റബര്‍ തോട്ടങ്ങളിലേക്ക് മുള കൃഷി; കര്‍ഷകന്റെ അതിജീവന പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല

ഒന്നര ലക്ഷം മുടക്കിയാല്‍ നാലു ലക്ഷം വരെ നേടാമെന്ന് പ്രതീക്ഷ; പരിപാലനം വേണ്ട

Update:2024-12-12 10:58 IST
'പ്ലാന്റ് ഇറ്റ് ആന്‍ഡ് ഫൊര്‍ഗെറ്റ്'- മുള കൃഷിയെക്കുറിച്ച് കര്‍ഷകര്‍ പറയുന്നത് ഇങ്ങനെയാണ്. അതായത് നട്ടുകഴിഞ്ഞാല്‍ വലിയ പരിപാലനമൊന്നും വേണ്ടെന്ന് സാരം. പ്രതികൂല കാലാവസ്ഥയും വിലയിലെ അസ്ഥിരതയും പ്രതിസന്ധിയിലാക്കിയ റബര്‍ കൃഷിക്ക് ബദലായി മുളകൃഷിയെ വ്യാപകമാക്കാനൊരുങ്ങി കര്‍ഷകര്‍. പാലക്കാട് കല്ലടിക്കോട് കിനാക്കുഴിയില്‍ കെ.സി ജോണിന്റെ നേതൃത്വത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ഞൂറിലധികം ഏക്കറിലാണ് മുളകൃഷി തുടങ്ങിയത്. സ്വന്തം നാട്ടില്‍ ഒരേക്കര്‍ ഭൂമിയില്‍ 60 ഇനം മുളകളും ജോണ്‍ കൃഷി ചെയ്യുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരുമെന്നതും കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നതും മുളകൃഷിയുടെ മേന്മയാണെന്ന് ജോണ്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് വേള്‍ഡ് ഓഫ് ബാംബു എന്ന സ്ഥാപനം രൂപീകരിച്ചാണ് ജോണിന്റെ പ്രവര്‍ത്തനം.

കുറഞ്ഞ സ്ഥലം മതി, പ്ലാസ്റ്റിക്കിന് ബദലാകും

പ്ലാന്റേഷന്‍ രീതിക്കൊപ്പം വീട്ടിലെ കുറഞ്ഞ സ്ഥലത്തും കൃഷി ചെയ്യാമെന്നതാണ് മുളയുടെ പ്രത്യേകത.

മുള കര്‍ഷകനായ പാലക്കാട് കല്ലടിക്കോട് കിനാക്കുഴിയില്‍ കെ.സി ജോണ്‍

 

പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത് പ്ലാസ്റ്റിക്, സ്റ്റീല്‍, സോഫ്റ്റ് വുഡ് എന്നിവക്ക് ബദലായി ഉപയോഗിക്കാന്‍ മുളക്ക് കഴിയും. ആനമുള മുതല്‍ തോട്ടമുള വരെയുള്ള 1,600ലധികം ഇനങ്ങളാണ് ഈ പുല്ലുവര്‍ഗത്തിനുള്ളത്. 50 രൂപ മുതല്‍ 500 രൂപ വരെയാണ് ഒരു ചെടിക്ക് ചെലവാകുന്നത്. ഒരേക്കര്‍ സ്ഥലത്ത് കുറഞ്ഞത് 400 മരമെങ്കിലും നട്ടുവളര്‍ത്താന്‍ പറ്റും. മേയ് - ജൂണ്‍ മാസങ്ങളാണ് നടീലിന് പറ്റിയ സമയം. 1.5 ലക്ഷം രൂപയോളം ഇതിന് ചെലവാകും. ഇതേസ്ഥലത്ത് 200 റബര്‍ മരങ്ങള്‍ വരെയാണ് നട്ടുവളര്‍ത്താന്‍ പറ്റുക. ഏഴ് മുതല്‍ പത്ത് വര്‍ഷം കഴിഞ്ഞാലേ പൂര്‍ണ തോതില്‍ റബര്‍ മരങ്ങളില്‍ നിന്ന് വരുമാനം ലഭിക്കൂ. എല്ലാ ദിവസവും പരിപാലിക്കുകയും വേണം. എന്നാല്‍ മുളകൃഷിയില്‍ അഞ്ചാം വര്‍ഷം മുതല്‍ കുറഞ്ഞത് നാല് ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കുമെന്നാണ് ജോണ്‍ പറയുന്നത്. ആദ്യഘട്ടം കഴിഞ്ഞാല്‍ വലിയ രീതിയിലുള്ള പരിപാലനവും ആവശ്യമില്ല. 40 വര്‍ഷത്തോളം തുടര്‍ച്ചയായി വരുമാനം ലഭിക്കുന്ന തരത്തിലേക്ക് മുളകൃഷിയെ മാറ്റാമെന്നും ജോണ്‍ പറയുന്നു.

വ്യവസായങ്ങള്‍ വളര്‍ന്നു വരണം

കേരളത്തില്‍ മുളയുമായി ബന്ധപ്പെട്ട് നിരവധി സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വ്യവസായികാടിസ്ഥാനത്തിലുള്ളവ കുറവാണെന്ന് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകനായ ഡോ.ബി ഗോപകുമാര്‍ പറയുന്നു. കൂടുതല്‍ പേരും കരകൗശല ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ്. എന്നാല്‍ മുളയില്‍ നിന്ന് കരി (Charcoal), എത്തനോള്‍, ബാംബു പെല്ലറ്റ്‌സ്, തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ 1,500ലധികം ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നിരവധി ഭക്ഷ്യഉത്പന്നങ്ങളും മുളയില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. ഈ വിപണന സാധ്യതയെ കേരളം ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വലിയ സാധ്യതകള്‍

സംസ്ഥാനത്ത് ഒരുലക്ഷത്തോളം പേരുടെ ജീവനോപാധിയാണ് മുളയെന്നാണ് സര്‍ക്കാര്‍ കണക്ക്. കേരളത്തില്‍ വനം വകുപ്പിന്റെ വിവിധ പ്ലാന്റേഷനുകളിലും സ്വകാര്യ ഫാമുകളിലുമാണ് മുള കൃഷിയുള്ളത്. കരകൗശല ഉത്പാദനത്തിന് അസാമില്‍ നിന്നുള്ള മുളയും സംസ്ഥാനത്ത് എത്തിക്കാറുണ്ട്. പല വിദേശ രാജ്യങ്ങളിലും കെട്ടിട നിര്‍മാണത്തിന് വരെ മുള ഉപയോഗിക്കാറുണ്ട്. എന്നാല്‍ നമ്മുടെ നിയമങ്ങള്‍ ഇത് അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വിപണന സാധ്യതകള്‍ കൂടി ഉറപ്പാക്കി കൃഷി ചെയ്താല്‍ ലക്ഷങ്ങളുടെ വരുമാനം ഉറപ്പാക്കുന്ന വ്യവസായമായി മുളകൃഷിയെ മാറ്റാവുന്നതാണ്. വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ബാംബു മിഷനും വ്യവസായ വകുപ്പും കൊച്ചിയില്‍ സംഘടിപ്പിച്ച ബാംബു ഫെസ്റ്റിലെത്തിയ വിദേശികള്‍ ലക്ഷക്കണക്കിന് രൂപയുടെ മുളയുത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് വിപണി സാധ്യതയുടെ തെളിവാണെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

Similar News