യൂട്യൂബില്‍ പ്രീമിയം കണ്ടന്റ് കാണണമെങ്കില്‍ ഇനി കണ്ണെരിയും, നിരക്ക് കുത്തനെ കൂട്ടി

പ്രീപെയ്ഡ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ധനയുണ്ട്

Update:2024-08-29 12:14 IST

Image created with Canva/YouTube

യൂട്യൂബില്‍ പരസ്യങ്ങളില്ലാതെ വിഡിയോ കാണമെങ്കില്‍ ഇനി പോക്കറ്റ് കീറും. വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് ഗൂഗ്‌ളിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്.

വ്യക്തിഗത ഉപയോക്താക്കള്‍ക്ക് പ്രതിമാസം 129 രൂപ ഈടാക്കിയിരുന്നത് 149 രൂപയാക്കി. യൂട്യൂബ് പ്രീമിയം കണ്ടന്റുകള്‍ അഞ്ച് പേര്‍ക്ക് ഷെയര്‍ ചെയ്ത് ഉപയോഗിക്കാവുന്ന ഫാമിലി പ്ലാന്‍  നിരക്ക് 189 രൂപയില്‍ നിന്ന് 299 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.
സ്റ്റുഡന്റ് പ്ലാന്‍ നിരക്ക് 79 രൂപയില്‍ നിന്ന് 10 രൂപ മാത്രമേ വര്‍ധിപ്പിച്ചുള്ളുവെന്നതാണ് ചെറിയൊരു ആശ്വാസം. പരസ്യങ്ങളുടെ ശല്യമില്ലാതെ വീഡിയോ കാണാന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമായി ഇതോടെ 
സ്റ്റുഡന്റ് പ്ലാനുകള്‍
 മാറി. 89 രൂപയ്ക്ക് വീഡിയോ കാണാം.
പ്രീപെയ്ഡ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. പ്രതിമാസ നിരക്ക് 139 രൂപയില്‍ നിന്ന് 159 രൂപയായും ത്രൈമാസ നിരക്ക് 399 രൂപയില്‍ നിന്ന് 459 രൂപയായും ഉയര്‍ത്തി. വാര്‍ഷിക പ്ലാനുകളുടെ നിരക്ക് 1,290 രൂപയില്‍ നിന്ന് 1,490 രൂപയാക്കി. 200 രൂപയാണ് വര്‍ധിപ്പിച്ചത്.
പ്രീമിയം സേവനങ്ങൾ 
ആഡ്ഫ്രീ വീഡിയോ, ബാക്ക്ഗ്രൗണ്ടില്‍ വീഡിയോ കാണാനും സംഗീതം ആസ്വദിക്കാനുമുള്ള സൗകര്യം. പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്, ഹൈഡെഫനിഷന്‍ വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കള്‍ക്ക് സ്ട്രീമിംഗ് സേവനം തിരഞ്ഞെടുക്കും മുമ്പ് പ്രീമിയം പ്ലാനുകളുടെ ട്രയല്‍ നോക്കാവുന്നതാണ്. ട്രയല്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കിയ നിരക്കുകള്‍ നല്‍കേണ്ടി വരും.
Tags:    

Similar News