ദുബായ് സ്വകാര്യ മേഖല തൊഴിൽ നഷ്ടം കുറയുന്നു

Update:2020-12-16 23:48 IST

കോവിഡ് പടർന്നു പിടിക്കാൻ തുടങ്ങിയ 2020 ന്റെ ആദ്യ പാദത്തിൽ തുടങ്ങി ലോകത്തെല്ലായിടത്തും എന്ന പോലെ ദുബായിലും സ്വകാര്യ തൊഴിൽ മേഖലയിൽ വമ്പിച്ച തിരിച്ചടികൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ദുബായിലെ സ്വകാര്യ തൊഴിൽ മേഖല ഒരു തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

കോവിഡ് വാക്സിന്റെ വരവാണ് സ്വകാര്യ മേഖലയിലെ പുതിയ ഉണർവിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തുടനീളം വാക്സിൻ കുത്തിവയ്പ്പിന് ഒരുങ്ങുകയാണ് യു എ ഇ ഗവണ്മെന്റ്. വാക്സിൻ വരുന്നതോടെ തൊഴിൽ മേഖല വീണ്ടും പുഷ്ടിപ്പെടും എന്ന പ്രതീക്ഷ വാനോളം ഉയരുകയാണ്.

കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, പലരുടെയും ശമ്പളം 25 മുതൽ 50 ശതമാനം വരെ വെട്ടിക്കുറയ്ക്കപ്പെട്ടു, പല ചെറുകിട സ്ഥാപനങ്ങളും അടച്ചു പൂട്ടപ്പെട്ടു, വലിയ കമ്പനികൾ ആകട്ടെ പിടിച്ചു നിൽക്കാൻ വേണ്ടി ചിലവുകൾ ഭീമമായി വെട്ടിക്കുറച്ചു.
എന്നാൽ നവംബർ മുതൽ ഇക്കാര്യത്തിൽ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. തൊഴിൽ നഷ്ടം ഒമ്പത് മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് വന്നിരിക്കുന്നു. എങ്കിലും വ്യാപാരം ഇടിഞ്ഞു തന്നെ. ലോക്ക് ഡൌൺ തുടരുന്ന മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ ഇനിയും വന്നു തുടങ്ങാത്തതാണ് കാരണം. സാമ്പത്തിക മേഖലയിലെ തിരിച്ചു വരവ് പതുക്കെ ആയിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ലണ്ടൻ ആസ്ഥാനമായ ഐ എച് എസ് മാർകിറ്റിലോക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഫലപ്രദമായ കോവിഡ് വാക്സിന്റെ വരവ് ദീര്ഘകാലാടിസ്ഥാനത്തിലുള്ള ശുഭപ്രതീക്ഷ നൽകുന്നുണ്ട് എന്നാണ്. 2021 ൽ വ്യാപാരം മെച്ചപ്പെടും എന്ന പ്രതീക്ഷയാണ് മിക്ക ബിസിനസ് സംരംഭകരും വച്ചു പുലർത്തുന്നത്.
തൊഴിൽ നഷ്ടം കുറഞ്ഞതോടെ ചിലവ് കുറയ്ക്കൽ നടപടികളുടെ കാര്യത്തിൽ പല കമ്പനികളും അയവ് വരുത്തി തുടങ്ങി. പക്ഷെ, ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടത്ര ഡിമാൻഡ് വന്നു തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് തൽക്കാലം പുതിയ ജോലികൾ സൃഷ്ടിക്കപ്പെടില്ല. എന്നാൽ തൊഴിലുകൾ പഴയത് പോലെ നഷ്ടപ്പെടുകയുമില്ല. പല കമ്പനികളും വേനല്ക്കാലത്തിനു ശേഷം അധികം തൊഴിൽ വെട്ടിക്കുറച്ചിട്ടില്ല. പക്ഷെ, ഓർഡറുകൾ വേണ്ട പോലെ പ്രവഹിച്ചില്ലെങ്കിൽ ഈ സ്ഥിതി തുടരുമോ എന്ന് ഉറപ്പ് പറയാനുമാവില്ല.
ഏറ്റവും കൂടുതൽ കോവിഡിന്റെ പേരിൽ ദുരിതം അനുഭവിച്ച മേഖല ട്രാവൽ ആൻഡ് ടൂറിസം ആയിരുന്നു. അവിടെ പുത്തൻ ഉണർവ്വ് വന്നു തുടങ്ങിയിട്ടുണ്ട്. "ലോകത്തിലെ ഏറ്റവും തണുപ്പുള്ള വിന്റർ" എന്നൊരു 45 ദിവസത്തെ ക്യാമ്പയിൻ യു എ ഇ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ക്യാമ്പയിൻ പ്രാദേശിക ടൂറിസം കമ്പനികളുമായി കൈകോർത്തായിരിക്കും നടത്തപ്പെടുക. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ ഒക്കെ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ നടത്തിപ്പ്. വിദേശ സഞ്ചാരികൾക്കൊപ്പം പ്രാദേശിക ടൂറിസ്റ്റുകളെ കൂടി ഈ കാമ്പയിനിൽ ലക്‌ഷ്യം വയ്ക്കുന്നുണ്ട്.
കൺസ്ട്രക്ഷൻ മേഖലയിലും സ്തംഭനം ഉണ്ടായിരുന്നു. പുതിയ പദ്ധതികൾ വരാതായി. നേരത്തെ തുടങ്ങി വച്ച പദ്ധതികൾ തീർക്കാൻ മാത്രം ആവശ്യമായ മാനവശേഷി മതിയെന്ന് പല കമ്പനികളും തീരുമാനിക്കേണ്ടി വന്നു. ഇപ്പോൾ ഈ മേഖലയിലും പുത്തൻ ഉണർവ്വ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. സർക്കാർ തലത്തിൽ ഇത് സംബന്ധിച്ച പല പ്രഖ്യാപനങ്ങളും ഉടനെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Tags:    

Similar News