മഹീന്ദ്ര ചെയര്‍മാനും അമേരിക്കന്‍ വ്‌ളോഗറും പുകഴ്ത്തിയത് ഈ യുവാവിനെ; ഇതാണ് തരുള്‍ റയാന്റെ സൂപ്പര്‍ വിശേഷങ്ങള്‍

പഠനത്തോടൊപ്പം സംരംഭകനാകുന്ന യുവാവിന് പ്രശംസകളുടെ പ്രവാഹം

Update:2024-10-04 20:33 IST

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവെച്ച ശേഷം കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ് '' അവിശ്വസനീയം, അതുല്യം, ഈ ഇന്ത്യക്കാരന്‍'. അദ്ദേഹം പങ്കുവെച്ച വീഡിയോ അമേരിക്കന്‍ യുവ വ്‌ളോഗറായ ക്രിസ്റ്റഫര്‍ ലൂയിസ് പകര്‍ത്തിയതാണ്. ചെന്നൈ നഗരത്തില്‍ തട്ടുകട നടത്തുന്ന തരുള്‍ റയാന്‍ എന്ന യുവാവിന്റെ അവിശ്വനീയമായ ജീവിതമാണ് ആ വീഡിയോയിലുള്ളത്. യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി പഠനത്തോടൊപ്പം രാത്രി കാലങ്ങളില്‍ തെരുവില്‍ തട്ടുകട നടത്തുന്ന തരുള്‍ റയാന്‍ സമര്‍പ്പണത്തിന്റെയും സ്ഥിരോല്‍സാഹത്തിന്റെയും പ്രതീകമായി സോഷ്യല്‍ മീഡിയയിലൂടെ മാറുകയാണ്. കഴിഞ്ഞ മാസമാണ് ക്രിസ്റ്റഫര്‍ ലൂയിസ് ചെന്നൈയില്‍ തരുളിന്റെ കടയിലെത്തിയത്.

ബയോ ടെക്‌നോളജിയും തട്ടുകടയും

പഠനത്തോടൊപ്പം ജോലിയിലൂടെ പണം സമ്പാദിക്കുന്ന തരുള്‍ റയാന്‍ അമേരിക്കന്‍ വ്‌ളോഗര്‍ക്കും വിസ്മയമായി. ഏറെ നേരം ഇംഗ്ലീഷിലുള്ള സംഭാഷണത്തിന് ശേഷമാണ് തരുളിന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ക്രിസ്റ്റഫര്‍ അറിഞ്ഞത്. എസ്.ആര്‍.എം യൂണിവേഴ്സിറ്റിയിൽ ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റിനുള്ള പഠനത്തിലാണ് തരുള്‍. രാത്രിയായാല്‍ തെരുവില്‍ സംരംഭകനാകും. യുവാവിന്റെ കടയില്‍ നിന്ന് ചിക്കന്‍ 65 കഴിച്ചു കൊണ്ടുള്ള സംഭാഷണം ക്രിസ്റ്റഫര്‍ അവസാനിപ്പിച്ചത് അഭിനന്ദനങ്ങളുമായാണ്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ ക്രിസ്റ്റഫര്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രമുഖ വ്യവസായികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇത് കണ്ടത്. പഠനത്തോടും തൊഴിലിനോടും തരുള്‍ റയാന്‍ കാണിക്കുന്ന അര്‍പ്പണബോധം വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.

യുവതലമുറക്ക് പഠിക്കാനുണ്ടേറെ

പഠനവും ബിസിനസും എങ്ങിനെ വിജയകരമായി കൊണ്ടു പോകാമെന്നതാണ് തരുളിന്റെ ജീവിതം കാണിച്ചു തരുന്നത്. ഒരു ഗവേഷണ വിദ്യാര്‍ത്ഥിക്കുള്ള തിരക്കുകള്‍ക്കിടയിലും സ്വന്തമായി തൊഴിലെടുത്ത് സംരംഭകനാകാമെന്നതിന്റെ നേര്‍ചിത്രം. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാക്കാവുന്ന ജീവിതം. ക്രിസ്റ്റഫര്‍ ലൂയിസിന്റെ വീഡിയോ കണ്ട് ആനന്ദ് മഹേന്ദ്ര കുറച്ചത് ഇങ്ങനെയാണ്: 'പാര്‍ട്ട് ടൈം ജോലി ചെയ്ത് ഭക്ഷണശാല നടത്തുന്ന ഈ പി.എച്ച്.ഡിക്കാരനെ ഒരു അമേരിക്കന്‍ വ്‌ളോഗര്‍ കണ്ടെത്തിയിരിക്കുന്നു. ആ വ്‌ളോഗര്‍ക്ക് തന്റെ ഫോണില്‍ യുവാവ് കാണിച്ചു കൊടുക്കുന്നത് തന്റെ കടയെ കുറിച്ചുള്ള സോഷ്യല്‍മീഡിയ റിവ്യുകളല്ല, മറിച്ച് അഭിമാനത്തോടെ ആ യുവാവ് കാണിച്ചത് താന്‍ എഴുതിയ ഗവേഷണ പ്രബന്ധങ്ങളാണ്. അവിശ്വസനീയം. അതുല്യം ഈ ഇന്ത്യക്കാരന്‍'

Tags:    

Similar News