നിങ്ങളുടെ സ്ഥാപനത്തിലുണ്ടോ 'ടോക്‌സിക്' ജീവനക്കാര്‍, എങ്ങനെ തിരിച്ചറിയാം?

പ്രശ്‌നക്കാരനായ ഒരു ജോലിക്കാരന്റെ പല തീരുമാനങ്ങളും മറ്റുള്ളവരെയും ബിസിനസിനെയും ബാധിക്കും

Update:2024-12-08 11:45 IST

ഞങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ചെയ്ഞ്ച് മാനേജ്മെന്റ് ഏറ്റെടുക്കുമ്പോള്‍ മൂന്ന് ഘട്ടങ്ങളായാണ് അത് ചെയ്യാറുള്ളത്. ഡിസ്‌കവറി ഫെയ്സ് എന്ന ആദ്യ ഘട്ടത്തിലാണ് ഞങ്ങള്‍ സ്ഥാപനത്തിലെ പ്രധാനപ്പെട്ട ജീവനക്കാരുമായി സംസാരിക്കുന്നത്. ഇതിന്പുറമേ ആവശ്യമുള്ള ഡാറ്റകളും റെക്കോര്‍ഡുകളും അവിടെ നിലവിലുള്ള ഐടി സിസ്റ്റവും സമഗ്രമായി പരിശോധിക്കും.

എക്സിക്യൂഷന്‍ ഫെയ്സ് എന്ന് വിളിക്കുന്ന രണ്ടാം ഘട്ടത്തിലാണ് തിരുത്തലുകളും (കറക്ഷന്‍സ്) മെച്ചപ്പെടുത്തലും (ഇംപ്രൂവ്മെന്റ്സ്) നടപ്പിലാക്കുന്നത്. മൂന്നാം ഘട്ടമായസപ്പോര്‍ട്ട് ഫെയ്സില്‍ നടപ്പിലാക്കപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. മിക്കവാറും സ്ഥാപനങ്ങളില്‍ ഈ മൂന്ന് ഘട്ടങ്ങളും മൂന്നു മാസം മുതല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ആദ്യ ഘട്ടത്തില്‍ ജീവനക്കാരുമായി സംവദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കിട്ടുന്ന പരാതി 'ടോക്സിക്' ആയ മാനേജേഴ്സ്/മേധാവികള്‍ ഉള്ളതിനാല്‍ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ്. പലപ്പോഴും ഇത്തരക്കാരെ മനസിലാക്കി സ്ഥാപനത്തില്‍ നിന്നും പുറത്താക്കാന്‍ ടോപ് മാനേജ്മെന്റിന് കഴിയാറില്ല. ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്നത് നമുക്ക് പരിശോധിക്കാം.
1. സമയബന്ധിതമായി തീരുമാനങ്ങള്‍ എടുക്കാതിരിക്കുക: തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍, പ്രത്യേ
കിച്ചും എടുക്കേണ്ട തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം തനിക്കുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇവര്‍ ഇത് നീട്ടിവെയ്ക്കുന്നതായി കാണാം. പലപ്പോഴും മറ്റുള്ളവര്‍ പറയുന്ന തീരുമാനങ്ങളെയോ അഭിപ്രായങ്ങളെയോ കീറിമുറിച്ച് വിമര്‍ശിക്കും. ഒരു തീരുമാനത്തില്‍ എത്തുമ്പോള്‍ അതിനെതിരെ ഉള്ള തന്റെ വാദങ്ങള്‍ കൂടി പറഞ്ഞ്, അഥവാ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടായാല്‍ സ്വയം മുന്‍കൂര്‍ ജാമ്യം എടുത്ത് മാറിനില്‍ക്കും.
2. മൈക്രോ മാനേജ്മെന്റ്: തന്റെ കീഴിലുള്ള ആളുകളെക്കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കാതെ അവരോടോ അവരുടെ കീഴിലുള്ളവരോടോ നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുക. തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ ചെയ്യേണ്ടുന്ന ജോലികള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെചെറിയ വശങ്ങളില്‍ പോലും നേരിട്ട് ഇടപെടാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്: തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് എന്നും ലഘു ഭക്ഷണങ്ങളും ചായയും കൊടുക്കുന്നു എന്നിരിക്കട്ടെ. ഇതിന്റെ ബില്ലുകള്‍ സ്ഥിരമായി പരിശോധിക്കുക.
3. കൃത്യമായി ആശയവിനിമയം ചെയ്യാതിരിക്കുക: ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ചും ഏല്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങളെക്കുറിച്ചും കൃത്യമായി വിശദീകരിക്കാതിരിന്നാല്‍ മറ്റുള്ളവരില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കും.
4. കുറ്റം മറ്റുള്ളവരിലേക്ക് ചാര്‍ത്തുക: പലപ്പോഴും അവനവന്റെ പരാജയങ്ങള്‍ക്കും തെറ്റുകള്‍ക്കും പിന്നില്‍ മറ്റുള്ളവരുടെ കഴിവില്ലായ്മയാണ് എന്ന രീതിയില്‍ ഇവര്‍ സംസാരിക്കും. സ്വയം ഒരിക്കലും ഇവര്‍ കുറവുകളെയോ തെറ്റുകളെയോ അംഗീകരിക്കുകയില്ല.
5.ചിലരെ ഇഷ്ടക്കാരാക്കുക: ജീവനക്കാരില്‍ ചിലരെ മാത്രം ഇഷ്ടക്കാരാക്കി അവരോട് പ്രത്യേക താല്‍പ്പര്യം കാണിക്കുകയും, ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുക.
6. അസ്ഥിരത: പറയുന്ന കാര്യങ്ങളിലോ, ചെയ്യുന്ന ജോലികളുടെ ക്രമത്തിലോ സ്ഥിരതയുണ്ടാകാതെ ഇരിക്കുക.ഇത് മറ്റുള്ളവരില്‍ വലിയ സംഘര്‍ഷം ഉണ്ടാക്കും.
7. ഫീഡ്ബാക്കിനോട് പുറംതിരിഞ്ഞു നില്‍ക്കുക: മറ്റുള്ളവരുടെ ഫീഡ്ബാക്കിലൂടെ മാത്രമേ ഒരാള്‍ക്ക് മെച്ചപ്പെടാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനോട് നിരന്തരം വിമുഖത കാണിക്കും. നന്നായി ഫീഡ്ബാക്ക് കൊടുക്കുന്നവരോട് പോലും നെഗറ്റീവ് ആയി പ്രതികരിക്കുന്നതും കാണാം.
8. മറ്റുള്ളവരില്‍ നിന്ന് യാഥാര്‍ത്ഥ്യബോധമില്ലാത്ത രീതിയില്‍ പ്രതീക്ഷ വെയ്ക്കുക: ജോലി സംബന്ധമായ ടാര്‍ഗറ്റുകളിലോ, ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളിലോ യാഥാര്‍ത്ഥ്യ ബോധമില്ലാതെയുള്ള ലക്ഷ്യങ്ങള്‍ നല്‍കുന്ന രീതി ഇവര്‍ ചെയ്യുന്ന ഒരു കാര്യമാണ്. ഇത് മറ്റുള്ളവരില്‍ നിരാശയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കും.
9. ശത്രുതാ മനോഭാവവും പ്രകോപനവും: വ്യവഹാരങ്ങളിലും സംസാരങ്ങളിലും എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടായാല്‍ ഇവര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും നിസാര കാര്യങ്ങള്‍ക്ക് പ്രകോപിതരാവുകയും ചെയ്യും.
10. മറ്റുള്ളവരെ അംഗീകരിക്കാതിരിക്കുക: കൂടെയുള്ള ടീം അംഗങ്ങള്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കുക. കൂടാതെ മറ്റെന്തെങ്കിലും കാര്യത്തില്‍ കുറ്റം കണ്ടെത്തി അവര്‍ ചെയ്ത നല്ല കാര്യത്തിന്റെ ശോഭ കെടുത്തുകയും ചെയ്യും.
11. ഞാന്‍-ഞാന്‍: എന്തു പറയുമ്പോഴും 'ഞങ്ങള്‍' അല്ലെങ്കില്‍ 'നമ്മള്‍' എന്നതിന് പകരം 'ഞാന്‍' അല്ലെങ്കില്‍ 'സ്വന്തം പേര്' ഉപയോഗിക്കുന്നതായി കാണാം.മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോ സ്വഭാവരീതിയോ ഉള്ളവരായിരിക്കും ഇവരില്‍ ഭൂരിഭാഗവും. നമ്മുടെ സ്ഥാപനത്തില്‍ ഇത്തരം സ്വഭാവങ്ങള്‍ കാണിക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രത്യേക ശ്രദ്ധയോടെ ഇവരെ കൈകാര്യം ചെയ്യണം. ഇവര്‍ക്ക് കീഴിലോ കൂടെയോ പ്രവര്‍ത്തിക്കുന്നവരോട് ഇവരെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തിരക്കി യാഥാര്‍ത്ഥ്യം മനസിലാക്കണം. ഇത്തരം സ്വഭാവങ്ങള്‍ നമ്മളില്‍ ഉണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. തന്റെ കൂടെ ജോലി ചെയ്യുന്നവരോട് ബഹുമാനത്തോടെയുംസ്നേഹത്തോടെയും പെരുമാറുകയും, അവരുടെ ഏറ്റവും നല്ല കഴിവ് പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ സ്ഥാപനത്തെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയൂ.
(ഡിസംബര്‍ 15 ലക്കം ധനം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)
Tags:    

Similar News