യു.എ.ഇയില്‍ ശമ്പളം കൂടുമെന്ന് സര്‍വെ റിപ്പോര്‍ട്ട്; തൊഴില്‍ അവസരങ്ങള്‍ കൂടുന്നത് നിര്‍മിത ബുദ്ധിയില്‍

28 ശതമാനം കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറെന്ന് സര്‍വെയില്‍ കണ്ടെത്തല്‍

Update:2024-11-14 20:54 IST

Salary  

യു.എ.ഇയില്‍ എല്ലാ തൊഴില്‍ മേഖലകളിലും അടുത്ത വര്‍ഷം ശമ്പള വര്‍ധനവുണ്ടാകുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഡാറ്റ അനാലിസിസ് കമ്പനിയായ മെര്‍സര്‍ നടത്തിയ പ്രതിഫല സര്‍വെയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍, യു.എ.ഇയിലെ 700 കമ്പനികളാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ 28 ശതമാനം കമ്പനികളാണ് അടുത്ത വര്‍ഷം ശമ്പളം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചത്. എല്ലാ മേഖലയിലും 4.5 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖലയിലാണ് കൂടുതല്‍ ശമ്പള വര്‍ധനവിന് സാധ്യത. ലൈഫ് സയന്‍സ്, ടെക്‌നോളജി, എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ശമ്പളവര്‍ധനവിന്റെ സൂചനകള്‍ നല്‍കിയത്. '' ശമ്പളത്തോടൊപ്പം ഹൗസിംഗ് അലവന്‍സുകളിലും വര്‍ധനവുണ്ടാകും. യു.എ.ഇയില്‍ വീട്ടു വാടക ഉയരുന്ന സാഹചര്യത്തിലാണ് ഇത്.'' മേര്‍സര്‍ കരിയര്‍ വിഭാഗം യു.എ.ഇ മേധാവി ആന്‍ഡ്രൂ എല്‍ സീന്‍ പറഞ്ഞു.

തൊഴില്‍ സാധ്യതകള്‍ നിര്‍മിത ബുദ്ധിയില്‍

യു.എ.ഇയില്‍ തൊഴില്‍ സാധ്യത വര്‍ധിച്ചു വരുന്നത് ജനറേറ്റീവ് എ.ഐയുമായി ബന്ധപ്പെട്ട ജോലികളിലാണെന്ന് സര്‍വെയില്‍ കണ്ടെത്തി. യു.എ.ഇയില്‍ 74 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു. ഭാവിയിലെ വളര്‍ച്ച എഐയുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് കമ്പനി സി.ഇ.ഒ മാരില്‍ ഭൂരിഭാഗവും '' ജനറേറ്റീവ് എഐയും ഓട്ടോമേഷനും തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. തൊഴില്‍ സ്വഭാവങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ബിസിനസ് ലീഡര്‍മാരും പ്രൊഫഷണലുകളും മനസിലാക്കുകയും പുതിയ തൊഴില്‍ സംസ്‌കാരത്തിനനുസരിച്ച് മാറുകയും വേണം.' മേര്‍സര്‍ മിഡില്‍ ഈസ്റ്റ് മേധാവി ടെഡ് റഫൂള്‍ പറയുന്നു.

Tags:    

Similar News