ജീവിത സായാഹ്നത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് സംഭവിക്കുന്നത്...

നിങ്ങള്‍ വായിച്ചിട്ടുണ്ടോ, ജഫ്രി സൊനന്‍ഫല്‍ഡ് രചിച്ച ' THE HERO'S FAREWELL: WHAT HAPPENS WHEN CEOs RETIRE' എന്ന പുസ്തകം? ലോകത്തെ മുന്‍നിര കോര്‍പ്പറേറ്റുകളുടെ ജീവിതമാണ് പുസ്തകം പ്രതിപാദിക്കുന്നത്

Update:2024-08-08 15:16 IST

'പഴയ പട്ടാളക്കാര്‍ മരിക്കുന്നില്ല; അവര്‍ മാഞ്ഞു പോകുന്നു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ മരിക്കുകയോ മാഞ്ഞു പോകുകയോ ചെയ്യുന്നില്ല. അവര്‍ വിരമിക്കുന്നു - ചിലര്‍ നല്ല രീതിയില്‍; മറ്റു ചിലര്‍ മോശം രീതിയില്‍.'- അമേരിക്കന്‍ മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന ജനറല്‍ ഡഗ്ലസ് മാര്‍ക്ക് ആര്‍തറുടെ ഈ വാക്കുകള്‍ കോര്‍പ്പറേറ്റുകളുടെ ജീവിതസായാഹ്നങ്ങളെ കുറിച്ച് നല്‍കുന്നത് സുപ്രധാനമായ സന്ദേശമാണ്.

ജഫ്രി സൊനന്‍ഫല്‍ഡ് രചിച്ച് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ' THE HERO'S FAREWELL: WHAT HAPPENS WHEN CEOs RETIRE' എന്ന പുസ്തകം അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ റിട്ടയര്‍മെന്റ് ജീവിതത്തെ കുറിച്ചുള്ള മികച്ച ഗവേഷണമാണ്. ഉയര്‍ന്ന ശമ്പളം പെട്ടെന്ന് ഇല്ലാതാകുമ്പോള്‍, അസിസ്റ്റന്റുമാരുടെ സാന്നിധ്യം നഷ്ടപ്പെടുമ്പോള്‍, കോര്‍പ്പറേറ്റുകളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്'? ദീര്‍ഘകാലം പ്രശസ്തിയുടെ വെളിച്ചത്തില്‍ നിന്ന വ്യക്തി, പെട്ടെന്ന് ''ആരാണയാള്‍'' എന്ന ചോദ്യം നേരിടേണ്ടി വരികയും ആള്‍കൂട്ടത്തില്‍ അപരിചിതനായി മാറുകയും ചെയ്യുന്നതിന്റെ മനോവിഷമങ്ങള്‍.. അപൂര്‍വ്വം ചിലര്‍ മാത്രമാണ് ശുഭാപ്തി വിശ്വാസത്തോടെ പുതിയൊരു പാതയിലേക്ക് കാലെടുത്തു വെക്കുന്നത്.

ഹാര്‍വാഡ് പോലെ ലോകത്തെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാത്തതോ മാനേജ്മെന്റ് വളര്‍ച്ചക്ക് സഹായിക്കുന്ന തന്ത്രങ്ങള്‍ പറഞ്ഞു തരുന്നതോ ആയ പുസ്തകമല്ല ഇത്. മറിച്ച് ലോകത്തിലെ മികച്ച കോര്‍പ്പറേറ്റുകളുടെ ജീവിതമാണ് പ്രതിപാദിക്കുന്നത്. അവര്‍ എങ്ങനെ വിജയിക്കുന്നു, പരാജയപ്പെടുന്നു, പദവികള്‍ അടുത്ത തലമുറക്ക് കൈമാറുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വീക്ഷണമാണ് വളര്‍ത്തുന്നത്. പാശ്ചത്യ രാജ്യങ്ങളിലെ കോര്‍പ്പറേറ്റ് രംഗത്ത് പിന്തുടരുന്നതും ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്നതുമായ കാഴ്ചപ്പാടുകളെ ഈ പുസ്തകത്തില്‍ കാണാം. അവസാനിക്കാത്ത അധികാരങ്ങളുള്ള രാഷ്ട്രീയക്കാരനെ പോലെയാണ് താനെന്നാണ് കോര്‍പ്പറേറ്റ് ലോകത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ചിന്തിക്കുന്നതെന്ന് സൊനന്‍ഫല്‍ഡ് ഈ പുസ്തകത്തില്‍ പറയുന്നു. ഹീറോയെന്ന് സ്വയം കരുതുന്ന കോര്‍പ്പറേറ്റുകള്‍ വീരോചിതമായ ദൗത്യവുമായി മുന്നോട്ടു വരുന്നു. എന്നാല്‍ ആ ദൗത്യം വിജയിക്കുന്നതോടെ നായകന്റെ പ്രസക്തി നഷ്ടപ്പെടും. ഈ യാഥാര്‍ഥ്യം പല കോര്‍പ്പറേറ്റുകള്‍ക്കും ഉള്‍കൊള്ളാന്‍ കഴിയാറില്ല. അവരുടെ വ്യക്തിപരമായ ദുരന്തങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഞാന്‍ എന്തിന് റിട്ടയര്‍ ചെയ്യണം?

അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്തെ മികച്ചവരും അല്ലാത്തവരുമായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്: ''ഞാന്‍ എന്തിന് റിട്ടയര്‍ ചെയ്യണം? ജീവിതം വിരസമായി മാറിയ ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഗോള്‍ഫ് കളിച്ചും മദ്യപിച്ചും അവര്‍ സമയം തള്ളിനീക്കും. വെറുതെയിരുന്ന് ആസ്വദിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല ജീവിതം. നാം സൃഷ്ടിക്കപ്പെട്ടത് അതിന് വേണ്ടിയല്ല.'' ജീവിത സായാഹ്നത്തില്‍ സ്വയം അപ്രസക്തരാകുന്നതിന്റെ ഭയവും വിരസതയുടെ വേദനയും ശൂന്യതാബോധവും അവരെ മരണത്തിലേക്ക് നയിക്കും. ഈസ്റ്റ്മാന്‍ കൊഡാക് കമ്പനിയുടെ മേധാവിയായിരുന്ന ജോര്‍ജ് ഈസ്റ്റ്മാന്റെ ജീവിതം ഇതിന് ഉദാഹരണമാണ്. ന്യൂയോര്‍ക്കില്‍ കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ച ഈസ്റ്റ്മാന്‍, ഇരുപത്തിമൂന്നാം വയസില്‍ ഫോട്ടോഗ്രാഫിക് ഉപകരണങ്ങളിലാണ് താല്‍പര്യം കാണിച്ചത്. പിന്നീട് 1884 ല്‍ കൊഡാക് എന്ന പേരില്‍ ആദ്യത്തെ ബോക്സ് കാമറയും ഫിലിമും വിപണിയിലിറക്കി. ആറു വര്‍ഷത്തിന് ശേഷം അദ്ദേഹം തന്റെ സ്ഥാപനത്തെ വിപുലീകരിച്ച് ഈസ്റ്റ്മാന്‍ കൊടാക് എന്ന പേരില്‍ വളര്‍ത്തി. അറിയപ്പെടുന്ന നരവംശ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന അദ്ദേഹം റിട്ടയര്‍മെന്റിന് ശേഷവും കമ്പനിയുടെ ചെയര്‍മാനായി തുടര്‍ന്നു. പിന്നീട് 1932 ല്‍ ആത്മഹത്യ ചെയ്യുന്നത് വരെ ഈസ്റ്റ്മാന്‍ തന്റെ ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'തന്റെ കാലം കഴിയുമ്പോഴും, കുടുംബം പോലുമില്ലാതിരുന്ന അദ്ദേഹം ജീവിതത്തില്‍ മൂല്യങ്ങളൊന്നും വിതച്ചില്ല.'-ഈസ്റ്റമാന്റെ ജീവിതത്തെ കുറിച്ച് സൊനന്‍ഫല്‍ഡ് പുസ്തകത്തില്‍ സംഗ്രഹിക്കുന്നത് അങ്ങിനെയാണ്.
എല്ലാ കോര്‍പ്പറേറ്റുകളും ഈസ്റ്റ്മാനെ പോലെ ആകണമെന്നില്ല. പാന്‍ ആമിന്റെ ജുവാന്‍ ട്രെപ്പെ തന്റെ പദവിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാന്‍സര്‍ രോഗിയായ ഒരാളെയാണ് തന്റെ പിന്‍ഗാമിയായി നിയമിച്ചത്. ഇതുവഴി തന്റെ നേട്ടങ്ങളെ മറികടക്കാന്‍ മറ്റൊരാള്‍ ഉണ്ടാകരുതെന്ന ട്രെപ്പെയുടെ ആഗ്രഹമാണ് വിജയിച്ചത്. യുനൈറ്റഡ് ടെക്നോളജീസിന്റെ സ്ഥാപകന്‍ ഹാരി ഗ്രേ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
തന്റെ ജോലി പൂര്‍ത്തിയായാല്‍ പിന്നീട് അവിടെ കറങ്ങിത്തിരിയാത്ത കോര്‍പ്പറേറ്റുകളെക്കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. ജോലി പൂര്‍ത്തിയാകാതെ രാജിവെച്ചവരും അക്കൂട്ടത്തിലുണ്ട്. മികച്ച രീതിയില്‍ ജോലി ചെയ്ത് വിജയിച്ചശേഷം തന്റെ പിന്‍ഗാമികളെ പിന്തുണക്കാനായി കമ്പനികളില്‍ തുടരുന്നവരും അമേരിക്കയിലുണ്ട്.

വിരമിക്കലിന്റെ വിവിധ വശങ്ങള്‍ 

കോര്‍പ്പറേറ്റ് ലീഡര്‍മാരുടെ വിരമിക്കലിന്റെ വിവിധ വശങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ കോര്‍പ്പറേറ്റുകള്‍ വിരമിക്കുന്ന നാല് രീതികളുണ്ടെന്ന് സൊനന്‍ഫല്‍ഡ് ചൂണ്ടിക്കാട്ടുന്നു. രാജാക്കന്മാര്‍, ജനറല്‍മാര്‍, അംബാസഡര്‍മാര്‍, ഗവര്‍ണര്‍മാര്‍ എന്നിങ്ങനെയാണ് അത്. രാജാക്കന്‍മാര്‍ സ്വയം അധികാരം ഒഴിയാറില്ല. അവരെ ബലം പ്രയോഗിച്ച് പുറത്താക്കുകയാണ് പതിവ്. അല്ലെങ്കില്‍ അവര്‍ ഓഫീസില്‍ ഇരുന്ന് തന്നെ ഇഹലോകവാസം വെടിയും. ജനറല്‍മാര്‍ മനസ്സില്ലാ മനസ്സോടെയാകും പദവി ഒഴിഞ്ഞു കൊടുക്കുന്നത്. എന്നാല്‍ താന്‍ വീണ്ടും തിരിച്ചെത്തുമെന്ന പ്രചാരണം തുടരുകയും ചെയ്യും. മാന്യമായി വിരമിച്ച ശേഷവും തന്റെ പിന്‍ഗാമികള്‍ക്ക് പിന്തുണ നല്‍കി നില്‍ക്കുന്നവരാണ് അംബാസിഡര്‍മാര്‍. അന്തസ്സോടെ വിരമിച്ച ശേഷം കമ്പനിയിലുള്ളവരുമായി തുടര്‍ന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഗവര്‍ണര്‍മാര്‍.
ഈ പുസ്തകത്തിന് ഇന്ത്യയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? ഭാഗികമായി പ്രസക്തിയുണ്ടെന്നാണ് ഉത്തരം. ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ വിരമിക്കുകയോ മാഞ്ഞു പോകുകയോ അല്ല ചെയ്യുന്നത്. തന്റെ സ്ഥാപനം വളരുകയാണോ തളരുകയാണോ എന്നത് അയാള്‍ക്ക് പ്രശ്നമല്ല. സ്വന്തം നിലനില്‍പ്പ് മാത്രമാണ് നോക്കുന്നത്. തന്റെയും സഹജോലിക്കാരുടെയും വ്യക്തിപരമായ വളര്‍ച്ചയില്‍ മാത്രമാണ് അയാള്‍ ശ്രദ്ധാലുവാകുന്നത്. സൊനന്‍ഫല്‍ഡ് ചൂണ്ടിക്കാട്ടിയ രാജാക്കന്‍മാരുടെ സ്വഭാവമാണ് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക്. കുടുംബങ്ങള്‍ക്ക് കീഴില്‍ വളര്‍ന്ന കമ്പനികളില്‍ അധികാര കൈമാറ്റം എങ്ങനെയാകണമെന്നതിനെക്കുറിച്ചും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ചില വ്യവസായ കുടുംബങ്ങളില്‍ അടുത്തിടെ നടന്ന പരുക്കന്‍ തര്‍ക്കങ്ങളെ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വരികള്‍.
ഒരു കോര്‍പ്പറേറ്റിന്റെ വിരമിക്കല്‍ കമ്പനിയുടെ വളര്‍ച്ചക്കായി ഉപയോഗപ്പെടുത്താനാകുമെന്നും സൊനന്‍ഫല്‍ഡ് ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഡയക്ടര്‍മാര്‍ക്കാണ് ഇതിന് കഴിയുക. മേധാവി രാജാവാണെങ്കില്‍ പിന്‍തുടര്‍ച്ചക്കുള്ള വ്യക്തമായ പദ്ധതി അയാള്‍ക്ക് മുന്നില്‍ വെക്കേണ്ടത് ഡയക്ടര്‍മാരാണ്. ഒരു ജനറല്‍ കമ്പനിയില്‍ തിരിച്ചെത്തുന്നുണ്ടെങ്കില്‍ അയാള്‍ക്ക് മുന്നില്‍ കൃത്യമായ കാലാവധി വെക്കണം. പ്രായം കഴിഞ്ഞും തുടരുന്ന അംബാസിഡര്‍മാരെ ഉത്തരവാദിത്തം എന്താണെന്ന് എഴുതി പഠിപ്പിക്കണം. അധികാര കൈമാറ്റം സുഗമമാകുന്നത് വരെ പദവിയില്‍ തുടരാന്‍ ഗവര്‍ണര്‍മാരെ പ്രേരിപ്പിക്കണം.
ഈ പുസ്തകത്തില്‍ പറയുന്ന കോര്‍പ്പറേറ്റ് വിരമിക്കലിന്റെ സിദ്ധാന്തങ്ങളെല്ലാം തന്നെ യഥാര്‍ഥ ജീവിതകഥകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. തകര്‍ന്നു പോയ കുറെ കോര്‍പ്പറേറ്റുകളുടെ ജീവിതം ഈ താളുകളില്‍ ചിതറിക്കിടക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ലോകത്ത് പ്രശസ്തനായിരുന്ന ഫോഡ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലീ ആന്റണി ലാകോക്കയുടെ ജീവിതവും ഇതില്‍ ഉള്‍പ്പെടുന്നു.
THE HERO'S FAREWELL: WHAT HAPPENS WHEN CEOs RETIRE - By Jeffrey
Sonnenfeld; Oxford University Press, 200 Madison Avenue, New York 10016; PP 324; Price $24.95.
Tags:    

Similar News