കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രം, ലക്ഷ്യമിടുന്നത് 15000 സ്റ്റാര്‍ട്ടപ്പുകള്‍; മുഖ്യമന്ത്രി

ഹഡില്‍ ഗ്ലോബല്‍ സമ്മേളനത്തിന് കോവളത്ത് തുടക്കം

Update:2022-12-15 13:17 IST

കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദ്വിന (കെ.എസ്.യു.എം.) ഹഡില്‍ ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറി. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തുന്നതിനുള്ള നടപടി ആരംഭിച്ചു. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നു. ഏതൊരാള്‍ക്കും കേരളത്തിലെത്തി സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാനാകും. ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമെന്നും നവീന സാങ്കേതികവിദ്യാ മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൊച്ചിയില്‍ സ്ഥാപിച്ച ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ മാതൃകയില്‍ തിരുവനന്തപുരത്ത് എമര്‍ജിങ് ടെക്നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 2015നു ശേഷം 3200 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനായിട്ടുണ്ട്. ലോകത്തെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 55,000 സ്റ്റാര്‍ട്ടപ്പുകളുള്ള ഈ മേഖലയില്‍ കേരളത്തിന്റെ പങ്കാളിത്തം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലുള്ള നൂതനമായ ആശയങ്ങള്‍ നടപ്പില്‍ വരുത്തിയും സ്റ്റാര്‍ട്ടപ്പുകളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചക്കാവശ്യമായ എക്കോസിസ്റ്റം സൃഷ്ടിച്ചെടുത്തുമാണ് കേരളം ഈ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ സമ്മേളനം കോവളം ലീല റാവിസ് ഹോട്ടലില്‍ നടക്കുകയാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹഡില്‍ ഗ്ലോബല്‍ സമ്മേളനം സംഘടിപ്പിച്ചിരുന്നില്ല. വിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യം, കോര്‍പ്പറേറ്റ്, എന്‍.ആര്‍.ഐ ഗ്രാമീണ സംരംഭം തുടങ്ങിയ അഞ്ച് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സമ്മേളനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മൂവായിരത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ 36 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 30 എയ്ഞ്ചല്‍ ഫണ്ടിംഗ് സ്ഥാപനങ്ങള്‍, എഴുപതോളം നിക്ഷേപകര്‍ എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, അന്തര്‍ സംസ്ഥാന സഹകരണത്തിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സാധ്യതകള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാകുക.

Tags:    

Similar News