വര്‍ക്ക് ഫ്രം ഹോം സാമ്പത്തിക തളര്‍ച്ചയ്ക്ക് ആക്കം കൂട്ടും

Update:2020-03-20 16:41 IST

ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ശീലം എല്ലാ മേഖലകളിലേക്കും കടന്നുവന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം വീണ്ടും കനക്കാന്‍ സാധ്യത. പ്രമുഖ പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ ഏണ്സ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) അവരുടെ 6500 ജീവനക്കാരെ, അതായത് സ്ഥാപനം പൂര്‍ണമായും, വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍പ് ഐറ്റി, ഐറ്റി അനുബന്ധ സേവന കമ്പനികള്‍ മാത്രമാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഏതാണ്ടെല്ലാ മേഖലകളിലെയും കമ്പനികള്‍ ആ തലത്തിലേക്ക് മാറിയിരിക്കുന്നു.

വാഹനം വേണ്ട, വസ്ത്രം വേണ്ട, പുറത്തുനിന്ന് ഭക്ഷണവും വേണ്ട

ജീവനക്കാര്‍ക്കും കമ്പനികള്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏറെ ഗുണകരമായിട്ടുണ്ട്. ജീവനക്കാര്‍ ജോലികള്‍ വീട്ടിലിരുന്ന് ചെയ്താല്‍ ശരിയാകുമോയെന്ന് സംശയിച്ചിരുന്ന കമ്പനി സാരഥികള്‍ക്കു പോലും ഇപ്പോള്‍ ആ് ആശങ്കയില്ല. ഇതോടെ ജീവനക്കാരുടെ ജീവിതശൈലിയില്‍ കാതലമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. സ്വന്തം വാഹനത്തിലും പൊതുഗതാഗത സൗകര്യം ഉപയോഗിച്ചും ജോലിക്കു പോയിരുന്നവര്‍ക്ക് ഇപ്പോള്‍ അതുവേണ്ട. ഇതോടെ പെട്രോള്‍/ ഡീസല്‍ ഉപഭോഗം കുറഞ്ഞു.

വൃത്തിയായും മാന്യമായും വസ്ത്രം ധരിച്ച് ഓഫീസില്‍ എത്താന്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. ഇതിനുവേണ്ടി അല്‍പ്പം അധികം പണം ചെലവിടാനും മടിക്കാറില്ല. ബ്രാന്‍ഡഡ്് വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവയെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ അധികം വേണ്ട. വര്‍ക്ക് ഫ്രം ഹോം വരുമ്പോള്‍ ആദ്യം കുറയുന്നത് ഇത്തരം ചെലവുകളാകും. കോവിഡ് 19 മാറിയാലും എല്ലാ കമ്പനികളും മുന്‍പത്തെ പോലെ എല്ലാ ജീവനക്കാരെയും ഓഫീസിലിരുത്തി ജോലി
ചെയ്യിപ്പിച്ചെന്നും വരില്ല. സ്ഥിരം ജീവനക്കാരുടെ എണ്ണം കുറച്ച് കരാര്‍ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ കമ്പനികളെ പ്രേരിപ്പിച്ചത് മുന്‍കാലത്തെ ഒരു സാമ്പത്തിക മാന്ദ്യമാണ്. നിലവില്‍ വര്‍ക്ക് ഫ്രം ഹോമിന്റെ മെച്ചം നേരിട്ടറിയുന്ന കമ്പനികള്‍ കോവിഡ് 19 ഭീതി ഒഴിഞ്ഞാലും ആ ശൈലി തുടരാനാണിട.

കച്ചവടത്തില്‍ തിരിച്ടി നേരിടാന്‍ പോകുന്ന മറ്റൊരു മേഖല റെസ്‌റ്റോറന്റ് രംഗമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങേണ്ട സ്ഥിതി കുറയും.

ആഡംബരമെന്തിന് ആവശ്യം നടന്നാല്‍ പോരെ

ശരാശരി മലയാളി ആഡംബരത്തിന് നേരെ മുഖം തിരിക്കാറില്ല. ഏറ്റവും പുതിയ ബ്രാന്‍ഡുകള്‍ കൈയില്‍ കരുതുന്നത് ആവശ്യത്തിലേക്കാളേറെ മറ്റുള്ളവരെ കാണിക്കാന്‍ കൂടിയാണ്. ഇത്തരത്തിലുള്ള പ്രദര്‍ശനത്തിനുള്ള അവസരങ്ങള്‍ കുറയുന്നതും സാമ്പത്തിക രംഗത്ത് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളും കൂടി ചേരുമ്പോള്‍ ചെലവുകള്‍ വീണ്ടും ചുരുക്കാന്‍ ഭൂരിഭാഗം പേരും തയ്യാറാകും. കാര്‍, മൊബീല്‍ ഫോണ്‍ എന്നിവയുടെ വില്‍പ്പനയെ ഇത് പ്രതികൂലമായി ബാധിക്കാനാണിട. ''എന്റെ പ്രായമായ പിതാവിന് വേണ്ട സാധനങ്ങള്‍ എട്ടുവയസ്സുള്ള എന്റെ കുട്ടിയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ഓര്‍ഡര്‍ ചെയ്തു കൊടുക്കുന്നത്. ഇത് നമ്മുടെ ജീവിതശൈലിയില്‍ വരുന്ന മാറ്റത്തിന്റെ സൂചന കൂടിയാണ്. ആവശ്യമുള്ളത് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി വീട്ടില്‍ വരുത്തുക എന്ന പ്രവണത ഇനി ശക്തിയാര്‍ജ്ജിക്കുകയേ ഉള്ളൂ. ഇത് നമ്മുടെ റീറ്റെയ്ല്‍ രംഗത്തിന് തിരിച്ചടിയാകും. അതൊരു യാഥാര്‍ത്ഥ്യമാണ്,''സംസ്ഥാനത്തെ ഒരു ബിസിനസുകാരന്‍ തുറന്നുപറയുന്നു.

ക്രയശേഷി കുറയുന്നതും തിരിച്ചടിയാകും

മലയാളിയുടെ ക്രയശേഷി വര്‍ധിപ്പിച്ച ഘടകങ്ങളില്‍ ചിലത് ഗള്‍ഫില്‍ നിന്നുള്ള പണം വരവും റിയല്‍ എസ്റ്റേ്റ്റ് വിലകളിലെ കുതിപ്പുമായിരുന്നു. ഇതു രണ്ടും പഴയ സ്ഥിതിയിലേക്ക് അടുത്ത കാലത്തൊന്നും തിരിച്ചുവരവുണ്ടാകില്ല. ജോലി സ്ഥിരത സംബന്ധിച്ച ആശങ്കകളും മുന്‍പെന്നേക്കാള്‍ ഇനി വര്‍ധിക്കുകയും ചെയ്യും. ഇതുമൂലം ഡിമാന്റിലുണ്ടാകുന്ന കുറവ് കൊറോണ ബാധ കഴിഞ്ഞാലും തുടരുക തന്നെ ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News