സിന്തൈറ്റിന്റെ Mr. COOL

Update:2017-02-01 10:43 IST

ഓഫീസിലെ കാബിന്‍ മാത്രമേ മാറിയിട്ടുള്ളു, ഞാന്‍ പഴയ ആള്‍ തന്നെയാണ്, ഞാന്‍ ചെയ്യുന്ന ജോലികളിലും വലിയ മാറ്റമില്ല. സിന്തൈറ്റ് എന്നും ടീം വര്‍ക്കിന്റെ വിജയമാണ്, അത് അങ്ങനെ തന്നെ തുടരും,' കാറുകളുടെ മിനിയേച്ചര്‍ മോഡലുകള്‍ നിരന്ന മുറിയിലിരുന്ന് മറ്റൊരു യാത്ര ആസ്വദിക്കുന്നതുപോലെ വിജു ജേക്കബ് പറഞ്ഞു.

സുഗന്ധവ്യഞ്ജനങ്ങളുടെ സത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ലോകോത്തര കമ്പനികളില്‍ ഒന്നാമതുള്ള സിന്തൈറ്റിന്റെ പുതിയ മാനേജിംഗ് ഡയറക്റ്ററായി ഈയിടെ ചുമതയേറ്റ ഡോ. വിജു ജേക്കബ് ഈ പുതിയ സാരഥ്യം നല്‍കുന്ന ഉത്തരവാദിത്തത്തിലും തികച്ചും കൂളാണ്. കാരണം, കരുത്ത് പകരാന്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയം കൂടെയുണ്ട്. ഒരു മികച്ച ടീമിന്റെ പിന്തുണയും.

1972ല്‍ കമ്പനി സ്ഥാപിച്ച ദീര്‍ഘദര്‍ശിയായ സി.വി ജേക്കബ്, ബിസിനസിന്റെ ആദ്യകാലം മുതല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹോദരി പുത്രന്‍ ജോര്‍ജ് പോള്‍, സി.വി ജേക്കബിന്റെ മക്കള്‍ വിജുവും അജുവും മരുമക്കള്‍ മാണി വര്‍സീസും നൈനാന്‍ ഫിലിപ്പും പുതിയ തലമുറയിലെ അശോക് മാണിയുമൊക്കെ ഉള്‍പ്പെടുന്ന ഒരു പ്രൊഫഷണല്‍ കൂട്ട് തന്നെയാണ് സിന്തൈറ്റിന്റെ വിജയരഹസ്യം.

കുരുമുളകിന്റെ സത്ത് എന്ന ആദ്യ ഒലിയോറെസിനില്‍ തുടങ്ങിയ ബിസിനസിന്റെ ഭാഗമായി ഇന്നുള്ളത് അഞ്ഞൂറിലേറെ ഉല്‍പ്പന്നങ്ങള്‍. അമേരിക്കയിലും ബ്രസീലിലും ചൈനയിലും യൂണിറ്റുകള്‍, ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 1600 കോടിയുടെ വിറ്റുവരവ്.

കണക്കുകള്‍ക്കപ്പുറം സിന്തൈറ്റിനെ വ്യത്യസ്തമാക്കുന്നത് ഒരു കുടുംബ ബിസിനസിനെ ഏറ്റവും മികച്ച രീതിയില്‍ പ്രൊഫഷണലാക്കിയ ഫോര്‍മുല തന്നെയാണ്. അതില്‍ ഓരോ അംഗവും വഹിച്ച പങ്കും വേറിട്ടത്. സി.വി ജേക്കബിന്റെ വിഷനും ജോര്‍ജ് പോളിന്റെ നേതൃത്വവും വിജു ജേക്കബിന്റെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളും അജുവിന്റെ ഓപ്പറേഷന്‍സ് വൈദഗ്ധ്യവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സിന്തൈറ്റ് നേടിയത് പല കമ്പനികള്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു അപൂര്‍വ വിജയം.

ഒരു വിട്ടുവീഴ്ചയുമില്ലാതെ പിന്തുടരുന്ന 'ബ്ലൂ ബുക്ക്' അടിസ്ഥാനമാക്കി ജോര്‍ജ് പോളിന് ശേഷം ഇപ്പോള്‍ മാനേജിംഗ് ഡയറക്റ്ററാകുന്നത് ഡോ. വിജു ജേക്കബാണ്.

ബിസിനസ് വിജയിക്കുന്നത് മികച്ച ബന്ധങ്ങളിലൂടെയാണ് എന്ന് വിശ്വസിക്കുന്ന വിജുവിന്റെ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യത്തിന് കമ്പനിയുടെ നേട്ടങ്ങളിലുള്ള പങ്ക് ചെറുതല്ല.

'രാജ്യം ഏതായാലും ഗുണമേന്മ, കൃത്യ സമയത്തെ സപ്ലൈ, മികച്ച സര്‍വീസ് എന്നിവയാണ് ഞങ്ങളുടെ കമ്പനിയെ വേറിട്ടുനിര്‍ത്തുന്നത്. ഒരു പ്രൊഡക്റ്റില്‍ നിന്ന് തുടങ്ങി ഈ നിലയില്‍ എത്താന്‍ സിന്തൈറ്റിനെ സഹായിച്ച ഈ ഘടകങ്ങള്‍ക്ക് തന്നെയാണ് ഇന്നത്തെ ആഗോള വിപണിയിലും പ്രാധാന്യം.'

ആഗോള പെരുമയുള്ള ഒരു സ്ഥാപനം. കെട്ടുറപ്പുള്ള ഫാമിലി ബിസിനസ്, സി.വി ജേക്കബിന്റെയും ജോര്‍ജ് പോളിന്റെയും പിന്നാലെ മാനേജിംഗ് ഡയറക്റ്ററാകുമ്പോള്‍ എന്താണ് പ്രധാന വെല്ലുവിളിയായി മുന്നിലുള്ളത്?

എന്റെ ഉത്തരവാദിത്തങ്ങള്‍ പെട്ടെന്ന് മാറി എന്നൊന്നും ഞാന്‍ കരുതുന്നില്ല. ഞങ്ങളുടേത് എന്നും ടീം വര്‍ക്കായിരുന്നു, ഇനിയും അങ്ങനെ തന്നെ തുടരും. ഡാഡി, അജു, ജോര്‍ജ് പോള്‍, നൈനാന്‍ ഫിലിപ്പ്, മാണി വര്‍ഗീസ് എന്നിവരോടൊപ്പം ഞാനും ഈ കമ്പനിയുടെ മുഴുവന്‍ ജീവനക്കാരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. എല്ലാവര്‍ക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അതവര്‍ ഏറ്റവും മികവോടെ ചെയ്യുന്നു. ഒരു ഡയറക്റ്ററുടെ പോര്‍ട്ട്‌ഫോളിയോയിലും ഞാന്‍ ഇടപെടേണ്ടണ്ട കാര്യമില്ല, എല്ലാ റിപ്പോര്‍ട്ടുകളും എനിക്ക് ലഭിക്കും. എം.ഡിയായി ചുമതലയേറ്റതോടെ യാത്ര അല്‍പ്പം കുറച്ചതാണ് ആകെയുള്ള മാറ്റം. ഇപ്പോഴും മാര്‍ക്കറ്റിംഗാണ് എന്റെ മേഖല. ഒപ്പം, കൊച്ചിയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ ഞങ്ങളുടെ സംരംഭങ്ങളായ റമദയുടെയും റിവിയേറയുടെയും മേല്‍നോട്ടവും. പുതിയ ബ്ലെന്‍ഡുകള്‍ കണ്ടെത്തുന്നതും ഞാന്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരു കാര്യമാണ്. എപ്പോഴും എന്തും വ്യത്യസ്തമായി ചെയ്യാനാണ് എനിക്കിഷ്ടം. വേറൊരാള്‍ ചെയ്യുന്നത് ഞാന്‍ കോപ്പി ചെയ്യില്ല.

തൊഴില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാത്ത കമ്പനി എന്ന പേരാണ് സിന്തൈറ്റിന് എന്നുമുള്ളത്. പല മേഖലയിലുമുള്ള ജീവനക്കാരെ എങ്ങനെയാണ് മോട്ടിവേറ്റ് ചെയ്ത് കൂടെ നിര്‍ത്തുന്നത്?

ഇവിടെ പ്രൊമോട്ടര്‍മാര്‍, ജീവനക്കാര്‍ എന്ന വ്യത്യാസമില്ല എന്നത് തന്നെ പ്രധാന കാര്യം. ആര്‍ക്കും എന്ത് പ്രശ്‌നവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഡാഡി ആദ്യ കാലം മുതല്‍ ചെയ്തിരുന്നതും ഇത് തന്നെ. 'എന്ത് പറ്റി പിള്ളേരെ' എന്ന് ചോദിച്ച് സംസാരിച്ചാല്‍ തീരുന്ന അഭിപ്രായ വ്യത്യാസങ്ങളേ തൊഴിലാളികള്‍ക്കുള്ളു. വാക്ക് കൊടുത്താല്‍ അത് എന്തായാലും ഞങ്ങള്‍ നടത്തിയിരിക്കും എന്ന കാര്യത്തിലും അവര്‍ക്ക് സംശയമില്ല. നേട്ടങ്ങള്‍ അംഗീകരിക്കാനും ഒരുമിച്ച് ജോലി ചെയ്യാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മാനേജ്‌മെന്റ് കൂടെയുണ്ട് എന്നതല്ലേ ഏറ്റവും വലിയ മോട്ടിവേഷന്‍? ജീവനക്കാര്‍ക്ക് എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായ 'മൈ വോയ്‌സ്' ഇവിടത്തെ ഒരു പ്രത്യേകതയാണ്. എല്ലാ മാസവും ഒരു വെള്ളിയാഴ്ച വൈകുന്നേരം എല്ലാവരും ഒത്തുകൂടുന്നതും മുടക്കമില്ലാത്ത കാര്യമാണ്. ഇത് സിന്തൈറ്റ് കുടുംബമാണ് എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ട്.

എംഡിയായ ശേഷം നടപ്പിലാക്കിയ വ്യത്യസ്തമായ ഒരു കാര്യം എന്താണ്?

സി.ഇ.ഒ ഉള്‍പ്പടെ എല്ലാ സീനിയര്‍ ഉദ്യോഗസ്ഥരും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നൈറ്റ് ഡ്യുട്ടി ചെയ്യണം എന്ന തീരുമാനമെടുത്തിട്ടുണ്ട്. കാരണം, രാത്രി ജോലി ചെയ്യുന്നത് ചെറിയ കാര്യമല്ല. നമ്മുടെ ബോഡി ക്‌ളോക്കും സിസ്റ്റവും ആകെ മാറും. ആ സമയത്ത് എന്തെല്ലാം തീരുമാനങ്ങള്‍ എങ്ങനെയെല്ലാം എടുക്കും, നടപ്പിലാക്കും എന്ന കാര്യങ്ങള്‍ എല്ലാവരും മനസിലാക്കേണ്ടതാണ്. ഈ തൊഴിലാളികള്‍ നമുക്ക് വേണ്ടിയാണ് നമ്മള്‍ സുഖമായി ഉറങ്ങുന്ന സമയത്ത് കഷ്ടപ്പെടുന്നത് എന്നും അറിയണം. മറ്റുള്ളവരുടെ പരിശ്രമങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ഇത്തരം ചില കാര്യങ്ങള്‍ സഹായിക്കും.

ചൈനയില്‍ സ്വന്തമായി ഉല്‍പ്പാദന യൂണിറ്റ് തുടങ്ങിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് ഇവിടത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍?

നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമറിയാം എന്നതാണ് ചൈനയിലെ ഏറ്റവും വലിയ പ്രശ്‌നം! ഗുണമേന്മയുള്ള പാപ്രിക മുളകിന്റെ ലഭ്യതയാണ് സിന്‍സിയാങ് പ്രവിശ്യയില്‍ ഫാക്റ്ററി തുടങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. രണ്ടു വര്‍ഷം എല്ലാം കാര്യങ്ങളും നന്നായി നടന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം, പെട്ടെന്നൊരു സുപ്രഭാതത്തില്‍ ജോലി ചെയ്യാന്‍ വിദേശീയര്‍ പാടില്ല എന്നൊരു നിയമം നിലവില്‍ വന്നു. ഞങ്ങള്‍ക്കൊന്നും ഫാക്റ്ററിയില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന അവസ്ഥയായി. ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടി വന്നു. ഈ നിയമം നടപ്പില്‍ വരാത്ത മറ്റൊരു പ്രദേശത്തേക്ക് ലാബ് മാറ്റി. ഫാക്റ്ററിയില്‍ ചൈനക്കാരെ മാത്രം തൊഴിലാളികളാക്കി. ഉല്‍പ്പാദനം തടസ്സപ്പെട്ട വലിയൊരു പ്രതിസന്ധിഘട്ടമായിരുന്നു അത്.

എന്നാല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതില്‍ എന്റെ സഹോദരന്‍ അജു വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. മറ്റൊരു രാജ്യത്തും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നിട്ടും നമ്മുടെ സര്‍ക്കാരാകട്ടെ, ചൈനയില്‍ നിന്നുള്ള ബിസിനസുകള്‍ക്ക് എല്ലാ സഹായവും നല്‍കുകയും ചെയ്യും.

ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ മത്സരം നേരിടേണ്ടിവരുന്നതും ചൈനീസ് കമ്പനികളില്‍ നിന്നാണല്ലോ? സിന്തൈറ്റ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണോ?

ഞങ്ങളുടെ പ്രധാന എതിരാളിയും ചൈനീസ് കമ്പനി തന്നെ. ഏത് രംഗമായാലും വന്‍ തോതിലുള്ള ഉല്‍പ്പാദനമാണ് ചൈനയിലെ ബിസിനസിന്റെ പ്രത്യേകത. ഉദാഹരണത്തിന്, ഒരേക്കറില്‍ നിന്ന് ഞങ്ങള്‍ക്ക് 600 കിലോ മുളക് കിട്ടുമ്പോള്‍ അവര്‍ കൃഷി ചെയ്‌തെടുക്കുന്നത് 1600 കിലോയാണ്. അതുകൊണ്ട് വില എത്ര വേണമെങ്കിലും കുറയ്ക്കാന്‍ അവര്‍ക്ക് കഴിയും. മാത്രമല്ല, കൃഷിക്കാര്‍ക്കും ഉല്‍പ്പാദകര്‍ക്കും ലാഭം, വിപണിയില്‍ മികച്ച വിലയും കിട്ടും. ഞങ്ങള്‍ എത്ര ശ്രമിച്ചാലും അവരെ പോലെ വില കുറയ്ക്കാന്‍ കഴിയില്ല. ഫാക്റ്ററികളുടെ കാര്യത്തിലും ഇത് തന്നെയാണ് അവരുടെ സ്‌റ്റൈല്‍. ദിവസം 200 മെട്രിക് ടണ്‍ വരെയാകും ഉല്‍പ്പാദനം. നമ്മുടേത് അറുപതും. ഞങ്ങള്‍ ആറുമാസം കൊണ്ട് ചെയ്യുന്ന ജോലികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയും.

സര്‍ക്കാര്‍ പിന്തുണയും വളരെ വലുതാണ്. ഒട്ടേറെ സബ്‌സിഡികളും മറ്റ് സൗകര്യങ്ങളും അവര്‍ക്ക് ലഭിക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്. അത് ചൈനയിലെ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകും, കാരണം ഉല്‍പ്പന്നം എന്തായാലും അവരുടെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമൊക്കെ സിന്തൈറ്റ് ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നുണ്ടല്ലോ. കേരളത്തിലെ കൃഷി രംഗത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ്?

സുഗന്ധവ്യഞ്ജനങ്ങളുടെ നാടാണ് കേരളം എന്നതൊക്കെ പഴയ കഥ. ഇപ്പോള്‍ കുരുമുളക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മാംഗ്ലൂരിലും കൂര്‍ഗിലുമാണ്. വിദേശത്താണെങ്കില്‍ വിയറ്റ്‌നാമിലും. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന സ്‌പൈസസിന്റെ 92 ശതമാനവും ഇവിടെ തന്നെയാണ് ഉപയോഗിക്കുന്നത്. നമ്മുടെ കാര്‍ഷികരംഗത്തിന് ആവശ്യമായ പിന്തുണ ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം. എല്ലാവര്‍ക്കും ഐ.റ്റി കമ്പനികള്‍ മതി, എസി മുറികളില്‍ ജോലി ചെയ്താല്‍ മതി. കേരളത്തില്‍ കൃഷിക്ക് ആവശ്യമായ സ്ഥലത്തിന്റെ പോരായ്മയുമുണ്ട്. കൃഷിത്തകര്‍ച്ച പൂര്‍ണമായും ഒഴിവാക്കാന്‍ പലരും ഇടവിളയായിട്ടാണ് സ്‌പൈസസ് കൃഷി ചെയ്യുന്നത്.

ഒരേക്കറില്‍ കുറച്ച് കുരുമുളക്, കുറച്ച് ഇഞ്ചി... സത്യത്തില്‍, കേരളത്തില്‍ എത്രയിനം ഇഞ്ചിയാണ് കൃഷി ചെയ്യുന്നതെന്നറിയാമോ? ഇതൊന്നും പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ മികച്ചതാക്കാനും ഒരു സര്‍വകലാശാലയോ സര്‍ക്കാര്‍ ഏജന്‍സിയോ മുന്നോട്ടു വരുന്നില്ല. ഇപ്പോഴും കൃഷിക്കാര്‍ക്ക് പരിശീലനവും മികച്ച കൃഷിരീതിയെയും വിത്തിനങ്ങളെയും കുറിച്ചുള്ള ക്ലാസുകളുമൊക്കെ ഞങ്ങള്‍ക്ക് കൊടുക്കേണ്ടി വരുന്നു.

അടയ്ക്കാമരത്തില്‍ കുരുമുളക് പടര്‍ത്തുന്നതുപോലെയുള്ള നമ്മുടെ കൃഷി രീതികള്‍ മാറ്റേണ്ട സമയമായി. വിയറ്റ്‌നാമില്‍ ഏക്കര്‍ കണക്കിനാണ് കുരുമുളക് കൃഷി ചെയ്യുന്നത്. പാവല്‍ പോലെ കയ്യെത്തുന്ന ഉയരത്തില്‍. വിളവെടുക്കാനും കീടനാശിനി തളിക്കാനും എളുപ്പം, കൂലിയും കുറവ് മതി. ഇവിടെ അടയ്ക്കാമരത്തില്‍ കയറിപ്പോയ കുരുമുളക് പറിക്കാന്‍ ആളെ കിട്ടുമോ? അതെല്ലാം വെറുതെ കൊഴിഞ്ഞു പോകും.

കീടനാശിനി നിയന്ത്രണത്തിന്റെ കാര്യത്തിലും കേരളം പുറകിലാണല്ലോ?

എല്ലാ രാജ്യങ്ങളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരികയാണ്. അനുവദിക്കാവുന്ന കീടനാശിനിയുടെ അംശം പോലും വളരെ കര്‍ക്കശമായി കുറച്ചിട്ടുണ്ട് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം. ജാതിക്കയിലും മുളകിലുമെല്ലാം ചില രാസവസ്തുക്കളുണ്ട്. ഇവ സാധാരണഗതിയില്‍ പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍, കീടനാശിനികളുമായി ചേരുമ്പോള്‍ ഇവ ആരോഗ്യത്തിന് ഹാനികരമാകും. ഇത്തരം കാര്യങ്ങള്‍ പല കര്‍ഷകര്‍ക്കും അറിയില്ല. ഞങ്ങള്‍ കോണ്‍ട്രാക്റ്റ് ഫാമിംഗില്‍ മികച്ച കൃഷിരീതികള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബിസിനസില്‍ മുന്നേറാന്‍ സഹായിച്ച ഒരു പ്രധാന സ്വഭാവ വിശേഷം എന്താണ്?

ഒരു കാര്യവും എനിക്ക് സാധിക്കില്ല എന്ന് കരുതി മാറ്റിവച്ചിട്ടില്ല. ഹോട്ടല്‍ ബിസിനസിനെ കുറിച്ച് ഒന്നുമറിയാത്ത സമയത്താണ് ഞാന്‍ റിവിയേറയുടെയും റമദയുടെയും ചുമതല ഏറ്റെടുക്കുന്നത്. മുംബൈയിലെ ഒരു പ്രമുഖ ഹോട്ടല്‍ മേധാവിയായ എന്റെ സുഹൃത്തിന്റെ കൂടെയിരുന്ന് ഓരോ കാര്യങ്ങളും കണ്ട് മനസിലാക്കി, ധാരാളം വായിച്ചു. കഷ്ടപ്പെട്ടുതന്നെയാണ് ആ രംഗത്തെക്കുറിച്ച് പഠിച്ചതും പുതിയ കാര്യങ്ങള്‍ ചെയ്തതും. ഇന്ന് രണ്ട് സ്ഥാപനവും ലാഭത്തിലാണ്. റമദയില്‍ മുറികളുടെ എണ്ണം വര്‍ധിപ്പിച്ച് 58 ആക്കിയതും സീഫുഡ് റെസ്‌റ്റൊറന്റ് ആരംഭിച്ചതും മികച്ച മാറ്റങ്ങളായിരുന്നു. വളരെ ലാഭകരമായിരുന്ന റമദയിലെ ഡിജെ നൈറ്റ് നിര്‍ത്തിയത് കുട്ടികള്‍ വഴിതെറ്റുമോ എന്ന ആശങ്കയിലാണ്. ആ തീരുമാനം എനിക്ക് പിന്നീട് വലിയ നേട്ടങ്ങള്‍ നല്‍കി എന്നതാണ് സത്യം.

2000ല്‍ വ്യത്യസ്തമായ ബ്ലെന്‍ഡുകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും എന്റെ കാഴ്ചപ്പാട് ഇതുതന്നെയായിരുന്നു. ബ്ലെന്‍ഡുകള്‍ വിജയിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ വിശ്വാസമുണ്ടായിരുന്നില്ല. ഓരോ ബ്ലെന്‍ഡും എങ്ങനെയായിരിക്കുമെന്ന് ഓരോ കസ്റ്റമറെയും നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിയാണ് ബിസിനസ് നേടിയത്, ആ ഇനത്തില്‍ നാലരക്കോടി ആയിരുന്ന ടേണോവര്‍ 2012ല്‍ 120 കോടിയായി, ഇപ്പോഴിത് 320 കോടിയാണ്.

2020ലേക്ക് എന്താണ് സിന്തൈറ്റിനായി കാണുന്ന വിഷന്‍?

പുതിയ ഉല്‍പ്പന്നങ്ങള്‍, പുതിയ വിപണികള്‍... കിച്ചന്‍ ട്രഷേഴ്‌സ് വഴിആഭ്യന്തരവിപണിയിലുമുണ്ട് (ബി റ്റൂ സി) സിന്തൈറ്റ്. ആ രംഗത്ത് ഇപ്പോള്‍ നിക്ഷേപത്തിന്റെ കാലമാണ്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ അത് കൂടുതല്‍ വിപുലമാക്കും. സ്പ്രിഗ് എന്ന പേരില്‍ ഇപ്പോള്‍ ഗ്രീന്‍ ടീ, വാനില എന്നിവയുടെ എക്‌സ്ട്രാക്റ്റും വിപണിയിലുണ്ട്. കളറുകള്‍ക്ക് വേണ്ടി മാത്രമായി അമേരിക്കയില്‍ ഉടന്‍ പുതിയൊരു യൂണിറ്റ് തുടങ്ങുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് ബ്രസീലില്‍ ആരംഭിച്ച ഫാക്റ്ററിയും മികച്ച രീതിയില്‍ നടക്കുന്നു. കഴിഞ്ഞ വര്‍ഷം 1300 കോടിയായിരുന്നു ഗ്രൂപ്പിന്റെ വിറ്റുവരവ്. ഈ വര്‍ഷം 1600 ആകും എന്നാണ് പ്രതീക്ഷ. 2020ല്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നത് 3000 കോടിയുടെ വിറ്റുവരവാണ്.

ചില ഏറ്റെടുക്കലുകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഓഹരിവിപണിയിലേക്ക് ഉടനില്ല. സ്‌പൈസസ് എന്തായാലും അതില്‍ നിന്നുള്ള എല്ലാ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന കമ്പനി എന്ന പേരിലാണ് സിന്തൈറ്റ് ലോകമൊട്ടാകെ എന്നും അറിയപ്പെടേണ്ടത്.

 

Similar News