ആസിഫ് അലി ചോദിച്ചു, ലക്ഷങ്ങള്‍ വിലമതിക്കുന്ന റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി
താരമയ റോളക്‌സ് വാച്ചിന് മറ്റൊരു സിനിമാ കണക്ഷന്‍ കൂടിയുണ്ട്. അറിയാം വിലയും വിവരങ്ങളും;
ആസിഫ് അലിക്ക് ഈ അടുത്ത കാലത്ത് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു മമ്മൂട്ടി നായകനായ റോഷാക്കിലെ വേഷം. കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞ്, മുഖംമൂടിക്ക് പിന്നില്‍ ഒളിച്ചിരുന്ന കഥാപാത്രം കാഴ്ചക്കാരെ ഏറെ ആകാംഷാഭരിതരാക്കിയിരുന്നു. സൈക്കോ ത്രില്ലറായ ചിത്രം സൂപ്പര്‍ഹിറ്റ് ആയപ്പോള്‍ മമ്മൂട്ടിക്കൊപ്പം ആസിഫും കയ്യടിനേടി. ഇപ്പോളിതാ ആസിഫിനെ സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. തമാശയായി ആസിഫ് ചോദിച്ച സമ്മാനം തന്നെ വിജയാഘോഷ വേദിയില്‍ മമ്മൂട്ടി ആസിഫിന് നല്‍കി.
ഒരിക്കല്‍ റോളക്‌സ് വാച്ച് വാങ്ങി തരാമോ എന്ന് തമാശയായി മമ്മൂട്ടിയോട് ചോദിച്ചതാണ് ആസിഫ് അലി. അത് തന്നെ വാങ്ങി നല്‍കി ആസിഫിനെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. താരത്തിന് സര്‍പ്രൈസ് ആയിട്ടാണ് സമ്മാനം നല്‍കിയത്.
താരമായി റോളക്‌സ്
റോളക്‌സ് വാച്ചിന്റെ സീ ഡ്വെല്ലര്‍ പതിപ്പാണ് ആസിഫിന് മമ്മൂട്ടി സമ്മാനിച്ചത്. റോളക്‌സിന്റെ ഒഫിഷ്യല്‍ റീറ്റെയ്‌ലേഴ്‌സ് വഴി മാത്രമേ ഈ വാച്ച് വില്‍ക്കാനാകൂ. വാച്ച് ഏതാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും സീ ഡ്വെല്ലര്‍ സിരീസിലെ ഡീപ് സീ ചലഞ്ച് പോലെയാണ് വാച്ചിന്റെ മോഡല്‍ തോന്നിക്കുന്നത്.
ഇതിന്റെ ഡീപ് സീ ബ്ലൂ വേര്‍ഷനും ഹിറ്റ് വാച്ചാണ്. 19,84,000 മുതലാണ് വാച്ചിന്റെ ഉയര്‍ന്ന സിരീസ് വില. ഹൈ ഡിമാന്‍ഡ് ഉള്ള വാച്ച് ഡല്‍ഹിയിലും മറ്റുമുള്ള ഒറിജിനല്‍ റീറ്റെയ്‌ലേഴ്‌സാണ് വില്‍ക്കുന്നത്. ഒഫിഷ്യല്‍ വെബ്‌സൈറ്റിലും ബുക്കിംഗ് ലഭ്യമാണ്.
വാട്ടര്‍പ്രൂഫായ വാച്ചാണ് ഇത്. കറുത്ത ഡയലും വലിയ ലുമിനസെന്റ് ഹവര്‍ മാര്‍ക്കറുകളും 60 മിനിറ്റ് റൊട്ടേറ്റബിള്‍ ബെസെലും ഇതിന്റെ സവിശേഷതയാണ്. 11,000 മീറ്റര്‍ (36,090 അടി) ആഴത്തില്‍ വരെ വാട്ടര്‍പ്രൂഫ് ലഭിക്കുമെന്നാണ് വെബ്‌സൈറ്റ് വിവരങ്ങള്‍ പറയുന്നത്. ഇതിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മരിയാന ട്രഞ്ചിലേക്ക് പോയ ജയിംസ് കാമറൂണിനായി 2012-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ വാച്ച് പിന്നീട് റോളക്‌സ് വിപണിയിലെത്തിച്ചിരുന്നു. ഡീപ് സീ ചലഞ്ച് ആണ് ആസിഫിന്റെ മോഡലെങ്കില്‍ ഇത് തന്നെ താരം.