പ്രതീക്ഷപോലെ പണപ്പെരുപ്പം, രാജ്യാന്തര സ്വര്‍ണ വില പറന്നുയര്‍ന്നു, കേരളത്തില്‍ 58,000 കടന്ന് വിശ്രമം
മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ 1,360 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,285 രൂപയും പവന് 58,280 രൂപയിലും തുടരുന്നു. ഈ ആഴ്ച 1,360 രൂപയോളം ഉയര്‍ന്ന ശേഷമാണ് സ്വര്‍ണത്തിന്റെ വിശ്രമം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 6,015 രൂപയിലാണ് വ്യാപാരം. വെള്ളി വില തുടര്‍ച്ചയായ മൂന്നാം നാളിലും ഗ്രാമിന് 101 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റം
നവംബറിലെ യു.എസ് ചില്ലറവിലക്കയറ്റ കണക്ക് പ്രതീക്ഷയ്‌ക്കൊപ്പമായത് അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റത്തിനിടയാക്കി. ഔണ്‍സ് വില വീണ്ടും 2,700 ഡോളര്‍ മറികടന്ന് 2,721 ഡോളര്‍ വരെയെത്തി. ഇന്ന് നേരിയ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2,726 ഡോളർ വരെ എത്തിയ ശേഷം
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച നടക്കുന്ന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളാണ് ചില്ലറ വിലക്കയറ്റ കണക്കുകള്‍ നല്‍കുന്നത്. 2.7 ശതമാനമാണ് വിലക്കയറ്റം. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴികെയുള്ള വിലക്കയറ്റം 3.3 ശതമാനവും. പലിശ കുറയ്ക്കാന്‍ തടസമാകുന്ന കാര്യങ്ങളിപ്പോള്‍ ഫെഡറല്‍ റിസര്‍വിനു മുന്നിലില്ലെന്നാണ് വിലയിരുത്തല്‍.
ഇന്ന് പുറത്തു വരാനിരിക്കുന്ന പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സ് കണക്കുകളും ഫെഡിന്റെ തീരുമാനത്തില്‍ നിര്‍ണായകമാണ്.
അതേസമയം യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മാത്രമല്ല 2025 ല്‍ വീണ്ടും പലിശയില്‍ അയവു വരുത്തുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. യൂറോസോണില്‍ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
സമ്പദ് മേഖലയെ പുഷ്ടിപ്പെടുത്താനും ട്രംപിന്റെ താരിഫ് യുദ്ധത്തോട് പിടിച്ചു നില്‍ക്കാനും വേണ്ട കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ചൈനയും സൂചന നല്‍കിയിട്ടുണ്ട്. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഇത് നല്‍കുന്നത്. സ്വര്‍ണത്തിനും ഗുണകരമാകും ഈ നീക്കം.
പശ്ചിമേഷ്യന്‍ യുദ്ധവും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. അനിശ്ചിത സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമായി കരുതുന്നത് സ്വര്‍ണത്തെയാണ്. ഇത് സ്വർണത്തിന്റെ വില ഉയരാൻ ഇടയാക്കും.
ആഭരണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,280 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 63,083 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.