മികച്ച ജീവനക്കാര്‍ സംരംഭവിജയത്തിന് അത്യാവശ്യം; റിക്രൂട്ട്‌മെന്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update:2019-09-27 08:25 IST

നിരവധി സംരംഭകരും എച്ച് ആര്‍ മാനേജര്‍മാരും അല്‍പ്പം കുറ്റബോധത്തോടെ തന്നെ എന്നോട് ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്: ''അയാളുടെ നിയമനത്തില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി; ഞങ്ങളുടെ സംരംഭമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായി അയാള്‍ക്ക് യോജിച്ചു പോകാന്‍ പറ്റുന്നില്ല. അയാളെ എങ്ങിനെ പറഞ്ഞു വിടും എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം''. മറ്റ് ചിലര്‍ എന്നോട് ചോദിക്കാറുണ്ട്, ''എന്റെ ബിസിനസിനു തികച്ചും അനുയോജ്യനായ ഒരു ജീവനക്കാരനെ അല്ലെങ്കില്‍ മാനേജറെ എങ്ങനെ തെരഞ്ഞെടുക്കും?''. ശരിയാണ്, പഴമക്കാര്‍ പറയുന്ന പോലെ ചക്കയല്ലല്ലോ തുരന്നു നോക്കാന്‍, ഇത് മാനവ വിഭവ ശേഷിയല്ലേ?

നിയമനങ്ങള്‍ പല തൊഴിലുടമകളുടെയും പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. സ്ഥാപനത്തിന്റെ ഉന്നമനത്തിനായി സ്വന്തം കഴിവുകളെ ഉപയോഗിക്കാത്ത അലസരും ആത്മാര്‍ത്ഥയില്ലാത്തവരുമായ ഒരാളെ നിയമിക്കുന്നതിലൂടെ മറ്റുള്ള ജീവനക്കാരിലേക്കും ഈ പുഴുക്കുത്തു പകരാനിടയാകുന്നു. നിയമിക്കപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മറ്റു ജോലികളിലേക്ക് ചേക്കേറുന്നു എന്നതും ദുഃഖകരമായ മറ്റൊരു സത്യമാണ്. സെയ്ല്‍സ് മേഖലയിലെ കൊഴിഞ്ഞു പോക്ക് ചില മേഖലകളില്‍ 50 ശതമാനത്തോളമാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്. പകുതിയിലധികം ജീവനക്കാര്‍ കൊഴിഞ്ഞു പോകുമ്പോള്‍ തൊഴിലിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. മറ്റു ചിലയിടങ്ങളിലാകട്ടെ നാലില്‍ ഒന്നു പേരും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റു ചില്ലകളിലേക്ക് മാറുന്നു.

തിടുക്കം പാടില്ല

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ജീവനക്കാരന് നിങ്ങളുടെ സംരംഭം വളര്‍ത്താനും തളര്‍ത്താനും കഴിയുമെന്നോര്‍ക്കുക. അതുകൊണ്ടു തന്നെ ധൃതി പിടിച്ചു പെട്ടെന്ന് കാണുന്ന ഒരാള്‍ക്ക് നിയമന ഉത്തരവ് കൈമാറുമ്പോള്‍ ദൂരവ്യാപകമായ തിക്തഫലങ്ങള്‍ ഉണ്ടായേക്കാം. കാര്യശേഷിയും ഉത്തരവാദിത്വ ബോധവുമില്ലാത്ത വ്യക്തി ഒരു ചെറിയ സംരംഭത്തിന് വലിയ ബാദ്ധ്യതയായി മാറിയേക്കാം. അതുകൊണ്ട് നിയമനങ്ങള്‍ സമയമെടുത്ത്, കൃത്യമായ ലക്ഷ്യബോധത്തോടെ നടത്തേണ്ടവയാണ്. ആദ്യം തന്നെ നിങ്ങള്‍ തിരയുന്ന ജോലിക്കാരില്‍ എന്തൊക്കെ കഴിവുകള്‍ ഉണ്ടാവണമെന്ന് തിട്ടപ്പെടുത്തുക.

1. എതു തരത്തിലുള്ള വ്യക്തിയെയാണ് നിങ്ങളുടെ സംരംഭം ആവശ്യപ്പെടുന്നത്?

2. അയാളുടെ വിദ്യാഭ്യാസവും പ്രവര്‍ത്തന പരിചയവും എങ്ങനെ നിയമനത്തെ സ്വാധീനിക്കണം?

തസ്തികയും ഉദ്യോഗാര്‍ത്ഥി ആരോടാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും ആദ്യം തന്നെ തീരുമാനിക്കുക. അടുത്തതായി ജോലിയുമായി ബന്ധപ്പെട്ട് അയാള്‍ ചെയ്യേണ്ടതായ ചെറുതും വലുതുമായ കാര്യങ്ങള്‍ എഴുതി തയാറാക്കുക. ജീവനക്കാരനില്‍ നിന്ന് നിങ്ങള്‍ ജോലി സംബന്ധമായി പ്രതീക്ഷിക്കുന്നതെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഒരു പരസ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇത് ഉപയോഗിച്ച് ആകര്‍ഷകവും അതേസമയം യാഥാര്‍ഥ്യബോധത്തോടുകൂടിയതുമായ പരസ്യം തയാറാക്കാം.

എച്ച് ആര്‍ വിഭാഗത്തിനുള്ളില്‍ പ്രചാരത്തിലുള്ള ഒരു തമാശയുണ്ട് 'കമ്പനികളുടെയെല്ലാം ആവശ്യം അന്‍പത് വയസിന്റെ വിവേകവും, നാല്‍പത് വയസിന്റെ പ്രവൃത്തി പരിചയവും, മുപ്പതുകാരന്റെ ആര്‍ജ്ജവവും ഉള്ള ജീവനക്കാരനെയാണ്. എന്നാല്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് ഇരുപതുകാരന്റെ തുടക്ക ശമ്പളവും'. കപ്പലണ്ടി കൊടുത്താല്‍ കുരങ്ങനെയല്ലേ കിട്ടൂ എന്ന ചൊല്ല് നിങ്ങള്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു കരുതുന്നു.

മാധ്യമങ്ങള്‍ നിരവധി

നിങ്ങളുടെ മനസിലുള്ള ജീവനക്കാരനിലേക്കു നിങ്ങളെ എത്തിക്കുന്ന വിവിധ സഹായികളുണ്ട്. പത്ര പരസ്യങ്ങള്‍, വോക് ഇന്‍ ഇന്റര്‍വ്യൂകള്‍, ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍, നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ കോണ്‍ടാക്റ്റുകള്‍, കോളെജുകളുടെ പ്ലേസ്‌മെന്റ് സെല്ലുകള്‍, നിങ്ങളുടെ വെബ്‌സൈറ്റിലെ കരിയര്‍ പരസ്യങ്ങള്‍, ഇതിനു പുറമേ ലിങ്ക്ഡ് ഇന്‍, ഫേസ്ബുക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍, നിലവിലെ ജീവനക്കാരുടെ പരിചയക്കാര്‍ എന്നിങ്ങനെ ലക്ഷ്യത്തിലേക്കു വഴികാട്ടുന്ന നിരവധി ചൂണ്ടു പലകകള്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ട്. ഇനി പരസ്യം ആണ് കൊടുക്കുന്നതെങ്കില്‍ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ കൊടുക്കുന്ന പരസ്യത്തിന്റെ കൃത്യതയാണ്. അനാവശ്യ അപേക്ഷകരെ ഒഴിവാക്കാന്‍ വ്യക്തതയുള്ള പരസ്യങ്ങള്‍ക്കാകും.

സുപ്രധാനമായ ഒരു തസ്തികയിലേക്ക് നിയമനം നടത്തുമ്പോള്‍ വോക് ഇന്‍ ഇന്റര്‍വ്യൂകളെ മാത്രം ആശ്രയിക്കരുത്. ഒരു കീ പോസ്റ്റില്‍ നിയമിക്കപ്പെടുന്ന ആളിനെ ചുരുങ്ങിയത് രണ്ടു തവണയെങ്കിലുമുള്ള കൂടികാഴ്ചയിലൂടെയാണ് തെരഞ്ഞെടുക്കേണ്ടത്.

വലിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ മുന്‍പേ തന്നെ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിച്ചു ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വത്തേയും മനോഭാവത്തേയും തൊഴില്‍ നൈപുണ്യങ്ങളേയുംകുറിച്ചുള്ള ഒരു വിശകലനം നടത്തുന്നത് അത്യന്താപേക്ഷിതമാണ്. ഉദ്യോഗാര്‍ത്ഥിയുടെ ഫേസ് ബുക്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യവും കോണ്‍ടാക്റ്റുകളും പരിശോധിക്കുന്നത് ഇത്തരമൊരു വിലയിരുത്തലിന് നിങ്ങളെ സഹായിക്കും. ഉദ്യോഗാര്‍ത്ഥികളുമായുള്ള തുടര്‍ച്ചയായ അഭിമുഖങ്ങള്‍ നിങ്ങളെ ചിന്താകുഴപ്പത്തിലാക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഒരാളെ മൂന്നും നാലും തവണ ഇന്റര്‍വ്യൂ ചെയ്യേണ്ട കാര്യമില്ല. കണിശമായ ചോദ്യങ്ങള്‍ സമയം പാഴാക്കാതെ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കും.

ലേഖകന്‍: ഷമീം റഫീഖ് കോര്‍പറേറ്റ് ട്രെയ്‌നര്‍ & ബിസിനസ് കോച്ച് - www.winnerinyou.in, shamimrafeek@gmail.com { 2016 സെപ്റ്റംബറില്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനം}

Similar News