കൃഷി വേണ്ട, സ്വന്തം ബിസിനസ് അല്ലെങ്കില്‍ ഒരു സൂപ്പര്‍ ജോലി; ഇന്നത്തെ യുവാക്കള്‍ ചിന്തിക്കുന്നത്...

മൂലധനം പ്രധാന വെല്ലുവിളി

Update:2024-08-06 11:12 IST

Image: Canva

സാങ്കേതിക വിദ്യയുടെ കരുത്തില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം കൂടിവരുന്നുണ്ടെങ്കിലും പുത്തന്‍ തലമുറക്ക് കൃഷി കൊണ്ട് ജീവിക്കേണ്ട. ഗ്രാമങ്ങളില്‍ പരമ്പരാഗതമായി കാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ യുവാക്കള്‍ പോലും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങാന്‍ കൂടുതല്‍ മടിക്കുന്നതായി സര്‍ക്കാര്‍ ഇതര സംഘടനയായ ഡവലപ്‌മെന്റ്  ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്കിടയിലെ തൊഴില്‍ താല്‍പര്യങ്ങളെ കുറിച്ച് രാജ്യത്തെ 21 സംസ്ഥാനങ്ങളിലാണ് സര്‍വേ നടന്നത്. 5169 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഗ്രാമങ്ങളിലുള്ള അഭ്യസ്ത വിദ്യരായ യുവാക്കളില്‍ 85 ശതമാനം പേരും നിലവിലുള്ള തൊഴിലില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവരാണ്. കൃഷിയോടും പരമ്പരാഗത സ്വയം തൊഴിലിനോടും അവര്‍ക്ക് താല്‍പര്യമില്ല.

ലക്ഷ്യം സ്വന്തം ബിസിനസ്

നിലവില്‍ തൊഴില്‍ ചെയ്യുന്നവരും തൊഴിലില്ലാത്തവരുമായ ഗ്രാമീണ യുവാക്കളില്‍ ഏറെ പേര്‍ക്കും താല്‍പര്യം സ്വന്തമായി ബിസിനസ് തുടങ്ങാനാണ്. ഉല്‍പ്പാദനം, റീടെയ്ല്‍, ട്രേഡിംഗ് എന്നീ മേഖലകളാണ് അവര്‍ ബിസിനസിനായി തെരഞ്ഞെടുക്കുന്നത്. അതേസമയം, മൂലധനം ഒരു വെല്ലുവിളിയായി അവര്‍ കാണുന്നുണ്ട്. യുവാക്കളില്‍ 90 ശതമാനവും യുവതികളില്‍ 50 ശതമാനവും ബിസിനസ് തുടങ്ങാന്‍ ബാഹ്യപിന്തുണ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. പത്തുശതമാനം പേര്‍ ബിസിനസ് തുടങ്ങാന്‍ പരിശീലനം നിര്‍ബന്ധമാണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നല്ല ശമ്പളമുള്ളൊരു ജോലി

സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യമേഖലയിലോ നല്ല ശമ്പളമുള്ള ഒരു ജോലി ആഗ്രഹിക്കുന്നവരാണ് രണ്ടാം സ്ഥാനത്ത്. യുവാക്കളില്‍ 60 ശതമാനവും യുവതികളില്‍ 70 ശതമാനവും സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കൂടി താല്‍പര്യം കാണിക്കുന്നവരാണ്. സ്വന്തം ഗ്രാമത്തിന് ഏറ്റവും അടുത്ത് കി്ട്ടുന്ന ജോലിയോടാണ് ഏറെ പേര്‍ക്കും താല്‍പര്യം. നഗരങ്ങളില്‍ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ 30 ശതമാനം വരെ കുറവാണ് ലഭിക്കുന്നതെങ്കിലും അവര്‍ക്ക് താല്‍പര്യം സ്വന്തം നാട്ടിലോ അതിന് അടുത്തോ ഉള്ള ജോലിയാണ്.

കൃഷിയില്‍ നിന്ന് വരുമാനമില്ല

കാര്‍ഷിക മേഖലയില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള വരുമാനം ലഭിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും. ഉല്‍പാദനക്കുറവും വരുമാനക്കുറവുമാണ് കാരണമെന്ന് 70 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളോ വൈവിധ്യ വല്‍ക്കരണത്തിനുള്ള പിന്തുണയോ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളോ ലഭിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News