ലോകത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ കഠിനാധ്വാനം തന്നെ വേണം. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്താൽ ലോകം മാറ്റിമറിക്കാം എന്നാണ് ടെസ്‌ല സിഇഒ ആയ ഇലോൺ മസ്‌ക് പറയുന്നത്.
"ലോകത്ത് ജോലി ചെയ്യാൻ വളരെ എളുപ്പമുള്ള സ്ഥലങ്ങളുണ്ട്. എന്നാൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്തതുകൊണ്ട് ലോകം മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല," സ്പേസ് എക്സ് സ്ഥാപകൻ കൂടിയായ മസ്‌ക് പറയുന്നു. 80 മണിക്കൂർ എന്നത് തന്റെ കമ്പനിയിൽ 100 മണിക്കൂർ വരെയാകാറുണ്ടെന്ന് മസ്‌ക് പറയുന്നു.
ലക്ഷ്യം നേടിയെടുക്കുന്നത് പരമപ്രധാനമായി കാണുന്നവർക്ക് തന്റെ സ്ഥാപങ്ങളായ സ്പേസ് എക്സ്, ടെസ്‌ല, ബോറിങ് കമ്പനി, ന്യൂറാലിങ്ക് എന്നിവിടങ്ങളിൽ സ്ഥാനമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ടെസ്‌ല പൂട്ടിപ്പോകുമെന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ടെസ്‌ലയുടെ മോഡൽ 3 സെഡാൻ നിർമ്മിക്കുമ്പോഴായിരുന്നു അത്.
പണം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കമ്പനി പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലെത്തിയിരുന്നു. അന്ന് താനും സഹപ്രവർത്തകരും വളരെ അധ്വാനിച്ചു. ചിലപ്പോൾ ഫാക്ടറിയിൽ തന്നെയാണ് ഉറങ്ങാറെന്നും മസ്‌ക് ഓർമിച്ചു.