‍ പറ്റുന്ന അവസരമാണിത്.

ലോകത്തിന്റെ മാനുഫാക്ചറിംഗ് ഹബ്ബായ ചൈനയെ ഉപേക്ഷിച്ച് പോകാന്‍ തയ്യാറെടുക്കുന്ന കമ്പനികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുയാണ് ഇതര രാജ്യങ്ങള്‍. ഇന്ത്യയേക്കാള്‍ പല കമ്പനികള്‍ക്കും താല്‍പ്പര്യം വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളാണ്. അവിടത്തെ വഴക്കമുള്ള നിയമങ്ങളാണ് ഇതിന് കാരണം.

ഇനി രാജ്യത്തെ കമ്പനികളും അവര്‍ക്ക് ഇളവുകള്‍ ലഭിക്കുന്ന നാട്ടിലേക്കേ പോകൂ. മാറ്റങ്ങളുടെ കാര്യത്തില്‍ എന്നും പുറകില്‍ നടന്നവരാണ് കേരളം. കംപ്യൂട്ടര്‍ വന്നപ്പോള്‍ 'തൊഴിലുകള്‍ തിന്നുന്ന ബകന്‍' എന്ന പേരില്‍ കൈപുസ്തകം വരെ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട് കേരളത്തില്‍.

നെല്‍കൃഷി നഷ്ടമായപ്പോള്‍ രണ്ട് വാഴ വെച്ചവന്റെ പാടത്ത് വെട്ടിനിരത്തല്‍ സമരവും നടത്തിയിട്ടുണ്ട്. ഇന്നിപ്പോള്‍ തിരിച്ചെത്തുന്ന പ്രവാസി സമൂഹത്തോടെ അഗ്രിപ്രണറാകാന്‍ സര്‍ക്കാര്‍ തന്നെ ആഹ്വാനം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ കേരളമെടുത്ത പല നിലപാടുകളും ശരിയല്ലായെന്ന് ഇപ്പോള്‍ കാലം തെളിയിക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങളുടെ കാര്യത്തിലും ഇതുപോലെ വൈകി ബുദ്ധി ഉദിക്കാനിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

കേരളത്തിലേക്ക് നിക്ഷേപം വരില്ല. കേരളത്തിലെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കില്ല. പല ഭാഷകളില്‍ അറിവും വൈദഗ്ധ്യവുമുള്ള മലയാളി തൊഴില്‍ സേനയുടെ കഴിവ് പൂര്‍ണതോതില്‍ ഉപയോഗിക്കാനാവുമില്ല.

കോവിഡിന് ശേഷം പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തിലല്ല, മനുഷ്യന്റെ നിലനില്‍പ്പിനായുള്ള നയങ്ങളാണ് കൊണ്ടുവരേണ്ടത്.

കേരളം എങ്ങനെ മാറണം?

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വന്നാല്‍ ജീവനക്കാര്‍ ചൂഷണത്തിന് വിധേയമാകുമെന്ന വിശ്വാസമൊന്നും വെച്ചുപുലര്‍ത്തേണ്ടതില്ല. മികച്ച കോര്‍പ്പറേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അവരുടേതായ നൈതികതയിലും എച്ച് ആര്‍ പോളിസിയിലുമാണ്. വിദഗ്ധ തൊഴിലാളികള്‍ക്ക് നിയമങ്ങളുടെ പരിരക്ഷയല്ല, മറിച്ച് തൊഴില്‍ ലഭ്യതയാണ് ഉറപ്പാക്കേണ്ടത്. അസംഘടിതരായ അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇപ്പോഴും കാര്യമായ നിയമപരിരക്ഷയൊന്നുമില്ലതാനും.

എട്ടുമണിക്കൂര്‍ തളരാതെ കായികാധ്വാനം വേണ്ട തൊഴില്‍ എടുക്കാനുള്ള ശാരീരിക ക്ഷമതയൊന്നും ഇപ്പോള്‍ മലയാളികള്‍ക്കില്ല. പകരം ജോലിയും വേതനവും മണിക്കൂര്‍ നിരക്കിലാക്കിയാല്‍ ഇവിടെ തൊഴിലും തൊഴിലാളികളുമുണ്ടാകും.

സര്‍ക്കാരിന്റെ ഏജന്‍സികളുടെ തന്നെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ക്കായി ഒരു പോര്‍ട്ടല്‍ സ്ഥാപിക്കാവുന്നതേയുള്ളൂ. തൊഴില്‍ വേണ്ടവര്‍ക്കും തൊഴിലാളികളെ വേണ്ടവര്‍ക്കും അതില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.

മികച്ച കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലനില്‍പ്പുള്ളൂ. വൈദഗ്ധ്യത്തോടെ, ഉത്തരവാദിത്തോടെ പണിയെടുക്കുന്നവര്‍ക്കും അവസരങ്ങളുണ്ടാകും.

കാലഹരണപ്പെട്ട നയങ്ങള്‍ മാറ്റിയെഴുതി പ്രൊഫഷല്‍ രീതിയിലുള്ള തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ പറ്റുന്ന സാഹചര്യമാണിപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു കൂടി ശ്രമിച്ചാല്‍ സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവ് കൂടിയാകും അത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News