₹55 കോടിയുടെ ആ വാഴപ്പഴം തിന്നു! വാക്കു പാലിച്ച് ക്രിപ്‌റ്റോ സംരംഭകന്‍, ആളുകളുടെ സംശയവും മാറി
കഴിഞ്ഞയാഴ്ചയാണ് ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലിന്റെ കലാസൃഷ്ടി ലേലത്തില്‍ പിടിച്ചത്
52 കോടി രൂപ മുടക്കി വാങ്ങിയ വാഴപ്പഴം ആരെങ്കിലും കഴിക്കുമോ? എന്നാല്‍ മുന്‍പിന്‍ നോക്കാതെ 52 കോടിയെ വയറ്റിലാക്കിയിരിക്കുകയാണ് ജസ്റ്റിന്‍ സണ്‍ എന്ന ചൈനീസ് വംശജനായ ക്രിപ്‌റ്റോ കറന്‍സി സംരംഭകന്‍.
കഴിഞ്ഞയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ 52 കോടി രൂപയ്ക്ക് (6.2 മില്യണ്‍ ഡോളര്‍) ഒരു വാഴപ്പഴം ലേലത്തില്‍ പിടിച്ച വാര്‍ത്ത പുറത്തു വന്നത്. കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വച്ചു. ഒരു പഴത്തിന് കോടികളോ? സംഭവം സത്യമാണ്. കൊച്ചി ബിനാലെയിലൊക്കെ കാണാറുള്ളതു പോലൊരു കാലസൃഷ്ടിയായിരുന്നു ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലിന്റെ കൊമേഡിയന്‍ പരമ്പരയില്‍പെട്ട 'ടേപ്പൊട്ടിച്ച വാഴപ്പഴം'.
ജസ്റ്റിന്‍ സണ്‍ എന്ന ചൈനീസ് വംശജനായ ക്രിപ്‌റ്റോ കറന്‍സി സംരംഭകനാണ് ഈ വാഴപ്പഴം കഴിഞ്ഞയാഴ്ച ലേലത്തില്‍ വാങ്ങിയത്. ഇത്രയും വില കൊടുത്തു വാങ്ങിയ വാഴപ്പഴം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ജസ്റ്റിന്‍ സണ്ണിനുണ്ടായിരുന്നുള്ളു. സ്വന്തമായി കഴിക്കും. ഇത് കേട്ടവര്‍ക്ക് വിശ്വസിക്കാനായില്ലങ്കിലും വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കി ഈ വാഴപ്പഴം കക്ഷി അങ്ങ് അകത്താക്കി. ഒട്ടിച്ചു വച്ച ടേപ്പ് ബാക്കി നിറുത്തിയാണ് പഴം കഴിച്ചത്.
കലാമൂല്യം ചെറുതല്ല
തറയില്‍ നിന്ന് 160 സെന്റിമീറ്റര്‍ ഉയരത്തില്‍ സില്‍വര്‍ ടേപ്പ് കൊണ്ട് ഒട്ടിച്ചാണ് കലാകാരന്‍ ഈ ഇന്‍സ്റ്റലേഷന്‍ നടത്തിയത്. 2019ല്‍ മിയാമി മേളയിലായിരുന്നു ഈ കാലസൃഷ്ടി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ആ വര്‍ഷം രണ്ടു തവണ ലേലത്തില്‍ വച്ചിരുന്നു. ആദ്യതവണ 10.15 ലക്ഷം രൂപയയ്ക്കും രണ്ടാമത്തെ തവണ 12.69 ലക്ഷം രൂപയ്ക്കുമാണ് ഇത് വിറ്റു പോയത്.
വലിയ വിവാദവും ഇതു സംബന്ധിച്ചുയര്‍ന്നിരുന്നു. ഒരു വാഴപ്പഴത്തിന്റെ വിലയ്ക്ക് ഒരു പരിധിയൊക്കെയില്ലേ എന്നായിരുന്നു യുക്തിവാദികളുടെ ചോദ്യം. എന്നാല്‍ കലയുടെ മൂല്യം ചെറുതല്ല എന്നാണ് മറ്റൊരു കൂട്ടര്‍ വാദിച്ചത്.