കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാറിലെ ഭൂമിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എറണാകുളത്ത് 4 ഏക്കറില്‍ വാണിജ്യ സമുച്ചയം
കെട്ടിടം നിര്‍മിച്ച് നിശ്ചിതകാലം ഉപയോഗിച്ച ശേഷം കൈമാറുന്ന ബി.ഒ.ടി വ്യവസ്ഥയിലാണ് പദ്ധതി
എറണാകുളം നഗര ഹൃദയത്തില്‍ നാലേക്കറില്‍ വാണിജ്യ സമുച്ചയവും മൂന്നാറില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലും സ്ഥാപിക്കുന്നതിന് സ്വകാര്യ നിക്ഷേപകരെ തേടി കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം പൂവാറില്‍ റിസോര്‍ട്ട്, പെരിന്തല്‍മണ്ണയില്‍ മെഡിക്കല്‍ ഹബ്ബ്, കൊല്ലത്ത് റിസോര്‍ട്ടും വാണിജ്യ കേന്ദ്രവും എന്നിവ സ്ഥാപിക്കാനും കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള ഭൂമി വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കെട്ടിടം നിര്‍മിച്ച് നിശ്ചിതകാലം ഉപയോഗിച്ച ശേഷം കൈമാറുന്ന ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ബി.ഒ.ടി) വ്യവസ്ഥയിലാണ് പദ്ധതി. ഇതിനായി യോഗ്യരായ നിക്ഷേപകരില്‍ നിന്നും കെ.എസ്.ആര്‍.ടി.സി താത്പര്യ പത്രം ക്ഷണിച്ചു.
വരുന്നത് ആധുനിക ബസ് സ്റ്റാന്‍ഡ് അടക്കം
ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡ് അടക്കമുള്ള സൗകര്യങ്ങളോടെയായിരിക്കണം ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടതെന്നും ടെണ്ടര്‍ നോട്ടീസില്‍ പറയുന്നു. തീരത്തോട് ചേര്‍ന്ന് പൂവാറില്‍ ഒരേക്കറും അഷ്ടമുടിക്കായലിനോട് ചേര്‍ന്ന് 1.75 ഏക്കറും എറണാകുളം നഗരഹൃദയത്തില്‍ നാലേക്കറും പെരിന്തല്‍മണ്ണയില്‍ 2.28 ഏക്കറും മൂന്നാറില്‍ മൂന്ന് ഏക്കറും ഭൂമിയാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി 29 വര്‍ഷം ഉപയോഗിച്ച ശേഷം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറണം. റിസോര്‍ട്ടുകളിലും ഹോട്ടലിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി മുറി ഉറപ്പാക്കണമെന്നും ഡിസ്‌കൗണ്ട് നല്‍കണമെന്നുമുള്ള വ്യവസ്ഥയുമുണ്ട്. ഏറ്റവും ഉയര്‍ന്ന ലീസ് റെന്റ് രേഖപ്പെടുത്തുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്നാണ് കെ.എസ്.ആര്‍.ടി.സി വൃത്തങ്ങള്‍ പറയുന്നത്.
നഷ്ടക്കച്ചവടം
2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.ടി.ഡി.എഫ്.സിയുമായി ചേര്‍ന്ന് തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളില്‍ കെട്ടിട സമുച്ചയങ്ങള്‍ സ്ഥാപിച്ച് നഷ്ടത്തിലായ ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നീക്കം. കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പയ്യന്നൂര്‍, കൊട്ടാരക്കര,കാസര്‍കോട് എന്നിവിടങ്ങളില്‍ സ്വന്തമായി നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്‌സുകളും നഷ്ടത്തിലാണ്. കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയുടെ വാണിജ്യ സാധ്യത പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.