ആൻ മകോസിൻസ്‌കി: ശാസ്ത്രം പഠിക്കാത്ത ശാസ്ത്ര സംരംഭക

Update:2019-01-28 16:45 IST

സാങ്കേതിക വിദഗ്ധ, ഇൻവെന്റർ, സംരംഭക, പ്രാസംഗിക, വ്‌ളോഗർ, ഫിലിം എഡിറ്റർ, വിദ്യാർത്ഥി….21 വയസിനുള്ളിൽ ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്നതിലധികം നേട്ടങ്ങളാണ് കാനഡ സ്വദേശിയായ ആൻ മകോസിൻസ്‌കി കൈവരിച്ചിരിക്കുന്നത്.

ഇതിനകം ഗൂഗിൾ, ഇന്റൽ തുടങ്ങിയ വൻകിട കമ്പനികളുടെ നിരവധി അംഗീകാരങ്ങളും ആനിനെ തേടിവന്നു. 30 യുവ പ്രതിഭകളുടെ ഫോബ്‌സ് പട്ടികയിലും അവർ സ്ഥാനം നേടിയിരുന്നു.

ആനിന് പതിനഞ്ച് വയസുള്ളപ്പോൾ ഫിലിപ്പൈനിലുള്ള തന്റെ ബന്ധു നിരന്തരമുള്ള പവർകട്ടുമൂലം പഠിക്കാൻ ബുദ്ധിമുട്ടുന്നത് അവളുടെ ശ്രദ്ധയിപ്പെട്ടു. ആ കുട്ടിയെ സഹായിക്കാനായി ബാറ്ററിയില്ലാതെ കൈയിലെ ചൂടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഫ്ലാഷ് ലൈറ്റ് ആൻ കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തം ലോകശ്രദ്ധ നേടിയതോടെ ആനിന്റെ ജീവിതം മാറിമറിഞ്ഞു.

അതിനു ശേഷം ഇത്തരം നിരവധി കണ്ടുപിടിത്തങ്ങൾ ആൻ നടത്തിയിട്ടുണ്ട്. അവയുടെ പേറ്റന്റിനായി അപേക്ഷ നൽകിയിരിക്കുകയാണ്. ആനിന്റെ ഏറ്റവും പുതിയ ഇന്നവേഷൻ ഇ-ഡ്രിങ്ക് എന്ന മഗ് ആണ്. ഒരു പാനീയത്തിൽ ആവശ്യത്തിലധികമുള്ള ചൂട് വൈദ്യുതിയാക്കി മാറ്റുകയാണ് ഈ മഗ് ചെയ്യുന്നത്.

മാകോട്രോണിക്സ് എന്ന കമ്പനിയുടെ സ്ഥാപകയാണിപ്പോൾ ആൻ. തന്റെ കമ്പനിയുടെ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നതിനൊപ്പം ഇംഗ്ലീഷ് സാഹിത്യ പഠനത്തിലും ആൻ ശ്രദ്ധ പുലർത്തുന്നുണ്ട്.

ഇത്രയോക്കെയാണെങ്കിലും ആനിന്‌ സയൻസ് പഠിക്കാൻ പേടിയാണ്. മാർക്ക് ലഭിക്കില്ലെന്നത് തന്നെ കാരണം. അതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യം തെരഞ്ഞെടുത്തത്.

വെറും ഉപഭോക്താക്കളായി മാറുന്നതിന് പകരം, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വസ്തുക്കൾ കുറച്ചൊക്കെ സ്വയം നിർമ്മിക്കാൻ ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് ആനിന്റെ ലക്ഷ്യം.

ചെറുപ്പക്കാരോട് ആനിന് പറയാനുള്ളത്

  • റിസ്‌ക് എടുക്കണം. പക്ഷെ കരുതലോടെ.
  • ഓരോ ദിവസവും നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കണം
  • സമയം പാഴാക്കരുത്, അത് തിരിച്ചുകിട്ടില്ല. അടുത്ത ദിവസം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ രാത്രി എഴുതി വെച്ചിട്ട് വേണം കിടന്നുറങ്ങാൻ.
  • മറ്റുള്ളവരുടെ സ്വപ്നങ്ങളിലല്ല, സ്വന്തം സ്വപ്നങ്ങളിൽ വേണം ജീവിക്കാൻ
  • മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ താല്പര്യം കണ്ടെത്തണം
  • സയൻസും ആർട്സും വേർതിരിച്ചു നിർത്തേണ്ടവയല്ല. അവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിലാണ് നമ്മുടെ വിജയം.

Similar News