പ്രൊവിഡന്റ് ഫണ്ടിന് അപേക്ഷിച്ച് നീണ്ടകാലം കാത്തിരിക്കേണ്ട, എ.ടി.എം വഴി പിന്‍വലിക്കാന്‍ സൗകര്യം വരുന്നു

പി.പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കാനും നീക്കം

Update:2024-12-12 11:55 IST

Image by Canva

പ്രൊവിഡന്റ് വരിക്കാര്‍ക്ക് ഇതാ വലിയൊരു  സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷം മുതല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്റെ (EPFO) എല്ലാ വരിക്കാര്‍ക്കും എ.ടി.എം വഴി നേരിട്ട് പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാം. ലേബര്‍ സെക്രട്ടറി സുമിത ദവ്‌റയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിനായി പി.പി.എഫ് ഉടമകള്‍ക്ക് പ്രത്യേകം എ.ടി.എം കാര്‍ഡുകള്‍ നല്‍കും. 

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ എ.ടി.എം വഴി പിന്‍വലിക്കാം. പദ്ധതി പ്രാബല്യത്തിലായാല്‍ അപേക്ഷകളും രേഖകളും സമര്‍പ്പിച്ച് കാത്തിരിക്കേണ്ടി വരില്ലെന്നതാണ് മെച്ചം.

തൊഴിലാളികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ നവീകരിക്കുകയാണെന്നും ജനുവരിയോടെ ഇതില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും ദവ്‌റ കൂട്ടിച്ചേര്‍ത്തു. ഇ.പി.എഫ്.ഒയില്‍ ഏഴ് കോടി വരിക്കാരാണുള്ളത്.

നിക്ഷേപ പരിധി  ഉയർത്തിയേക്കും 

പി.പി.എഫില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിലെ 12 ശതമാനം പരിധി എടുത്തുകളഞ്ഞുകൊണ്ട് തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യമുണ്ടായേക്കും.
ഗിഗ് തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും കൃത്യമായൊരു തീയതി ഇപ്പോള്‍ പറയാനാകില്ലെന്നും ദവ്‌റ വ്യക്തമാക്കി. നിരവധി കാര്യങ്ങള്‍ ഇതിനായി ചെയ്തിട്ടുണ്ട്. ഒരു പദ്ധതി വിഭാവനം ചെയ്തു വരുന്നു.  ആരോഗ്യ സംരക്ഷണം, പ്രൊവിഡന്റ് ഫണ്ട്, അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്തും.

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ് വരികയാണെന്നും ദവ്‌റ പറഞ്ഞു. 2017ല്‍ ആറ് ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇപ്പോള്‍ അത് 3.2 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

Tags:    

Similar News