ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡയിലേക്കുള്ള വഴിയടഞ്ഞോ? ബദല്‍ വഴികള്‍ തുറന്നു കിടപ്പുണ്ട്
സ്റ്റുഡന്റ് വിസ രീതിയില്‍ മാറ്റം വരുത്തിയെങ്കിലും, വാതിലുകള്‍ അടച്ചിട്ടില്ല
കുടിയേറ്റം നിയന്ത്രിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു വരുകയാണ് കാനഡ. ഇന്ത്യ അടക്കം 14 രാജ്യങ്ങളില നിന്നുള്ള വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പരിപാടി നവംബര്‍ എട്ടു മുതല്‍ നിര്‍ത്തി. എന്നാല്‍ ബദല്‍ അപേക്ഷ മാര്‍ഗങ്ങള്‍ തുറന്നു കിടപ്പുണ്ട്. അതിലേക്ക് വെളിച്ചം വീശുന്ന വിശദാംശങ്ങളാണ് ചുവടെ:
സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പരിപാടി കാനഡ അവസാനിപ്പിക്കുന്നത് വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കും?
വിദ്യാര്‍ഥി വിസ അപേക്ഷയില്‍ നടപടികള്‍ വേഗത്തില്‍ മുന്നോട്ടു നീങ്ങാന്‍ എസ്.ഡി.എസ് പദ്ധതി ഉപകാരമായിരുന്നു. ഡസിഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനു(ഡിഎല്‍.ഐ)കളില്‍ സെക്കന്‍ഡറിക്ക് ശേഷമുള്ള അഡ്മിഷനു വേണ്ടി 2018ല്‍ തുടങ്ങിയതാണിത്. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച കോളജുകളാണ് ഡി.എല്‍.ഐ. മുന്‍കൂറായി ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ്, മതിയായ ഫണ്ട് കൈയിലുണ്ടെന്ന് കാണിക്കാന്‍ 20,635 ഡോളറിന്റെ ഗാരന്റീഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് (ജി.ഐ.സി) എന്നിവ നല്‍കേണ്ടത് നിര്‍ബന്ധമായിരുന്നു. ഈ പരിപാടി ഇല്ലാതായെങ്കില്‍ക്കൂടി വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിസ സാധ്യതകള്‍ ഗണ്യമായി നഷ്ടപ്പെടുകയില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
കനേഡിയന്‍ വിസക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും കഴിയുമോ?
തീര്‍ച്ചയായും. റഗുലര്‍, എസ്.ഡി.എസ് ഇതര അപേക്ഷ വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും അപേക്ഷിക്കാം. നിലവില്‍ അത് കൂടുതല്‍ അയവുള്ളതാണ്. ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് കുട്ടികള്‍ ഒന്നിച്ച് അടക്കേണ്ടതില്ല. ആറു മാസത്തേതു മതി. ജീവിതച്ചെലവിന് മതിയായ ഫണ്ട് ഉണ്ടെന്ന് കാണിക്കുക കൂടി വേണം. ഇതുവരെ ഉണ്ടായിരുന്ന എസ്.ഡി.എസ് നിബന്ധനയില്‍ വന്ന മാറ്റം വിദ്യാര്‍ഥികള്‍ക്ക് കുറേക്കൂടി താങ്ങാവുന്നതായി മാറിയിട്ടുണ്ട്. ജി.ഐ.സി ഇപ്പോഴും ഒരു വഴിയാണെങ്കില്‍ കൂടി, അത് നിര്‍ബന്ധമല്ല. ഒരു വര്‍ഷത്തെ മുഴുവന്‍ ഫീസും അടക്കാന്‍ നല്ല അക്കാദമിക മികവുള്ള പല വിദ്യാര്‍ഥികള്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ട് ജര്‍മനിയിലേക്കും യൂറോപ്പിലേക്കുമൊക്കെ അവര്‍ക്ക് തെരഞ്ഞെടുക്കേണ്ടി വന്നു. ഇപ്പോള്‍ കാനഡയില്‍ പഠിക്കുന്നത് കൂടുതല്‍ പ്രാപ്യമായി മാറി. സാമ്പത്തിക ഞെരുക്കം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അത് ആശ്വാസമാണ്. അക്കാദമിക പശ്ചാത്തലം വെച്ച് കാനഡയിലെ ഒരു പ്രമുഖമായ കോളജില്‍ നിന്ന് ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ് (എല്‍.ഒ.എ) നേടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. പണമടക്കുമ്പോള്‍ ആ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രോവിന്‍സില്‍ നിന്നുള്ള സാക്ഷ്യപത്രം ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.
എസ്.ഡി.എസ് യോഗ്യതയുടെ ഭാഗമായ ഐ.ഇ.എല്‍.ടി.എസ്/പി.ടി.ഇ യോഗ്യതയെക്കുറിച്ച്?
ഈ ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ക്ക് ചുരുങ്ങിയത് യഥാക്രമം ആറു ബാന്റുകളും 60 മാര്‍ക്കും വേണമെന്നത് എസ്.ഡി.എസിന്റെ ഭാഗമായിരുന്നു. അതേസമയം, എസ്.ഡി.എസ് ഇതര അപേക്ഷാ രീതിയില്‍ ഈ നിശ്ചിത സ്‌കോര്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കും വഴികളുണ്ട്. മൊഡ്യൂളുകളില്‍ മൊത്തത്തില്‍ ആറു ബാന്‍ഡ്, 5.5 ബാന്‍ഡ് സ്‌കോര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. മെച്ചപ്പെട്ട സ്‌കോര്‍ തീര്‍ച്ചയായും വിദ്യാര്‍ഥിയുടെ അപേക്ഷക്ക് കരുത്ത് കൂട്ടും. കാനഡയില്‍ സ്വീകാര്യമായ ഏത് ഇംഗ്ലീഷ് പ്രാവീണ്യ രേഖയും നല്ല അക്കാദമിക രേഖകളും വിദ്യാര്‍ഥിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കേണ്ട ഏതെങ്കിലും പ്രത്യേക വെല്ലുവിളികളുണ്ടോ?
ഒരു വര്‍ഷത്തെ ഫീസു മുഴുവന്‍ ഒന്നിച്ച് അടക്കേണ്ടതില്ലെങ്കിലും കാനഡയിലെ താമസത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണയുണ്ടെന്ന് കാണിക്കാന്‍ വിദ്യാര്‍ഥിക്ക് കഴിയണം. ആവശ്യമായ ഫണ്ടിന്റെ വലിപ്പം ഇപ്പോള്‍ കുറഞ്ഞത് അപേക്ഷകര്‍ക്ക് ആശ്വാസമാണ്. പലര്‍ക്കും 6 ലക്ഷം രൂപയോളം മതി. അതേസമയം, എസ്.ഡി.എസ് പ്രകാരം ഇതിന്റെ നാലിരട്ടി തുക വേണമായിരുന്നു. ശക്തമായ അക്കാദമിക പശ്ചാത്തലവും ഉന്നത പഠന പദ്ധതിയും വിദ്യാര്‍ഥിക്ക് ഉണ്ടായിരിക്കണം. വിദ്യാഭ്യാസത്തെ ഗൗരവ പൂര്‍വം കാണുകയും കാനഡയില്‍ പ്രഫഷണല്‍ വിജയം നേടാന്‍ പ്രായോഗികമായ വഴി തേടുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് വിസ ഓഫീസര്‍മാര്‍ നോക്കുന്നത്.
ഓരോ വര്‍ഷവും നല്‍കുന്ന സ്റ്റഡി വിസയുടെ എണ്ണത്തിന് ഈ വര്‍ഷാദ്യം കാനഡ പരിധി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരിധി ഉദാരതയോടെ ഉള്ളതാണ്. 2027 വരെ പ്രതിവര്‍ഷം 3.05 ലക്ഷം സ്റ്റഡി വിസ അനുവദിക്കാനാണ് കാനഡയുടെ പരിപാടി. സ്റ്റഡി പെര്‍മിറ്റ് ക്വാട്ട, ശക്തമായൊരു എല്‍.എ.ഒ എന്നിവയോടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥിക്ക്, അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണെങ്കില്‍ പോലും തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറെ. പ്രൊഫൈല്‍ ശക്തമല്ലാത്ത വിദ്യാര്‍ഥികളാണ് എസ്.ഡി.എസ് വിഭാഗത്തില്‍ തിരസ്‌കരണം നേരിടുന്നത്. അത് എസ്.ഡി.എസ് ഇതര രീതിക്കും ബാധകമാണ്. വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസത്തില്‍ ഒരു വിടവ് വന്നിട്ടുണ്ടെങ്കില്‍, സ്വീകാര്യമായൊരു വിശദീകരണം നല്‍കാന്‍ അവര്‍ തയാറായിരിക്കണം. സ്റ്റുഡന്റ് വിസ രീതിയില്‍ കാനഡ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, സ്റ്റുഡന്റ് വിസക്കുള്ള വാതിലുകള്‍ അവര്‍ അടച്ചിട്ടില്ലെന്ന് കണ്‍സള്‍ട്ടന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.