ഐ.ടി ലോകത്തെ അത്ഭുതക്കുട്ടി 19ന് കൊച്ചിയില്‍; ധനം ബി.എഫ്.എസ്.ഐ സമിറ്റില്‍ വിശിഷ്ടാതിഥി

ഇളംപ്രായത്തില്‍ ഓണററി ഡോക്ടറേറ്റുമായി സ്വയം സോധ, അമ്പരപ്പിക്കുന്ന ബാലപ്രതിഭ

Update:2024-11-15 11:41 IST

image credit : Youtube 

പ്രായം പതിനൊന്ന്. പഠിക്കുന്നത് ആറാം ക്ലാസിൽ. പറയുന്നത്, ക്വാണ്ടം കമ്പ്യൂട്ടിംഗ് മുതൽ കടിച്ചാൽ പൊട്ടാത്ത വർത്തമാനങ്ങൾ. തല നിറയെ വിവര സാങ്കേതിക വിദ്യ. ഹൈസ്കൂളിൽ എത്തുന്നതിനു മുമ്പേ ഇൻഫർമേഷൻ ടെക്നോളജിയിൽ ഓണററി ഡോക്ടറേറ്റ്. മൊബൈൽ ഫോണും ലാപ്ടോപ്പുമൊക്കെ ദൂരെയെറിയാൻ പാകത്തിൽ സ്മാർട്ട് ഗ്ലാസ് കണ്ണട തയാറാക്കി ഒരു കോർപറേറ്റ് കമ്പനിയുമായി വിപണന പങ്കാളിത്തത്തിന് ധാരണ രൂപപ്പെടുത്തിയിരിക്കുകയാണ് മുംബൈക്കാരൻ സ്വയം സോധ. ആരെയും അമ്പരപ്പിക്കുന്ന ഈ ബാലപ്രതിഭ ഇതാദ്യമായി കൊച്ചിയിലേക്ക്.
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിൽ നവംബർ 19ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ മാതാപിതാക്കളായ ജയേഷ് സോധ, രാഖി എന്നിവർക്കൊപ്പം പ്രത്യേക അതിഥിയാണ് സ്വയം സോധ. അന്താരാഷ്ട്ര, ദേശീയ തലത്തിലെ പ്രഗത്ഭരായ പ്രഭാഷകർക്കൊപ്പം സ്വയം സോധ ഈ ബി.എഫ്.എസ്.ഐ സമ്മിറ്റിൽ സംസാരിക്കും. ബി.എഫ്.എസ്.ഐ മേഖലയുടെ ഭാവിയിൽ, താൻ വികസിപ്പിച്ച സ്മാർട്ട് ഗ്ലാസ് സാങ്കേതിക വിദ്യയുടെ പങ്ക് വിശദീകരിക്കും.

ഐ.ടി ലോകത്ത് കൗതുകവും അമ്പരപ്പും

കുരുന്നു പ്രായത്തിൽ ടി.വിയിൽ കണ്ട കാർട്ടൂണുകളിലൂടെ കത്തിക്കയറിയ കമ്പമാണ് കൊച്ചു സോധയെ ഇൻഫർമേഷൻ ടെക്നോളജിയുടെ ലോകത്ത് എത്തിച്ചത്. സ്വയം സോധ കണ്ടെടുത്ത ഐ.ടി ലോകത്തെ സാധ്യതകൾ കൗതുകപൂർവം കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ മൈക്രോസോഫ്ടിലെയും ആപ്പിളിലെയും, ടെക് മാധ്യമ മേഖലയിലെയുമൊക്കെ വിദഗ്ധരുണ്ട്.  ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിൽ ഈയിടെ സ്വയം സോധയെ ശശി തരൂരാണ് ആദരിച്ചത്.
ഡാറ്റ സയൻസസിൽ ഡിപ്ലോമയെടുത്ത് മറ്റൊരു ഡിപ്ലോമ പഠിച്ചു വരുന്ന സ്വയം സോധക്ക് സ്കുളിൽ മറ്റു കുട്ടികൾക്കൊപ്പം ബെഞ്ചിലിരുന്ന് പഠിക്കാനുള്ള സമയമില്ല. അതുകൊണ്ട് ഉച്ച കഴിഞ്ഞ് ഓൺലൈനിലാണ് സി.ബി.എസ്.ഇ സിലബസിലുള്ള ആറാം ക്ലാസ് പഠനം മുന്നോട്ടു പോകുന്നത്. രാവിലെ ഐ.ഒ.ടി ഡിപ്ലോമക്ക് വേണ്ടിയുള്ള ക്ലാസുകൾ. ഇതിനെല്ലാമിടയിലാണ് സ്മാർട്ട് ഗ്ലാസ് രൂപപ്പെടുത്തിയ ഗവേഷണം. സ്വയം സോധ പറയുന്നതനുസരിച്ച്, സ്മാർട്ട് ഫോണിലെയും ടി.വിയിലെയും ലാപ്ടോപിലെയുമൊക്കെ സോഫ്റ്റ് വെയർ താൻ രൂപപ്പെടുത്തിയ സ്മാർട്ട് കണ്ണട കൊണ്ട് പ്രവർത്തിപ്പിക്കാം. കമ്പ്യൂട്ടർ കഴിഞ്ഞ തലമുറയുടേതാണെങ്കിൽ, സ്മാർട്ട് ഗ്ലാസ് വരുംതലമുറയുടേതാണെന്ന് സ്വയം സോധ പ്രവചിക്കുന്നു.

സ്വയംസോൺ സ്മാർട് വെയർ ടെക്നോളജീസ് സ്ഥാപകൻ

സ്വയംസോൺ ഡോട്ട് കോം (swayamezon.com) എന്നൊരു വെബ്സൈറ്റ് തന്നെയുണ്ട് സ്വയംസോധക്ക്. സ്വയംസോൺ സ്മാർട്ട് ഗ്ലാസ്, ബാലപ്രതിഭയുടെ ആശയങ്ങൾ, ഇതിനകം നേടിയ അംഗീകാരങ്ങൾ, അഭിമുഖങ്ങൾ എന്നിവയെല്ലാം അവിടെ കാണാം. സോഫ്റ്റ് വെയർ എഞ്ചിനീയർ, ഏറ്റവും പ്രായം കുറഞ്ഞ പൈഥൺ കോഡർ, ഏറ്റവും പ്രായം കുറഞ്ഞ ഡാറ്റ സയന്റിസ്റ്റ്, ഇന്നവേറ്റർ, നിര്‍ദിഷ്ട സ്വയംസോൺ സ്മാർട് വെയർ ടെക്നോളജീസ് ചീഫ് ടെക്നിക്കൽ ഓഫീസർ, യുട്യൂബർ എന്നിങ്ങനെ സ്വയംസോധയെ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നു. ജോലി തേടി നടക്കുന്നതിനു പകരം സംരംഭകരാകാനാണ് തന്റെ തലമുറക്ക് സ്വയം സോധ നൽകുന്ന ഉപദേശം -സ്വയം സോധയും സംരംഭകന്റെ തിരക്കിലാണ്. ബിസിനസ് തിരക്കുകൾ മാറ്റി വെച്ച് എല്ലാറ്റിനും കൈത്താങ്ങായി മാതാപിതാക്കള്‍.

സ്വയം സോധ വിശിഷ്ടാതിഥിയായി എത്തുന്ന ബി.എഫ്.എസ്.ഐ സമിറ്റില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ 9072570065 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയാവും. പ്രത്യേക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍: dhanambfsisummit.com


Tags:    

Similar News