പിന്തുടരാം, നാരായണ മൂര്‍ത്തിയുടെ 5 നേതൃത്വ മന്ത്രങ്ങള്‍

Update:2019-07-30 12:54 IST

സമകാലിക ഇന്ത്യയില്‍ നേതൃമികവിന്റെ ആള്‍ രൂപമാണ് ഇന്‍ഫോസിസിന്റെ ശില്‍പ്പിയായ എന്‍.ആര്‍. നാരായണ മൂര്‍ത്തി. വാക്ചാതുരിയേക്കാള്‍ പ്രവര്‍ത്തനോന്മുഖതയില്‍ വിശ്വസിക്കുന്ന നാരായണമൂര്‍ത്തി നല്‍കുന്ന നേതൃത്വ മന്ത്രങ്ങളിതാ:

  1. നാളെ എന്ന ദിവസം ഇല്ല എന്ന അത്യാവശ്യബോധത്തോടെയാകണം നമ്മുടെ പ്രവര്‍ത്തനം. 1951 മുതലുള്ള ഒറ്റ ദശകം കൊണ്ടു രാജ്യത്ത് അര ഡസന്‍ ഐഐടികളും ഐഐഎമ്മുകളും ആണവോര്‍ജസ്ഥാപനങ്ങളും ആസൂത്രണ കമ്മിഷനും അണക്കെട്ടുകളും മറ്റു പൊതുസ്ഥാപനങ്ങളും യാഥാര്‍ഥ്യമാക്കിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അതേ അടിയന്തരബോധമാണ് നേതൃനിരയിലുള്ളവര്‍ക്ക് ആവശ്യം.
  2. ചില തീരുമാനങ്ങള്‍ തെറ്റിപ്പോയെന്നു വരാം. അതു സാരമില്ല. മാധ്യമങ്ങളുടെ വിമര്‍ശനമുണ്ടാകാം. എങ്കിലും എടുത്ത പത്തു തീരുമാനങ്ങളില്‍ എട്ടെണ്ണം ശരിയായാല്‍ അതു മികച്ച റെക്കോഡായിരിക്കും.
  3. ദൗത്യനിര്‍വഹണം മെച്ചപ്പെടുത്താനും മികവു നേടാനും മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കാം.

  • നമ്മുടെ ദൗത്യം ഇന്നലത്തേക്കാള്‍ വേഗത്തില്‍ എന്നാല്‍, അതേ മികവോടെ (ഗുണമേന്മതെല്ലും കുറഞ്ഞുപോകാതെ) ഇന്നു നിറവേറ്റാന്‍ കഴിയുമോ?
  • അതേ ദൗത്യത്തിനു വേണ്ടിവരുന്ന ചെലവ് അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ കഴിയുമോ?
  • കുറച്ചുകൂടി മികച്ച രീതിയില്‍ അതു ചെയ്തുതീര്‍ക്കാന്‍ കഴിയുമോ?

ഈ ചോദ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിച്ചാല്‍ പുതുമ യാഥാര്‍ഥ്യമായിക്കഴിഞ്ഞു.

4.ഏറ്റവും മികച്ച പുത്തനാശയങ്ങള്‍ക്കു വേണ്ടി സ്ഥാപനത്തിലെ എക്സിക്യൂട്ടിവുമാര്‍ എല്ലാ ജീവനക്കാരുമായും ഇടപഴകണം. കീഴ്ജീവനക്കാരോട് എന്നതിനു പകരം സമന്മാരോട് എന്ന മട്ടിലായിരിക്കണം അവരുമായുള്ള സംഭാഷണം. തങ്ങള്‍ക്കു മഴവില്ലിനെ പിടിക്കാം എന്ന് അവര്‍ക്കുകൂടി തോന്നത്തക്ക വിധം ലക്ഷ്യദര്‍ശനവും ഉത്സാഹവും സൃഷ്ടിക്കുക എന്നതാണു നേതാവിന്റെ ഉത്തരവാദിത്തം.

5. വാക്ചാതുര്യമുണ്ടെങ്കില്‍ വിജയിച്ചു എന്നൊരു ധാരണ പൊതുവെ ഇന്ത്യക്കാര്‍ക്കുണ്ട്. അടുത്തയിടെ ബോസ്റ്റണില്‍ കണ്ടുമുട്ടിയ ഒരു അമേരിക്കന്‍ സി ഇ ഒ പറഞ്ഞത് ''ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ടതു തിങ്ക് ടാങ്ക് അല്ല ആക്ഷന്‍ ടാങ്ക് ആണ്'' എന്നാണ്. ആശയങ്ങള്‍ എത്രയും വേഗം പ്രവൃത്തിപഥത്തില്‍ എത്തിക്കുക എന്നതാണു നമ്മുടെ ആവശ്യം എന്നുതന്നെയാണ് ഇതിനര്‍ഥം.

എല്ലാവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നേതൃസ്ഥാനത്തുള്ളവര്‍ക്കു കഴിയണം. സത്യസന്ധത, കഠിനാധ്വാനം, ധൈര്യം, മികവിനായുള്ള പ്രതിദ്ധത എന്നീ മൂല്യങ്ങളുടെ അനുശീലനം എല്ലാ സഹപ്രവര്‍ത്തകരിലും പ്രോത്സാഹി പ്പിക്കാന്‍ നേതാക്കള്‍ പരിശ്രമിക്കണം. തീര്‍ച്ചയായും, ആദ്യം നേതാക്കള്‍ തന്നെ ഈ മൂല്യങ്ങള്‍ അനുശീലിക്കണം.

ഇന്‍ഫോസിസിന്റെ ബോര്‍ഡ് യോഗം കൂടുന്ന മുറിയുടെ സൂക്ഷിപ്പുകാരനെക്കുറിച്ചു പറയട്ടെ. റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിന്‍ അടക്കം, ഇന്‍ഫോസിസ് കാംപസിലെത്തിയിട്ടുള്ള എല്ലാ വി ഐ പി അതിഥികള്‍ക്കും ഞാന്‍ മുടക്കമില്ലാതെ ആ വ്യക്തിയെ പരിചയപ്പെടുത്തിക്കൊടുക്കും. അത് ആ വ്യക്തിയില്‍ അഭിമാനബോധം സൃഷ്ടിച്ചിരുന്നു. ഫലമോ, ബോര്‍ഡ് റൂം സദാ തിളക്കമാര്‍ന്ന വിധം വൃത്തിയായിസൂക്ഷിക്കപ്പെട്ടു.

(മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷനില്‍ നടത്തിയ എ.എസ്. ദേശ്പാണ്ഡെ അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ , ധനം മാഗസിന്‍ 2012 ജനുവരിയില്‍ പ്രസിദ്ധീകരിച്ചത്)

Similar News